ടി20 ലോകകപ്പ്: ദ ഗ്രേറ്റ് ഇംഗ്ലിഷ് എസ്കേപ്പ്

നേപ്പാളിനോട് അട്ടിമറിയിൽ നിന്ന് രക്ഷപെട്ട് ഇംഗ്ലണ്ട് | ത്രില്ലറിലെ ജയം നാല് റൺസിന്
England vs Nepal T20 World Cup

അവസാന ഓവറിനു വേണ്ടി തന്ത്രങ്ങൾ മെനയുന്ന ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്, ഇടങ്കയ്യൻ പേസർ സാം കറൻ.

Updated on

മുംബൈ: ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ഇന്നലെ മുംബൈ വാംഖഡെ സ്റ്റേഡിയം സാക്ഷ്യംവഹിച്ചേനേ. അദ്ഭുത വിജയത്തിന്‍റെ ലഹരിയിൽ നേപ്പാൾ പുലരുവോളം ആഘോഷിച്ചേനേ. ഒരിക്കലും മറക്കാനാവാത്ത തോൽവിയുടെ വേദന മുൻ ചാംപ്യൻമാരായ ഇംഗ്ലണ്ടിനെ ഇനിയുള്ള കാലം പിന്തുടർന്നേനേ. പക്ഷേ, ഇടംകൈയൻ പേസർ സാം കറന്‍റെ നെഞ്ചുറപ്പും തന്ത്രപരമായ പന്തേറും രക്ഷയൊരുക്കിയപ്പോൾ നാലു റൺസ് ജയത്തോടെ ഇംഗ്ലണ്ട് തടിതപ്പി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴു വിക്കറ്റിന് 184 എന്ന സ്കോറാണ് നേടിയത്. മത്സരത്തിനെ ആവേശക്കൊടുമുടിയിൽ എത്തിച്ച നേപ്പാൾ ആറു വിക്കറ്റിന് 180ൽ പൊരുതിവീണു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ജേക്കബ് ബതേൽ (55), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (53) എന്നിവരുടെ അർധ സെഞ്ചുറികളാണ് മുന്നോട്ടുനയിച്ചത്. ബെതൽ നാലു ഫോറും നാലു സിക്സും കുറിച്ചു. നാലു ബൗണ്ടറിയും മൂന്നു സിക്സും അടങ്ങുന്നതായിരുന്നു‌ ബ്രൂക്കിന്‍റെ ഇന്നിങ്സ്. സീനിയർ ഓപ്പണർ ജോസ് ബട്ട്ലർ 26 റൺസ് നേടി. അവസാന ഓവറുകളിൽ ഒരു ഫോറും നാലും സിക്സും അടക്കം 18 പന്തിൽ 39 റൺസ് കൊയ്ത് പുറത്താകാതെ നിന്ന വിൽ ജാക്സാണ് ഇംഗ്ലിഷ് സ്കോറിന് കുതിപ്പേകിയത്. നേപ്പാളിന്‍റെ ദീപേന്ദ്ര സിങ് അയ്റിയും നന്ദൻ യാദവും രണ്ടു വി‌ക്കറ്റ് വീതം സ്വന്തമാക്കി.

ചേസിങ്ങിൽ ഓപ്പണർ കുശാൽ ഭുർതലിന്‍റെ (17 പന്തിൽ 29, 4 ഫോർ, ഒരു സിക്സ്) മിന്നലടികളാണ് നേപ്പാളിന് തുടക്കത്തിൽ പ്രതീക്ഷയേകിയത്. മധ്യനിരയിൽ ക്യാപ്റ്റൻ രോഹിത് പൗഡലും (39) ദീപേന്ദ്ര സിങ് അയ്റിയും (44) അവരുടെ ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. എന്നാൽ ലോകേഷ് ബാമിന്‍റെ ബാറ്റിങ്ങാണ് മത്സരത്തെ ത്രസിപ്പിക്കുന്നതാക്കിയത്. അവസാന മൂന്ന് ഓവറിൽ 46 റൺസ് നേപ്പാളിനു വേണ്ടിയിരുന്നു.

പതിനെട്ടാം ഓവറിൽ അപകടകാരിയായ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചറിനെ രണ്ടു സിക്സിന് ശിക്ഷിച്ച ലോകേഷ് തൊട്ടടുത്ത ഓവറിൽ ലൂക്ക് വുഡിനെ രണ്ടു തവണ അതിർത്തിയും കടത്തി. അവസാന ഓവറിൽ പത്ത് റൺസ് നേപ്പാളിന്‍റെ ലക്ഷ്യം. പന്തെടുത്ത സാം കറൻ തുടർച്ചയായ യോർക്കറുകളും അടിച്ചകറ്റാൻ പ്രയാസമുള്ള ഫുൾ ലെങ്ത് ഡെലിവറുകളും എറിഞ്ഞപ്പോൾ ലോകേഷ് (20 പന്തിൽ 39*, നാല് ഫോർ, രണ്ട് സിക്സ്) ക്രീസിലുണ്ടായിരുന്നിട്ടും നേപ്പാളിന് വിജയം എത്തിപ്പിടിക്കാൻ സാധിച്ചില്ല. ഇംഗ്ല‌ണ്ടിന്‍റെ ലിയാം ഡാവ്സൺ രണ്ടു വിക്കറ്റ് നേടി. സാം കറനും ആർച്ചർക്കും ലൂക്ക് വുഡിനും വിൽ ജാക്സിനും ഓരോ വിക്കറ്റുകൾ വീതം ലഭിച്ചു. ജാക്സ് പ്ലേയർ ഒഫ് ദ മാച്ച്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com