ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക 229 റൺസിനു തോൽപ്പിച്ചു

ഹെൻറിച്ച് ക്ലാസന് സെഞ്ചുറി - 67 പന്തിൽ 109 റൺസ്
South Africa batter Heinrich Klaasen fought with cramps and humidity to raise a whirlwind century against England in ICC ODI cricket world cup match in Mumbai.
South Africa batter Heinrich Klaasen fought with cramps and humidity to raise a whirlwind century against England in ICC ODI cricket world cup match in Mumbai.

മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ല വിവശതകൾക്കു മേൽ ആദ്യം ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ റൺ മഴ പെയ്യിച്ചു, പിന്നെ ബൗളർമാർ വിക്കറ്റ് മഴയും. നിലവിലുള്ള ചാംപ്യൻമാരെ 229 റൺസിന്‍റെ വമ്പൻ തോൽവിയിലേക്കു തള്ളിയിട്ടുകൊണ്ട് നെതർലൻഡ്സിനെതിരായ തോൽവിയുടെ ഞെട്ടലിൽ നിന്ന് ദക്ഷിണാഫ്രിക്ക കരകയറി.

വെറും 67 പന്തിൽ നാലു സിക്സും 12 ഫോറും സഹിതം 109 റൺസെടുത്ത ഹെൻറിച്ച് ക്ലാസന്‍റെ മികവിൽ അവർ 50 ഓവറിൽ അടിച്ചൂകൂട്ടിയത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 399 റൺസ്. ഇംഗ്ലണ്ടിന്‍റെ മറുപടി 22 ഓവറിൽ അവസാനിച്ചു, വെറും 170 റൺസിൽ.

ഇൻഫോം ഓപ്പണർ ക്വിന്‍റൺ ഡികോക്ക് (4) വേഗത്തിൽ പുറത്തായ ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കത്തിക്കയറ്റം. ക്യാപ്റ്റൻ ടെംബ ബവുമയുടെ അഭാവത്തിൽ ഓപ്പണറായ റീസ ഹെൻഡ്രിക്സിന്‍റെ ഊഴമായിരുന്നു ആദ്യം. 75 പന്തിൽ 85 റൺസെടുത്ത ഹെൻഡ്രിക്സിന് റാസി വാൻ ഡെർ ഡുസൻ (61 പന്തിൽ 60) യോജിച്ച പങ്കാളിയായി.

താത്കാലിക ക്യാപ്റ്റൻ എയ്ഡൻ മർക്രം 42 റൺസും നേടി. അതിനു ശേഷം ബാറ്റിങ്ങിനിറങ്ങിയ ക്ലാസൻ, ഏഴാം നമ്പർ ബാറ്റർ മാർക്കോ യാൻസനെ കൂട്ടുപിടിച്ചാണ് മികച്ച സ്കോറിനെ കൂറ്റൻ സ്കോറാക്കി മാറ്റിയത്. പേസ് ബൗളിങ് ഓൾറൗണ്ടറായ യാൻസൻ വെറും 42 പന്തിൽ 75 റൺസെടുത്തു. മൂന്നു ഫോറും ആറു സിക്സും അകമ്പടി സേവിച്ച തകർപ്പൻ ഇന്നിങ്സ്.

ഐപിഎൽ വേദികളിൽ ഇടിമുഴക്കം തീർത്ത ഇംഗ്ലണ്ടിന്‍റെ ഫാസ്റ്റ് ബൗളർ മാർക്ക് വുഡിന്‍റെ ഏഴോവറിൽ 76 റൺസാണ് പിറന്നത്. റീസ് ടോപ്പ്ലി 8.5 ഓവറിൽ 88 റൺസ് വഴങ്ങിയെങ്കിലും മൂന്ന് വിക്കറ്റ് കിട്ടി. താരതമ്യേന കുറവ് ശിക്ഷ ഏറ്റുവാങ്ങിയ ഗസ് ആറ്റ്കിൻസൺ, ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് ഒരിക്കൽപ്പോലും വിജയ പ്രതീക്ഷയുണർത്താനായില്ല. 84 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റ് നഷ്ടമായ അവർ നൂറു പോലും കടക്കുമോ എന്നു തോന്നിച്ചിടത്തുനിന്ന് വാലറ്റക്കാർക്ക് 170 വരെയെങ്കിലും എത്തിക്കാനായെന്നു മാത്രം.

പത്താം നമ്പറിൽ കളിക്കാനിറങ്ങി 17 പന്തിൽ 43 റൺസടിച്ച് പുറത്താകാതെ നിന്ന മാർക്ക് വുഡാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. ഒമ്പതാം നമ്പറിൽ 35 റൺസെടുത്ത ഗസ് ആറ്റ്കിൻസൺ രണ്ടാമത്തെ ഉയർന്ന സ്കോറും നേടി. പരുക്കേറ്റ റീസ് ടോപ്പ്ലിക്ക് ബാറ്റ് ചെയ്യാൻ സാധിക്കാത്തതിനാൽ ഒമ്പത് വിക്കറ്റോടെ തന്നെ ഇംഗ്ലണ്ട് ഓൾഔട്ടാകുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ജെറാൾഡ് കോറ്റ്സി മൂന്നും, മാർക്കോ യാൻസനും ലുങ്കി എൻഗിഡിയും രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി. ഹെൻറിച്ച് ക്ലാ‌സൻ പ്ലെയർ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com