

മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം ആഘോഷിക്കുന്ന പെപ് ഗ്വാർഡിയോള.
മാഞ്ചസ്റ്റർ: പരിശീലകനെന്ന നിലയിൽ തന്‍റെ 1000ാമത് മത്സരം വിജയത്തോടെ ആഘോഷിച്ച് പെപ് ഗ്വാർഡിയോള. പ്രീമിയർ ലീഗിൽ ചിരവൈരികളായ ലിവർപൂളിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് മാഞ്ചസ്റ്റർ സിറ്റി കിരീടപ്പോരാട്ടത്തിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. ഗ്വാർഡിയോളയുടെ 716ാമത് വിജയമായിരുന്നു ഇത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ടായ എറ്റിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുൻ ചാംപ്യന്മാരായ ലിവർപൂളിനെതിരേ സിറ്റി സമ്പൂർണ ആധിപത്യമാണ് പുലർത്തിയത്. ഈ വിജയം പ്രീമിയർ ലീഗ് കിരീടത്തിനായുള്ള തങ്ങളുടെ സാധ്യതകൾ ശക്തമാക്കിയതായി ഗ്വാർഡിയോള പറഞ്ഞു. ''എന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട എതിരാളികൾക്കെതിരെ കളിക്കാരും സ്റ്റാഫും നൽകിയ ഈ സമ്മാനത്തിന് ഞാൻ നന്ദി പറയുന്നു'', അദ്ദേഹം വ്യക്തമാക്കി.
ഈ വിജയത്തോടെ സിറ്റി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. നിലവിൽ ഒന്നാം സ്ഥാനത്തുള്ള ആർസനലിനെക്കാൾ നാലു പോയിന്‍റ് മാത്രം പിന്നിലാണ് സിറ്റി. ശനിയാഴ്ച ആർസനൽ സണ്ടർലൻഡുമായി 2-2 സമനിലയിൽ കുരുങ്ങിയത് മുതലെടുക്കാൻ സിറ്റിക്ക് സാധിച്ചു.
ലിവർപൂൾ ആകട്ടെ, കഴിഞ്ഞ ആറു കളികളിൽ ഇത് അഞ്ചാമത്തെ തോൽവിയാണ്. 40 കോടി ഡോളറിലധികം ട്രാൻസ്ഫർ വിപണിയിൽ ചെലവഴിച്ചിട്ടും എട്ടാം സ്ഥാനത്താണ് ടീം. ഒന്നാം സ്ഥാനക്കാരുമായി എട്ടു പോയിന്‍റ് വ്യത്യാസം ഇപ്പോഴുണ്ട്.
മത്സരം 3-0ന് അവസാനിച്ചെങ്കിലും സിറ്റിയുടെ ആധിപത്യം കണക്കിലെടുത്താൽ ഗോൾ നില ഇതിലും ഉയരുമായിരുന്നു. 13ാം മിനിറ്റിൽ എർലിംഗ് ഹാലൻഡിന്‍റെ പെനാൽറ്റി ലിവർപൂൾ ഗോൾകീപ്പർ തടുത്തെങ്കിലും 29ാം മിനിറ്റിൽ ഹെഡ്ഡറിലൂടെ ഹാലൻഡ് സിറ്റിയെ മുന്നിലെത്തിച്ചു. ഒന്നാം പകുതിയുടെ അധിക സമയത്ത് വിർജിൽ വാൻ ഡൈക്കിൽ തട്ടിത്തെറിച്ച് കയറിയ നിക്കോ ഗോൺസാലസിന്‍റെ ഷോട്ട് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. കളിയിലുടനീളം ലിവർപൂളിന് തലവേദന സൃഷ്ടിച്ച ജെറമി ഡോകു 63ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ഷോട്ടിലൂടെ ഗോൾ നേടി വിജയം ഉറപ്പിച്ചു.
മറ്റ് മത്സരങ്ങൾ
ന്യൂകാസിലിന് തുടർച്ചയായ രണ്ടാം തോൽവി: ബ്രെന്‍റ്ഫോർഡിനോട് 3-1നാണ് ന്യൂകാസിൽ തോറ്റത്. 27ാം മിനിറ്റിൽ ഹാർവി ബാൺസിലൂടെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ കളി കൈവിട്ടു. ഡാൻ ബേൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ശേഷം ബ്രെന്‍റ്ഫോർഡിനുവേണ്ടി കെവിൻ ഷേഡ്, ഇഗോർ തിയാഗോ (പെനാൽറ്റി, ഒരു ഗോൾ കൂടി) എന്നിവർ ഗോൾ നേടി. ഇതോടെ ന്യൂകാസിൽ 14ാം സ്ഥാനത്തേക്ക് വീഴുകയും റിലഗേഷൻ സോണുമായി രണ്ട് പോയിന്‍റ് മാത്രം വ്യത്യാസത്തിലാകുകയും ചെയ്തു.
നോട്ടിംഗ്ഹാം ഫോറസ്റ്റ്: കോച്ച് സീൻ ഡൈച്ചിന്‍റെ കീഴിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് ലീഡ്സിനെ 3-1ന് തോൽപ്പിച്ച് ആദ്യ ലീഗ് വിജയം നേടി. ലൂക്കാസ് ന്മെച്ചയിലൂടെ ലീഡ്സ് ആദ്യം മുന്നിലെത്തിയെങ്കിലും ഇബ്രാഹിം സാംഗാരെ, മോർഗൻ ഗിബ്സ്-വൈറ്റ്, എലിയറ്റ് ആൻഡേഴ്സൺ (പെനാൽറ്റി) എന്നിവർ ഫോറസ്റ്റിനായി വിജയഗോളുകൾ നേടി.
ആസ്റ്റൺ വില്ലയ്ക്ക് തകർപ്പൻ ജയം: ബേൺമൗത്തിനെതിരെ 4-0ന്‍റെ ഉജ്ജ്വല വിജയത്തോടെ ആസ്റ്റൺ വില്ല വിജയവഴിയിൽ തിരിച്ചെത്തി. എമിലിയാനോ ബ്യുവേൻഡിയ, അമാഡൗ ഒനാന, റോസ് ബാർക്ലി, ഡോണീൽ മാലൻ എന്നിവരാണ് വില്ലയ്ക്കായി ഗോൾ നേടിയത്. എമി മാർട്ടിനെസ് പെനാൽറ്റി തടുത്തിടുകയും ചെയ്തു. വില്ല ആറാം സ്ഥാനത്തേക്ക് കയറി.
ക്രിസ്റ്റൽ പാലസ് - ബ്രൈറ്റൺ: ഈ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു (0-0).