

വിരാട് കോലി, ഏ.ബി. ഡിവില്ലിയേഴ്‌സ്,സച്ചിൻ ടെൻഡുൽക്കർ
ഹൈദരാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെയും വിരാട് കോലിയെയും താരതമ‍്യം ചെയ്തുകൊണ്ട് ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിനെതിരേ മുൻ ഇന്ത‍്യൻ താരം ദൊഡ്ഡ ഗണേഷ്.
വിദേശ പിച്ചുകളിൽ സച്ചിനേക്കാൾ മികച്ചത് കോലിയാണെന്ന പരാമർശത്തിനെതിരേയാണ് ദൊഡ്ഡ ഗണേഷ് രംഗത്തെത്തിയത്. എക്സിൽ കുറിച്ച പോസ്റ്റിൽ കഞ്ചാവ് വലി നിർത്തൂ സഹോദരാ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ദൊഡ്ഡ ഗണേഷിന്‍റെ എക്സ് പോസ്റ്റിന് താഴെ വിരാട് കോലിയെ പിന്തുണച്ചുകൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
വിദേശ പിച്ചുകളിൽ ഏഷ‍്യൻ താരങ്ങൾക്കും തിളങ്ങാൻ സാധിക്കുമെന്ന് ആദ‍്യം തെളിയിച്ചത് സച്ചിനാണെന്നും എന്നാൽ പിന്നീട് കോലി അത് ഉയർന്ന തലത്തിലേക്ക് കൊണ്ടുപോയെന്നായിരുന്നു കഴിഞ്ഞ ദിവസം ഡിവില്ലിയേഴ്സ് തന്‍റെ യൂട‍്യൂബ് ചാനലിൽ പറഞ്ഞത്.
200 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള സച്ചിൻ 15921 റൺസാണ് നേടിയിട്ടുള്ളത്. ഇതിൽ 8705 റൺസും നേടിയത് വിദേശ പിച്ചുകളിലായിരുന്നു. മറുവശത്ത് കോലി 123 മത്സരങ്ങളിൽ നിന്നും 9230 റൺസ് നേടിയിട്ടുണ്ട്. വിദേശ പിച്ചുകളിൽ കളിച്ചിട്ടുള്ള 46 മത്സരങ്ങളിൽ നിന്നും 14 സെഞ്ചുറി ഉൾപ്പടെ 3161 റൺസ് അടിച്ചെടുത്തിട്ടുണ്ട്.