ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുക്കുന്നു

29 മത്സരങ്ങളില്‍നിന്ന്‌ 67 പോയിന്‍റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് പോയിന്‍റ് കുറവില്‍ ആഴ്സണല്‍ രണ്ടാമതും മൂന്ന് പോയിന്‍റ് വ്യത്യാസത്തില്‍ സിറ്റി മൂന്നാമതും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീട പോരാട്ടം കടുക്കുന്നു

ലണ്ടന്‍: ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ആവേശകരമായ അന്ത്യത്തിലേക്ക്. സമീപകാലത്തെങ്ങും കാണാത്ത ആവേശത്തിലാണ് വിവിധ ക്ലബ്ബുകളും ആരാധകരും. പോയിന്‍റ് നിലയില്‍ മുന്നിലുള്ള മൂന്നു ടീമുകളില്‍ വളരെ നിര്‍ണായകമായ ഞായറാഴ്ച നേട്ടം കൊയ്തത് ലിവര്‍പൂളാണ്. ലിവര്‍പൂള്‍ തങ്ങളുടെ മത്സരത്തില്‍ ബ്രൈറ്റനെ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ലിവറിന്‍റെ വിജയം. ഇതോടെ പോയിന്‍റ് നിലയില്‍ മുന്നിലെത്താന്‍ ലിവറിനായി. തൊട്ടുപിന്നാലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ആഴ്സണല്‍ സമനിലയില്‍ തളയ്ക്കുകകൂടി ചെയ്തതോടെ ലിവര്‍പൂളിന്‍റെ സാധ്യതകള്‍ക്ക് കൂടുതല്‍ തിളക്കമായി.

29 മത്സരങ്ങളില്‍നിന്ന്‌ 67 പോയിന്‍റുമായി ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. രണ്ട് പോയിന്‍റ് കുറവില്‍ ആഴ്സണല്‍ രണ്ടാമതും മൂന്ന് പോയിന്‍റ് വ്യത്യാസത്തില്‍ സിറ്റി മൂന്നാമതും നില്‍ക്കുന്നു. ആഴ്സണലിനു 65 പോയിന്‍റും സിറ്റിക്ക് 64 പോയിന്‍റുമുണ്ട്.

ബ്രൈറ്റനെതിരെ ഒരു ഗോളിനു പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോളടിച്ച് ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ ജയിച്ചു കയറിയത്. രണ്ടാം മിനിറ്റിലായിരുന്നു ലിവറിനെ ഞെട്ടിച്ചുകൊണ്ട് ബ്രൈറ്റന്‍റെ ഗോള്‍ വന്നത്. ഡാനി വെല്‍ബക്കിന്‍റെ വകയായിരുന്നൂു ബ്രൈറ്റന്‍റെ ഗോള്‍. 25 മിനിറ്റുകളുടെ നിരന്തര ആക്രമണങ്ങള്‍ക്കു ശേഷം 27-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ ലിവര്‍പൂള്‍ സമനില സ്വന്തമാക്കി. ഒന്നാം പകുതി 1-1 എന്ന നിലയില്‍ അവസാനിച്ചു. രണ്ടാം പകുതിയില്‍ 65ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സല രണ്ടാം ഗോള്‍ നേടി വിജയമുറപ്പിച്ചു, വിലപ്പെട്ട മൂന്നു പോയിന്‍റും.

അതേസമയം പിന്നാലെ നടന്ന അതി നിര്‍ണായക മത്സരത്തില്‍ ആഴ്സണല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍, ഗോള്‍ മാത്രമകന്നുനിന്നു.

കിരീടപ്പോരില്‍ ഈ മൂന്നുപേരായിരിക്കും അവസാനം വരെ പൊരുതേണ്ടിവരിക എന്നത് ഏറെക്കുറെ ഉറപ്പാണ്. കാരണം നാലാമതുള്ള ആസ്റ്റണ്‍ വില്ലയ്ക്ക് 30 കളികളില്‍നിന്ന് 59 പോയിന്‍റ് മാത്രമാണുള്ളത്.

