സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ: കാത്തിരിക്കാം എൽ ക്ലാസിക്കോയ്ക്ക്

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബാഴ്സലോണയും റയൽ മാഡ്രിഡും ഏറ്റുമുട്ടും
Real Madrid vs Barcelona - El Clasico
Real Madrid vs Barcelona - El ClasicoFile photo

റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടം എല്‍ ക്ലാസിക്കോ. ഫൈനലില്‍ സ്പാനിഷ് അതികായരായ റയല്‍ മാഡ്രിഡും നിലവിലെ ചാംപ്യന്മാരായ ബാഴ്സലോണ എഫ്സിയും ഏറ്റുമുട്ടും. ഞായറാഴ്ച പുലർച്ചെയാണ് ഫൈനല്‍. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവര്‍ത്തനമാണ് ഇത്തവണയും. ബാഴ്സലോണയെ വീഴ്ത്തി കണക്കു തീര്‍ക്കുകയാണ് റയലിന്‍റെ ലക്ഷ്യം.

ബാഴ്സ 15ാം സൂപ്പര്‍ കപ്പാണ് ലക്ഷ്യം വയ്ക്കുന്നത്. രണ്ടാം സെമിയില്‍ ഒസാസുനക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയാണ് ബാഴ്സലോണ ഫൈനലുറപ്പിച്ചത്. റോബര്‍ട്ട് ലെവന്‍ഡോസ്കി, ലമിന്‍ യമാല്‍ എന്നിവര്‍ ബാഴ്സലോണയ്ക്കായി ഗോളുകള്‍ നേടി. ആദ്യ സെമിയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ 5 -3 ന് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് ഫൈനലില്‍ സ്ഥാനം പിടിച്ചത്.

അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന ഫോര്‍മേഷനിലാണ് ബാഴ്സലോണ കളത്തില്‍ ഇറങ്ങിയത്. അതേസമയം മറുഭാഗത്ത് 5-3-2 എന്ന ശൈലിയും ആയിരുന്നു ഒസാസുന പിന്തുടര്‍ന്നത്. മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ബാഴ്സലോണ പൊസഷനില്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോളുകള്‍ ഒന്നും നേടാന്‍ സാധിച്ചില്ല.

ഒസാസുന ഗോള്‍കീപ്പര്‍ സെര്‍ജിയോ ഹെരേര ലെവന്‍ഡോവ്സ്കിയുടെ രണ്ട് അര്‍ദ്ധാവസരങ്ങല്‍ തടയുകയും ചെയ്തു. 59-ാം മിനിറ്റില്‍ മാത്രമാണ് ബാഴ്സയ്ക്ക് ജീവന്‍ വെച്ചത്.ഇല്‍കെ ഗുണ്ടോഗന്‍ കൊടുത്ത ത്രൂ-ബോളില്‍ ലെവന്‍ഡോവ്സ്കി ക്ലോസ് റേഞ്ചില്‍ നിന്ന് സ്കോര്‍ ചെയ്തു. കൗണ്ടര്‍ അറ്റാക്ക് ആരംഭിക്കുന്നതിന് മുമ്പ് ബാഴ്സലോണ ഡിഫന്‍ഡര്‍ ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സന്‍ ജോസ് അര്‍നൈസിനെ ഫൗള്‍ ചെയ്തതായി ഒസാസുന കളിക്കാര്‍ റഫറിയോട് പരാതിപ്പെട്ടു, എന്നാല്‍ വാര്‍ പരിശോധന ഗോള്‍ സ്ഥിരീകരിച്ചു.

ലെവന്‍ഡോവ്സ്കിയുടെ ഗോളിന് ശേഷം സാവി ജോവോ ഫെലിക്സിനെ ഇറക്കി. പോര്‍ച്ചുഗീസ് താരത്തിന്‍റെ വരവ് ബാഴ്സയുടെ മുന്നേറ്റത്തിന് ഉത്തേജനം നല്‍കി.ഒസാസുന ഗോള്‍കീപ്പര്‍ ഹെരേരയെ രണ്ട് മികച്ച സേവുകള്‍ നടത്തി ഗോളുകള്‍ വീഴുന്നതില്‍ നിന്നും അവരെ രക്ഷിച്ചു. ഇഞ്ചുറി ടൈമില്‍ ജോവോ ഫെലിക്സിന്‍റെ അസ്സിസ്റ്റില്‍ നിന്നും ലാമിന്‍ യമല്‍ ബാഴ്സയുടെ രണ്ടാം ഗോള്‍ നേടി. ഒസാസുനയ്ക്കെതിരായ ബാഴ്സലോണയുടേത് സെപ്റ്റംബറിന് ശേഷം ഒരു ഗോളില്‍ കൂടുതല്‍ നേടിയ ആദ്യ വിജയമായിരുന്നു.

മത്സരത്തില്‍ 20 ഷോട്ടുകളാണ് സാവിയും കൂട്ടരും എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. മത്സരത്തില്‍ 62% പന്ത് കൈവശം വെച്ച ബാഴ്സലോണയാണ് മത്സരത്തില്‍ ഭൂരിഭാഗവും മുന്നില്‍ നിന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com