
ഒലി പോപ്പ്, ജേക്കബ് ബഥേൽ പരിശീലനത്തിനിടെ
ലീഡ്സ്: ഇന്ത്യക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവൻ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. മൂന്നാം നമ്പറിൽ ജേക്കബ് ബഥേലിനു പകരം ഒലി പോപ്പ് തിരിച്ചെത്തുന്നതാണ് പ്രധാന മാറ്റം. പരുക്കിൽനിന്നു മുക്തനായ ക്രിസ് വോക്സ് പേസ് ബൗളിങ് ആക്രമണം നയിക്കും. ഷോയിബ് ബഷീർ ആയിരിക്കും ടീമിലെ ഏക സ്പെഷ്യലിസ്റ്റ് സ്പിന്നർ.
കഴിഞ്ഞ വർഷത്തെ മോശം ഫോം കാരണമാണ് ഇംഗ്ലണ്ടിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഒലി പോപ്പിന്‍റെ ടീമിലെ സ്ഥാനം സംശയത്തിലായത്. ന്യൂസിലൻഡിൽ ജേക്കബ് ബഥേൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്തതോടെ പോപ്പിനു പകരം യുവതാരത്തെ കളിപ്പിക്കണമെന്ന അഭിപ്രായം ശക്തമായിരുന്നു.
ജാമി സ്മിത്തിന്‍റെയും ജോർഡൻ കോക്സിന്‍റെയും അഭാവത്തിൽ ഒലി പോപ്പ് വിക്കറ്റ് കീപ്പറാവുകയും ആറാം നമ്പറിൽ ഇറങ്ങുകയും ചെയ്തതോടെയാണ് ന്യൂസിലൻഡിൽ ബഥേൽ മൂന്നാം നമ്പറിലിറങ്ങിയത്. അവിടെ മൂന്ന് അർധ സെഞ്ചുറികളും നേടിയിരുന്നു.
ഇന്ത്യക്കെതിരേ, വോക്സിനൊപ്പം ബ്രൈഡൻ കാർസ് ആയിരിക്കും ന്യൂബോൾ കൈകാര്യം ചെയ്യുക. ജോഷ് ടങ് മൂന്നാം പേസറാകും. കൂടാതെ പേസ് ബൗളിങ് ഓൾറൗണ്ടറായി ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമുണ്ട്.
ടീം ഇങ്ങനെ:
സാക്ക് ക്രോളി
ബെൻ ഡക്കറ്റ്
ഒലി പോപ്പ്
ജോ റൂട്ട്
ഹാരി ബ്രൂക്ക്
ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ)
ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ)
ക്രിസ് വോക്സ്
ബ്രൈഡൻ കാർസ്
ജോഷ് ടങ്
ഷോയിബ് ബഷീർ