
സെന്‍റോസ:10 വർഷമായി ഈ നിമിഷം സ്വപ്നം കാണുന്നുവെന്ന് ലോക ചെസ് ചാംപ്യൻഷിപ്പ് നേടിയതിനു ശേഷം ഗുകേഷ് പ്രതികരിച്ചു. ചൈനീസ് താരവും മുൻ ചാംപ്യനുമായ ഡിങ് ലിറെൻ പരാജയം സമ്മതിച്ചതോടെ ആനന്ദാശ്രു പൊഴിച്ചു കൊണ്ടാണ് ഗുകേഷ് വിജയത്തെ സ്വീകരിച്ചത്. ടീമിലെ ഓരോരുത്തരോടും നന്ദി പറയുന്നു. ഓരോ ചെസ് പ്ലേയറും അനുഭവിക്കേണ്ട നിമിഷമാണിത്. ഞാനിപ്പോൾ എന്‍റെ സ്വപ്നം യാഥാർഥ്യമാക്കിയിരിക്കുകയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചെസ് താരങ്ങളിൽ ഒരാളാണ് ഡിങ് എന്ന് നമുക്കെല്ലാം അറിയാം.
കടുത്ത സമ്മർദത്തിലൂടെയാണ് കടന്നു പോയിരുന്നത്. എന്നെ സംബന്ധിച്ച് ഡിങ് യഥാർഥ ലോക ചാംപ്യൻ തന്നെയാണെന്നും ഗുകേഷ് പറഞ്ഞു. ഡിങ്ങിന് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞതാണ് ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷം.
58 മൂവിലാണ് ഗുകേഷ് പതിനാലാം റൗണ്ടിൽ ഡിങ്ങിനെ മുട്ടു കുത്തിച്ചത്. തന്‍റെ നീക്കത്തിൽ അബദ്ധം പറ്റിയെന്ന് തിരിച്ചറിയുന്നുവെന്നും അതിന്‍റെ ഞെട്ടലിലാണ് താനെന്നും പരാജയത്തിനു പിന്നാലെ ഡിങ് പ്രതികരിച്ചു.