

ജോഫ്രാ ആർച്ചർ
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ആദ‍്യ ദിനം പൂർത്തിയാവുമ്പോൾ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിൽ. 9 വിക്കറ്റ് നഷ്ടത്തിൽ 325 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. 135 റൺസുമായി ജോ റൂട്ടും 32 റൺസുമായി ജോഫ്രാ ആർച്ചറുമാണ് ക്രീസിൽ.
അവസാന വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട് . ഓസ്ട്രേലിയക്കു വേണ്ടി മിച്ചൽ സ്റ്റാർക്ക് ആറും മൈക്കൽ നെസർ, സ്കോട്ട് ബോലൻഡ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ജോ റൂട്ടിനു പുറമെ ഓപ്പണിങ് ബാറ്റർ സാക് ക്രോളിക്കു മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അർധസെഞ്ചുറി നേടാനായത്. 93 പന്തിൽ 11 ബൗണ്ടറി ഉൾപ്പടെ 76 റൺസാണ് താരം നേടിയത്. ബെൻ ഡക്കറ്റ് (0), ഒല്ലി പോപ്പ് (0), ജാമി സ്മിത്ത് (0) എന്നിവർ നിരാശപ്പെടുത്തി. മാർക്ക് വുഡിനു പകരം രണ്ടാം ടെസ്റ്റിൽ ടീമിലെത്തിയ വിൽ ജാക്സിന് തിളങ്ങാനായില്ല.
31 പന്തുകൾ നേരിട്ട താരം 19 റൺസെടുത്ത് പുറത്തായി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. ടീം സ്കോർ 5 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ ക്രോളി- റൂട്ട് സഖ‍്യം 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ക്രോളിയെ മടക്കികൊണ്ട് മൈക്കൽ നെസർ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ പ്രതിരോധത്തിലായ ടീമിന് നാലാം വിക്കറ്റിൽ ജോ റൂട്ട്- ഹാരി ബ്രൂക്ക് സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ട് പ്രതീക്ഷ നൽകി.
എന്നാൽ അധികം വൈകാതെ തന്നെ ഹാരി ബ്രൂക്കും മടങ്ങി. ഉടനെ തന്നെ ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സ് റണ്ണൗട്ടാവുകയും ചെയ്തതോടെ ടീമിനു 211 റൺസ് സ്കോർ ചേർക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ വിൽ ജാക്സ് (19), ഗുസ് അറ്റ്കിൻസൺ (4), ബ്രൈഡൻ കാർസെ (0) എന്നിവർക്ക് കാര‍്യമായ സംഭാവനകൾ നൽകാനായില്ല. ഇതോടെ 264 റൺസിന് ഇംഗ്ലണ്ടിന് 9 വിക്കറ്റ് നഷ്ടമായെങ്കിലും ജോഫ്രാ ആർച്ചർ റൂട്ടിനൊപ്പം ചേർന്ന് നടത്തിയ വെടിക്കെട്ട് പ്രകടനം റൺനില ഉയർത്തി.
രണ്ടു മാറ്റങ്ങളുമായാണ് രണ്ടാം ടെസ്റ്റിൽ ഓസീസ് ഇറങ്ങിയിരിക്കുന്നത്. പരുക്കേറ്റ ഉസ്മാൻ ഖവാജയ്ക്കു പകരം ജോഷ് ഇംഗ്ലിസും മൈക്കൽ നെസറിനെയുമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഖവാജയ്ക്കു പകരം ട്രാവിസ് ഹെഡ് ഓപ്പണിങ്ങിറങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
അങ്ങനെയെങ്കിൽ ജോഷ് ഇംഗ്ലിസ് മധ‍്യനിരയിൽ കളിക്കും. ആദ‍്യമായാണ് ജോഷ് ഇംഗ്ലിസ് ആഷസ് പരമ്പരയിൽ കളിക്കുന്നത്. അതേസമയം, ഇംഗ്ലണ്ട് ടീമിൽ ഒരു മാറ്റമാണുള്ളത്. പേസർ മാർക്ക് വുഡിനു പകരം വിൽ ജാക്സിനെയാണ് ടീമിലെടുത്തിരിക്കുന്നത്. ആദ‍്യ ടെസ്റ്റ് മത്സരം വിജയിച്ച ഓസീസാണ് നിലവിൽ പരമ്പരയിൽ മുന്നിൽ.