യൂറോ കപ്പിൽ സ്പാനിഷ് ചരിത്രം; നാലാം കിരീടം

ഫൈനലിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളിനു പരാജയപ്പെടുത്തിയാണ് സ്പെയിൻ നാലാം വട്ടം യൂറോപ്യൻ ചാംപ്യൻഷിപ്പ് ഉയർത്തിയത്
Spain wins Euro 2024
യൂറോ 2024 ചാംപ്യൻമാരായ സ്പെയിൻ ടീമംഗങ്ങൾ ട്രോഫിയുമായി
Updated on

ബർലിൻ: നാലാം വട്ടം യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പ് സ്വന്തമാക്കിയ സ്പെയിൻ ചരിത്രമെഴുതി. തുടരെ രണ്ടാം ഫൈനലിലും ഇംഗ്ലണ്ടിനു നിരാശ. കഴിഞ്ഞ തവണത്തെ ഫൈനലിൽ ഇറ്റലിയോട് പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയം വഴങ്ങിയ ഇംഗ്ലണ്ട് ഇക്കുറി സ്പെയ്നോട് ഒന്നിനെതിരേ രണ്ടു ഗോളിനാണ് തോറ്റത്. അതേസമയം, ഏറ്റവും കൂടുതൽ യൂറോ കപ്പ് നേട്ടം എന്ന റെക്കോഡ് സ്പാനിഷ് പട സ്വന്തമാക്കുകയും ചെയ്തു.

സബ്സ്റ്റിറ്റ്യൂട്ടായി കളിക്കാനിറങ്ങിയ സട്രൈക്കർ മൈക്കൽ ഒയാർസബാലാണ് എൺപത്താറാം മിനിറ്റിൽ സമനിലപ്പൂട്ട് പൊട്ടിച്ച് സ്പെയിന്‍റെ വിജയനായകനായത്. ക്യാപ്റ്റൻ അൽവാരോ മൊറാട്ടയ്ക്കു പകരക്കാരനായിറങ്ങിയ ഒയാർസബാൽ, ഇടതുവിങ്ങിൽ നിന്ന് മാർക്ക് കുകുറേയ നൽകിയ ക്രോസാണ് ഗോൾ പോസ്റ്റിലേക്കു തിരിച്ചു വിട്ടത്.

1966ൽ ലോകകപ്പ് നേടിയ ശേഷം ഫുട്ബോളിൽ ഒരു മേജർ കിരീടം പോലും നേടാനാവാത്ത ഇംഗ്ലണ്ടിന്‍റെ ദുർവിധി തുടരുന്നു. 1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ ഇതിനു മുൻപ് യൂറോപ്യൻ ചാംപ്യൻമാരായിട്ടുള്ളത്.

മത്സരത്തിന്‍റെ നാൽപ്പത്തേഴാം മിനിറ്റിൽ നിക്കോ വില്യംസിലൂടെ സ്പെയിൻ തന്നെയാണ് ആദ്യം ലീഡ് നേടിയത്. ഇംഗ്ലണ്ടിന്‍റെ സബ്സ്റ്റിറ്റ്യൂട്ടം താരം കോൾ പാൽമർ 73ാം മിനിറ്റിൽ ഗോൾ മടക്കി. മത്സരം എക്സ്ട്രാ ടൈമിലേക്കു നീളുമെന്നു തോന്നി.ച്ചിടത്തു വച്ചാണ്, റെഗുലേഷൻ ടൈം കഴിയാൻ നാല് മിനിറ്റ് മാത്രം ശേഷിക്കെ സ്പെയിന്‍റെ വിജയ ഗോൾ പിറക്കുന്നത്.

സ്പെയിന്‍റെ കൗമാര അദ്ഭുതം പതിനാറുകാരൻ ലാമിൻ യമാൽ ടൂർണമെന്‍റിലെ മികച്ച യുവതാരമായും തെരഞ്ഞെടുക്കപ്പെട്ടു. ഈ ടൂർണമെന്‍റിൽ കളിച്ച ഏഴു കളിയും ജയിച്ച് ആധികാരികമായി തന്നെയാണ് സ്പാനിഷ് കിരീടധാരണം. പതിനഞ്ച് ഗോളും ടീം നേടി. ഇതും ഒരു റെക്കോഡാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com