
മാഞ്ചസ്റ്റര്‍: തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ രണ്ട് ഗോളിന് പിന്നിട്ട നിന്ന ശേഷം മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. അതേസമയം, ആഴ്സണലിന് ഫുള്‍ഹാമിനെതിരെ സമനില വഴങ്ങേണ്ടി വന്നു. ക്രിസ്റ്റല്‍ പാലസും ബ്രന്‍ഡ്ഫോര്‍ഡും തമ്മിലുള്ള മതത്സരവും സമനിലയില്‍ കലാശിച്ചു.
മറ്റൊരു മത്സരത്തില്‍ വോള്‍വ്സ് എതിരില്ലാത്ത ഒരു ഗോളിന് എവര്‍ട്ടണെ തോല്‍പ്പിച്ചു.സ്വന്തം തട്ടകമായി ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന പോരാട്ടത്തില്‍ ആദ്യ അഞ്ച് മിനിറ്റില്‍ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് നോട്ടിങ്ങാം ഫോറസ്റ്റ് എതിര്‍വലയില്‍ ഇരട്ട പ്രഹരം നല്കി. തയ്വോ അവോനിയി, വില്ലി ബൊലി എന്നിവരായിരുന്നു നോട്ടിങ്ങാം ടീമിന്റെ സ്കോറര്‍മാര്‍. ഇതോടെ ഒന്നു പതറിയെങ്കിലും 17-ാം മിനിറ്റില്‍ ഡാനിഷ് താരം ക്രിസ്റ്റ്യന്‍ എറിക്സണിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു. ഇതോടെ യുണൈറ്റഡ് ഉണര്‍ന്നു. ആദ്യപകുതിയില്‍ നോട്ടിങ്ങാം 2-1ന്റെ ലീഡ് നേടി.
രണ്ടാം പകുതിയ കരുതലോടെ തുടങ്ങിയ യുണൈറ്റഡ് അവസരം മുതലാക്കി കളിച്ചു. 52-ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം കസെമിറോ യുണൈറ്റഡിന് സമനില സമ്മാനിച്ചു. 67-ാം മിനിറ്റില്‍ ജോ വോറലിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത് നോട്ടിങ്ങാമിന് തിരിച്ചടിയായി. യുണൈറ്റഡിന് നേട്ടവും. പിന്നലെ 76-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയ പെനാല്‍റ്റി ഗോളിലൂടെ യുണൈറ്റഡ് മുന്നിലെത്തി. പിന്നീട് തിരിച്ചടിക്കാനുള്ള നോട്ടിങ്ങാമിന്റെ ശ്രമമെല്ലാം പാഴായി. ഫുള്‍ഹാമിനെതിരെ ആഴ്സണലിന്റെ പോരാട്ടവും അത്ര ശുഭകരമായിരുന്നില്ല. ഒന്നാം മിനിറ്റില്‍ തന്നെ ആന്ദ്രെ പെരേര ഫുള്‍ഹാമിനെ മുന്നിലെത്തിച്ചു. 70-ാം മിനിറ്റിലാണ് ആഴ്സണല്‍ ഒപ്പമെത്തുന്നത്.
ബുകായോ സാക പെനാല്‍റ്റി ഗോളാക്കി. രണ്ട് മിനിറ്റുകള്‍ക്ക് ശേഷം എഡ്ഡി കെടിയ ലീഡും സമ്മാനിച്ചു. എന്നാല്‍ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍ ജാവോ പലീഞ്ഞ ഫുള്‍ഹാമിനെ ഒപ്പമെത്തിച്ചു.സസ കലാഡിക്കിന്റെ ഒരു ഗോളാണ് എവര്‍ട്ടണെതിരെ വോള്‍വ്സിന് വിജയം സമ്മാനിച്ചത്.