
ഈഥൻ എംബാപ്പെയുടെ ഗോൾ ആഘോഷം.
പാരിസ്: കിലിയൻ എംബാപ്പെ അഭിമാനത്തോടെ നോക്കിനിൽക്കെ ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ അനുജൻ ഈഥൻ എംബാപ്പെയുടെ ഗോൾ. സീനിയർ എംബാപ്പെയുടെ മുൻ ക്ലബ്ബായ പാരീസ് സെന്‍റ് ജെർമനെതിരേ (PSG) അവസാന മിനിറ്റുകളിൽ ഈഥൻ നേടിയ ഗോളിന്‍റെ ബലത്തിൽ ലില്ലെ 1-1 സമനില പിടിക്കുകയും ചെയ്തു.
അതേസമയം, മുഴുവൻ പോയിന്‍റും നേടാനായില്ലെങ്കിലും പിഎസ്ജി ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. രണ്ടാമതുള്ള മാഴ്‌സെ, സ്ട്രാസ്ബർഗ്, ലിയോൺ എന്നീ ടീമുകളെക്കാൾ ഒരു പോയിന്‍റ് ലീഡാണ് പിഎസ്ജിക്കുള്ളത്.
2024ലാണ് കിലിയൻ എംബാപ്പെയും കൗമാരക്കാരനായ സഹോദരൻ ഈഥനും പിഎസ്ജി വിട്ടത്. കിലിയൻ അതിർത്തി കടന്ന് സ്പാനിഷ് ലീഗിലെ റയൽ മാഡ്രിഡിൽ ചേർന്നപ്പോൾ, ഈഥൻ ഫ്രാൻസിൽ തന്നെ തുടർന്ന് ലില്ലെയുമായി മൂന്ന് വർഷത്തെ കരാർ ഒപ്പിട്ടു.
സാങ്കേതികത്തികവുള്ള മിഡ്ഫീൽഡറായി വിലയിരുത്തപ്പെടുന്ന ഈഥൻ ഇടങ്കാലനാണ്. പ്രായം 18. കഴിഞ്ഞ സീസണിൽ തുടർച്ചയായ പരുക്കുകൾ ബുദ്ധിമുട്ടിച്ചെങ്കിലും ഈ സീസണിൽ ഫോമിലെത്തിക്കഴിഞ്ഞു.
സീസണിലെ തന്‍റെ രണ്ടാം ഗോൾ ഈഥൻ ആഘോഷിച്ചത് കിലിയന്‍റെ ട്രേഡ് മാർക്ക് രീതിയിലുമാണ്- കൈകൾ നെഞ്ചിൽ പിണച്ച്, കൈകൾ കക്ഷത്തിൽ ഒതുക്കി ഈഥൻ ആഹ്ലാദം പ്രകടിപ്പിച്ചപ്പോൾ, കിലിയനും ഗ്യാലറിയിൽ സന്തോഷംകൊണ്ട് മതിമറന്നു.
ഗ്യാലറിയിലിരുന്ന് അനുജന്‍റെ കളി കാണുന്ന കിലിയൻ എംബാപ്പെ | കിലിയനെ അനുകരിച്ച് ഗോൾ ആഘോഷം നടത്തുന്ന ഈഥൻ.
മത്സരം തീരാൻ ഒമ്പത് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ പകരക്കാരനായിറങ്ങിയാണ് ഈഥൻ ഗോളടിച്ചത്. ബോക്സിന്‍റെ വലതുവശത്ത് വച്ച് കിട്ടിയ പന്ത് നിയന്ത്രിച്ച് ഇടങ്കാലുകൊണ്ട് കൊണ്ട് തൊടുത്ത ഗ്രൗണ്ടർ പിഎസ്ജി ഗോൾകീപ്പർ ലൂക്കാസ് ഷെവലിയറെ നിസഹായനാക്കി.
നേരത്തെ, 66ാം മിനിറ്റിൽ നൂനോ മെൻഡസിലൂടെയാണ് പിഎസ്ജി ആദ്യ ഗോൾ നേടിയിരുന്നു. ഫ്രീകിക്കിൽനിന്നായിരുന്നു പോർച്ചുഗീസ് ലെഫ്റ്റ് ബാക്കിന്‍റെ ഗോൾ.
ഈഥൻ എംബാപ്പെ