European football leagues curtain raiser

ആവേശക്കൊടിയേറ്റം കാത്ത് യൂറോപ്യൻ ഫുട്ബോൾ

ആവേശക്കൊടിയേറ്റത്തിന് യൂറോപ്യൻ ഫുട്ബോൾ

ഓഗസ്റ്റിൽ പ്രധാന ലീഗുകൾക്ക് കിക്കോഫ് ആവും.‌ പോർച്ചുഗലിലും ഹോളണ്ടിലും ഈയാഴ്ച തന്നെ.

ഫുട്ബോൾ ആരാധകരുടെ ഹരമാണ് യൂറോപ്യൻ ലീഗുകൾ. പ്രീമിയർ ലീഗിലെയും ലാ ലിഗ‍യിലെയും ബുണ്ടസ് ലിഗയിലെയും ആഡംബരവും താരത്തിളക്കവും ആരെയും വിസ്മയിപ്പിക്കും. ഓഗസ്റ്റിൽ പ്രധാന ലീഗുകൾക്ക് കിക്കോഫ് ആവും.‌ പോർച്ചുഗലിലും ഹോളണ്ടിലും ഈയാഴ്ച തന്നെ. പോർച്ചുഗലിൽ സ്പോർട്ടിങ്ങും ഹോളണ്ടിൽ പിഎസ്‌വി ഐന്തോവനുമാണ് നിലവിലുള്ള ജേതാക്കൾ. പ്രധാന ലീഗുകളിലേക്ക് ഒരു എത്തിനോട്ടം...

ഇംഗ്ലിഷ് പ്രീമിയർ ലീഗ്

  • കിക്കോഫ്: ഓഗസ്റ്റ് 15

  • നിലവിലുള്ള ചാംപ്യൻ: ലിവർപൂൾ

  • സ്ഥാനക്കയറ്റം കിട്ടയവർ: ബേൺലി, സണ്ടർലാൻഡ്, ലീഡ്സ് യുണൈറ്റഡ്

  • മൂല്യമേറിയ കരാർ: ഫ്ളോറിയൻ വിർട്സ് (ബയേർ ലെവർകൂസനിൽ നിന്ന് ലിവർപൂളിലേക്ക്, ഏകദേശം 1363 കോടി രൂപ)

സാധ്യത

ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന ലീഗ് ആയതിനാൽ പ്രവചനാതീതം. നിലവിലുള്ള ചാംപ്യൻ ലിവർപൂൾ വമ്പൻ സൈനിങ്ങുകളിലൂടെ ഇക്കുറിയും സാധ്യതയുടെ മുൻനിരയിൽ ഇടംപിടക്കുന്നു. ചെൽസിയാണ് ലിവർപൂളിനെ സിംഹാസനത്തിൽ നിന്ന് ഇറക്കാൻ ഏറ്റവും പ്രാപ്തിയുള്ളവർ. ആഴ്സനലും ഒട്ടും മോശമല്ല. എങ്കിലും ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി എന്നിവർ തമ്മിലെ കിരീടപ്പോരിനാണ് ഏവരും ഉറ്റുനോക്കുന്നത്. പുതുജീവൻ തേടുന്ന മാഞ്ചസ്റ്റർ യുനെറ്റഡിൽ നിന്നും ആരാധകർ ഇക്കുറി അത്ഭുതം പ്രതീക്ഷിക്കുന്നു.

സ്പാനിഷ് ലാ ലിഗ

  • കിക്കോഫ്: ഓഗസ്റ്റ് 14

  • നിലവിലുള്ള ചാംപ്യൻ: ബാഴ്സലോണ

  • സ്ഥാനക്കയറ്റം കിട്ടിയവർ: എൽഷെ, ലെവാന്‍റെ, റയൽ ഒവെയ്ഡോ

  • മൂല്യമേറിയ കരാർ: ഡീൻ ഹ്യൂസെൻ (ബേൺമൗത്തിൽ നിന്ന് റയൽ മാഡ്രിഡിലേക്ക്, ഏകദേശം 587 കോട രൂപ).

സാധ്യത

ഇക്കുറിയും ബാഴ്സലോണയും റയൽ മാഡ്രിഡും തമ്മിലാവും പ്രധാന മത്സരം. അത്‌ലറ്റിക്കോ മാഡ്രിഡ് ഇരു ടീമുകൾക്കും വെല്ലുവിളി ഉയർത്തും. കഴിഞ്ഞ 21 സീസണുകളിൽ പന്ത്രണ്ട് തവണയും ബാഴ്സയായിരുന്നു ചാംപ്യൻ. റയലിന് ഏഴ് കിരീടങ്ങൾ. രണ്ടു തവണ അത്‌ലറ്റിക്കോയും ലീഗ് ട്രോഫി സ്വന്തമാക്കി. ലിവർപൂളിൽ നിന്ന് ട്രെന്‍റ് അലക്സാണ്ടർ അർനോൾഡിനെയും ബേൺമൗത്തിൽ നിന്ന് ഡീൻ ഹ്യൂസനെയും ബെൻഫിക്കയിൽ നിന്ന് അൽവാരൊ കരേരസിനെയും ടീമിലെത്തിച്ച റയൽ പ്രതിരോധം ശക്തിപ്പെടുത്തിയിട്ടുണ്ട്. ഗോൾ കീപ്പർ ജൊവാൻ ഗാർഷ്യയും മാർക്കസ് റാഷ്ഫോർഡുമാണ് ബാഴ്സയിലെ പുതിയ താരങ്ങൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോൺ അടിസ്ഥാനത്തിലാണ് റാഷ്ഫോർഡിനെ ബാഴ്സ ഒപ്പം കൂട്ടിയത്.

