
ബംഗളൂരു: ലോകകപ്പ് ക്രിക്കറ്റിൽ നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ടിന് അഞ്ച് മത്സരങ്ങളിൽ നാലാമത്തെ തോൽവി. ഇക്കുറി ശ്രീലങ്കയോടാണ് ദയനീയ പരാജയം വഴങ്ങിയത്. ഇതോടെ ലങ്കയ്ക്ക് അഞ്ച് കളിയിൽ രണ്ടാമത്തെ വിജയമായി.
നേരത്തെ, ശ്രീലങ്കയ്‌ക്കെതിരേ ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 33.2 ഓവറിൽ 156 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ശ്രീലങ്ക 25.4 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 160 റൺസെടുത്തു. ആധികാരികമായ എട്ടു വിക്കറ്റ് വിജയം.
23 റൺസെടുക്കുന്നതിനിടെ ലങ്കൻ ഓപ്പണർ കുശാൽ പെരേരയും (4) ക്യാപ്റ്റൻ കുശാൽ മെൻഡിസും (11) പുറത്തായെങ്കിലും, ഓപ്പണർ പാഥും നിശങ്കയും (83 പന്തിൽ 77) സദീര സമരവിക്രമയും (54 പന്തിൽ 65) ഒരുമിച്ച അപരാജിതമായ 137 കൂട്ടുകെട്ട് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ വിജയം ഉറപ്പിച്ചു. വീണ രണ്ട് വിക്കറ്റും ഡേവിഡ് വില്ലിക്ക്.
നേരത്തെ, 43 റൺസെടുത്ത ബെൻ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോററായത്. ജോണി ബെയർസ്റ്റോയും (30) ദാവിദ് മലാനും (28) ചേർന്ന് ഇംഗ്ലണ്ടിനു ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും തുടർന്നങ്ങോട്ട് കൂട്ടത്തകർച്ചയായിരുന്നു. പിന്നീട് വന്നവരിൽ സ്റ്റോക്‌സിനെ കൂടാതെ മൊയീൻ അലിക്കും (15) ഡേവിഡ് വില്ലിക്കും (14 നോട്ടൗട്ട്) മാത്രമാണ് രണ്ടക്ക് സ്കോറെങ്കിലും നേടാൻ സാധിച്ചത്.
ശ്രീലങ്കയ്ക്കു വേണ്ടി ഫാസ്റ്റ് ബൗളർ ലാഹിരു കുമാര 35 റൺസിന് മൂന്ന് വിക്കറ്റ് നേടി. ടീമിൽ തിരിച്ചെത്തിയ വെറ്ററൻ ഓൾറൗണ്ടർ ഏഞ്ജലോ മാത്യൂസിന്‍റെ ബൗളിങ് പ്രകടനവും നിർണായകമായി. അഞ്ചോവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത മാത്യൂസ് രണ്ട് വിക്കറ്റ് നേടി. കസുൻ രജിതയ്ക്കും രണ്ടു വിക്കറ്റുണ്ട്. മഹീഷ് തീക്ഷണ ഒരു വിക്കറ്റും നേടി.