
ഓഫ് സൈഡ് വിവാദങ്ങൾക്ക് അന്ത്യം കുറിക്കാൻ സാങ്കേതികവിദ്യയുമായി പ്രീമിയർ ലീഗ്
ലണ്ടൻ: ലോക ഫുട്ബോളിൽ ഇത്രയും കാലം ഒഴിച്ചുകൂടാനാവാത്ത വിവാദങ്ങളായിരുന്നു ഓഫ് സൈഡുകളുമായി ബന്ധപ്പെട്ടത്. ഓഫ് സൈഡ് കെണികളിൽ ഗോൾ നിഷേധിക്കപ്പെട്ടതും അനുവദിക്കപ്പെട്ടതുമെല്ലാം പതിവ് വിവാദങ്ങളായി തുടർന്നു.
നിലവിലുള്ള വാർ (വീഡിയോ അസിസ്റ്റന്‍റ് റഫറി - VAR) സംവിധാനം ഈ വിവാദങ്ങൾ പരിഹരിച്ചില്ലെന്നു മാത്രമല്ല, പലപ്പോഴും കൂടുതൽ വഷളാക്കുകയും ചെയ്തു. ഈ പ്രശ്നത്തിനൊരു പരിഹാരം കാണാൻ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗ്.
ഓഫ് സൈഡ് നിർണയ കൂടുതൽ കൃത്യമാക്കുന്നതിനുള്ള സെമി-ഓട്ടോമേറ്റഡ് സാങ്കേതികവിദ്യ ഏപ്രിൽ 12ന് നടപ്പാക്കാനൊരുങ്ങുകയാണ് ഇപിഎൽ. എഫ്എ കപ്പിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതിയാണ് ഇംഗ്ലിഷ് പ്രീമിയർ ലീഗിലേക്കു വ്യാപിപ്പിക്കുന്നത്. ഓഫ് സൈഡ് നിർണയിക്കുന്നതിനുള്ള വേഗവും കൃത്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ഇതിനു സാധിക്കുമെന്നാണ് ഇപിഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ അവകാശപ്പെടുന്നത്.
വെർച്ച്വൽ ഓഫ് സൈഡ് ലൈൻ അടിസ്ഥാനമാക്കിയായിരിക്കും തീരുമാനങ്ങൾ. ഇതിനായി ഒപ്റ്റിക്കൽ പ്ലെയർ ട്രാക്കിങ്, വെർച്ച്വൽ ഗ്രാഫിക്സ് എന്നിവയും ഉപയോഗിക്കും. ടെലിവിഷൻ പ്രേക്ഷകർക്കു കൂടി ആകർഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്‍റെ രൂപകൽപ്പന. ഏപ്രിൽ 12ന് ക്രിസ്റ്റൽ പാലസും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരത്തിലായിരിക്കും പ്രീമിയർ ലീഗിൽ ഈ ടെക്നോളജിയുടെ അരങ്ങേറ്റം.