ജർമൻ ബുണ്ടസ് ലിഗ

Bundesliga

  • കിക്കോഫ്: ഓഗസ്റ്റ് 22

  • നിലവിലുള്ള ചാംപ്യൻ‌: ബയേൺ മ്യൂണിച്ച്

  • സ്ഥാനക്കയറ്റം കിട്ടിയവർ: കൊളോൺ, ഹാംബർഗ്

  • മൂല്യമേറിയ കരാർ- ലൂയിസ് ഡയസ് ( ലിവർപൂളിൽ നിന്ന് ബയേണിലേക്ക്, ഏകദേശം 767 കോടി രൂപ)

സാധ്യത

ബയേൺ മ്യൂണിച്ചിനു തന്നെയാണ് ഈ സീസണിലും മുൻതൂക്കം. മികച്ച സ്ട്രൈക്കർമാരുമായി കരാറിലെത്താൻ ബയേണിന് സാധിച്ചിരുന്നില്ല. സീസണിന്‍റെ തുടക്കത്തിൽ ജമാൽ മുസിയാളയുടെ സേവനവും അവർക്ക് ലഭിക്കില്ല. എങ്കിലും ബയേൺ തന്നെ ഏറ്റവും ശക്തർ. ബൊറൂസിയ ഡോർട്ട്മുൻഡ് ബയേണിന് കടുത്ത പ്രതിബന്ധം തീർക്കാൻ പ്രാപ്തരാണ്. ജോബ് ബെല്ലിങ്ങാമും 19 വയസുകാരൻ ഇബ്രാഹിം മാസയും ബൊറൂസിയയുടെ നീക്കങ്ങൾക്ക് ഊർജം പകരും.

ഇറ്റാലിയൻ സീരി എ

  • കിക്കോഫ്: ഓഗസ്റ്റ് 23

  • നിലവിലുള്ള ചാംപ്യൻ: നാപ്പോളി

  • സ്ഥാനക്കയറ്റം കിട്ടിയവർ: ക്രമൊനീസ്, പിസ, സസൗളൊ

  • മൂല്യമേറിയ കരാർ: ഫ്രാൻസിസ്കോ കോൺസെയ്കാവോ (പോർട്ടോയിൽ നിന്ന് യുവന്‍റസിലേക്ക്, ഏകദേശം 326 കോടി രൂപ)

സാധ്യത‌

നാപ്പോളിയും ഇന്‍റർ മിലാനും തമ്മിലാവും പ്രധാന അങ്കം. കെവിൻ ഡി ബ്രുയീന്‍റെയും നോവ ലാങ്ങിന്‍റെയും ലോറെൻസോ ലൂക്കയുടെയും എല്ലാം വരവ് നാപ്പോളിയെ കൂടുതൽ ശക്തരാക്കുന്നു. നൈജീരിയൻ ഫോർവേഡ് അഡമോള ലുക്ക്മാൻ ഒപ്പം ചേരുമെന്നത് ഇന്‍ററിന്‍റെ മുന്നേറ്റ നിരയെ കൂടുതൽ കരുത്തുറ്റതാക്കും. അതേസമയം, എസി മിലനെയും യുവന്‍റസിനെയും എഴുതിത്തള്ളാനാവില്ല.

ഫ്രഞ്ച് ലീഗ് വൺ

  • കിക്കോഫ്: ഓഗസ്റ്റ് 15

  • നിലവിലുള്ള ചാംപ്യൻ: പിഎസ്ജി

  • സ്ഥാനക്കയറ്റം കിട്ടിയവർ: ലോറിയെന്‍റ്, മെറ്റ്സ്, പാരീസ് എഫ്സി

  • മൂല്യമേറിയ കരാർ: ജോക്വിൻ പാനിച്ചെല്ലി (അലാവസിൽ നിന്ന് സ്ട്രാസ്ബർഗിലേക്ക്, ഏകദേശം 169 കോടി രൂപ)

സാധ്യത

താരനിബിഡമായ പിഎസ്ജി ഇത്തവണയും ഫേവറിറ്റ്. എന്നാൽ മാഴ്സയെ മറികടക്കാൻ പിഎസ്ജി അൽപ്പം പ്രയാസപ്പെടും. എയ്ഞ്ചൽ ഗോമസും ഫാക്കുൻഡോ മെഡിനയും മാഴ്സയുടെ സാധ്യത വർധിപ്പിക്കുന്നു. മൊണാക്കോ, ലിയോൺ, ലില്ലെ എന്നിവയും ഫ്രഞ്ച് ലീഗിലെ മത്സരം കടുപ്പിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com