ലിവര്‍പൂളിന്‍റെ അടുത്ത അഞ്ചു മത്സരങ്ങള്‍

ഷെഫീല്‍ഡ് യുണൈറ്റഡ് (ഏപ്രില്‍ നാല്)

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (ഏപ്രില്‍ 7)

ക്രിസ്റ്റല്‍ പാലസ് (ഏപ്രില്‍ 14)

ഫുള്‍ഹാം (ഏപ്രില്‍ 21)

എവര്‍ടണ്‍ (ഏപ്രില്‍ 24)

ഇതില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള മത്സരം മാത്രമായിരിക്കും ലിവര്‍പൂളിനെ സംബന്ധിച്ച് നിര്‍ണായകം. ഇപ്പോഴത്തെ അവരുടെ ഫോം പരിശോധിച്ചാല്‍ മറ്റുള്ള മത്സരങ്ങളില്‍ അനായാസം ജയിക്കാനാകും.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത അഞ്ച് മത്സരങ്ങള്‍

ആസ്റ്റണ്‍ വില്ല (ഏപ്രില്‍ 4)

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (ഏപ്രില്‍ 7)

ലുട്ടണ്‍ ടൗണ്‍ (ഏപ്രില്‍ 13)

ബ്രൈറ്റന്‍ (ഏപ്രില്‍ 25)

നോട്ടിങ്ങാം ഫോറസ്റ്റ് (ഏപില്‍ 28)

സിറ്റിയുടെ മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമല്ല. അടുത്ത രണ്ട് മത്സരങ്ങള്‍ വളരെ നിര്‍ണായകമാണ്. മാഞ്ചസ്റ്റര്‍ ഡെര്‍ബിയടക്കം അവര്‍ക്ക് മുന്നിലുണ്ട്. ഏപ്രില്‍ ഏഴിനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള സിറ്റിയുടെ തകര്‍പ്പന്‍ പോര്. പോയിന്‍റ് നിലയില്‍ നാലാമതുള്ള ആസ്റ്റണ്‍ വില്ലയുമായുള്ള പോരാട്ടമാണ് സിറ്റിയുടെ ആദ്യ വെല്ലുവിളി. ഈ രണ്ടു ടീമുകള്‍ക്കെതിരേ വിജയിക്കാനായാല്‍ സിറ്റിക്ക് പിന്നീട് കാര്യങ്ങള്‍ എളുപ്പമാകും.

ആഴ്സണലിന്‍റെ അടുത്ത അഞ്ച് മത്സരങ്ങള്‍

ലുട്ടന്‍ ടൗണ്‍ (ഏപ്രില്‍ 3)

ബ്രൈറ്റണ്‍ (ഏപ്രില്‍ 6)

ആസ്റ്റണ്‍ വില്ല (ഏപ്രില്‍ 14)

വുള്‍വ്സ് (ഏപ്രില്‍ 20)

ചെല്‍സി (ഏപ്രില്‍ 23)

ആഴ്സണലിനും ഒറ്റനോട്ടത്തില്‍ കാര്യങ്ങള്‍ എളുപ്പമാണ്. എന്നിരുന്നാലും ആസ്റ്റണ്‍ വില്ല, ചെല്‍സി എന്നീ ടീമുകളുമായുള്ള മത്സരങ്ങള്‍ നിര്‍ണായാകമാകും.

ഏപ്രില്‍ മാസത്തിലെ പോരാട്ടങ്ങള്‍ അവസാനിക്കുമ്പോള്‍ ഓരോ ടീമും 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടാകും. പിന്നീടുള്ള മൂന്നുമത്സരങ്ങള്‍ക്ക് കാത്തിരിക്കാതെ ഈ മാസം തന്നെ കിരീടമുറപ്പിക്കുക എന്നതാവും ഈ മൂന്നു ടീമുകളുടെ ലക്ഷ്യം. ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുന്ന നാലാമത്തെ ടീമിനായി കടുത്ത പോരാട്ടം തന്നെ നടക്കും. ആസ്റ്റണ്‍ വില്ല. ടോട്ടനം ഹോട്സ്പര്‍ എന്നീ ടീമുകള്‍ തമ്മിലാണ് നാലാം സ്ഥാനത്തിനായുള്ള പോരാട്ടം. 29 മത്സരങ്ങളില്‍നിന്ന് 48 പോയിന്‍റ് മാത്രമുള്ള ചുവന്ന ചെകുത്താന്മാരുടെ ചാംപ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ച മട്ടാണ്.

Trending

No stories found.

Latest News

No stories found.