ജോഫ്ര ആർച്ചറെ തിരിച്ചുവിളിച്ചു; ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമായി

ക്രിസ് വോക്സിനെ ഒഴിവാക്കിയതാണ് അപ്രതീക്ഷിത തീരുമാനം. ഇന്ത്യക്കെതിരേ ടെസ്റ്റ് പരമ്പരയിൽ തിളങ്ങിയ ടോം ഹാർട്ട്ലി ടീമിലെ പുതുമുഖം
ജോഫ്ര ആർച്ചറെ തിരിച്ചുവിളിച്ചു; ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമായി
ജോഫ്ര ആർച്ചർ, ക്രിസ് വോക്ക്സ്.File

ലണ്ടൻ: ജൂണിൽ ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്‍റെ പതിനഞ്ചംഗ ടീം പ്രഖ്യാപിച്ചു. പേസ് ബൗളിങ് ഓൾറൗണ്ടർ ക്രിസ് വോക്സിനെ പുറത്താക്കിയതാണ് ഏറ്റവും അപ്രതീക്ഷിതമായ തീരുമാനം. പരുക്കു കാരണം ഒരു വർഷമായി കളിക്കളത്തിൽനിന്നു വിട്ടുനിൽക്കുന്ന ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചറെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.

ജാമി ഓവർട്ടണു പരുക്കായതിനാൽ പകരം ക്രിസ് ജോർഡനെയും ടീമിലേക്കു തിരിച്ചുവിളിച്ചു. ലെഗ് സ്പിന്നർ ആദിൽ റഷീദ് ആയിരിക്കും പ്രധാന സ്പിന്നർ. ബാക്കപ്പ് ആയി ഓഫ് സ്പിന്നർ ടോം ഹാർട്ട്ലിയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 22 വിക്കറ്റ് നേടിയ ഹാർട്ട്ലി ഇതുവരെ അന്താരാഷ്ട്ര ടി20 മത്സരം കളിച്ചിട്ടില്ല. ലെഗ് സ്പിന്നർ രെഹാൻ അഹമ്മദിന് ടീമിൽ ഇടം കിട്ടിയില്ല.

2019ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും 2022ലെ ടി20 ലോകകപ്പ് നേട്ടത്തിലും ഇംഗ്ലണ്ടിനു വേണ്ടി നിർണായക പ്രകടനം നടത്തിയ പേസ് ബൗളറായിരുന്നു ക്രിസ് വോക്ക്സ്. ലോകകപ്പ് കളിക്കാനില്ലെന്നു നേരത്തെ പ്രഖ്യാപിച്ച ടെസ്റ്റ് ബെൻ സ്റ്റോക്സിനൊപ്പം വോക്ക്സും വഴി മാറുമ്പോൾ ഇംഗ്ലണ്ടിന്‍റെ പരിമിത ഓവർ ക്രിക്കറ്റിലെ ഒരു യുഗമാണ് അവസാനിക്കുന്നത്. ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ടീമിലുള്ള വോക്ക്സിന് സീസണിൽ ഇതുവരെ കളിക്കാൻ അവസരം ലഭിച്ചിട്ടില്ല.

വിക്കറ്റ് കീപ്പർ ബാറ്റർ ജോസ് ബട്ട്ലർ തന്നെയായിരിക്കും ടീമിനെ നയിക്കുക. ഐപിഎല്ലിൽ തിളങ്ങുന്ന വിൽ ജാക്ക്സ്, ജോണി ബെയർസ്റ്റോ എന്നിവരും ടീമിലുണ്ട്. മൊയീൻ അലിയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റൻ.

ടീം ഇങ്ങനെ: ജോസ് ബട്ട്ലർ (ക്യാപ്റ്റൻ), ഫിൽ സോൾട്ട്, വിൽ ജാക്ക്സ്, ജോണി ബെയർസ്റ്റോ, ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൺ, മൊയീൻ അലി (വൈസ് ക്യാപ്റ്റൻ), സാം കറൻ, ക്രിസ് ജോർഡൻ, ടോം ഹാർട്ട്ലി, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, റീസ് ടോപ്പ്ലി.

Trending

No stories found.

Latest News

No stories found.