

ബാബർ അസം
ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് വിചിത്ര അഭ‍്യർഥനയുമായി മുൻ ക‍്യാപ്റ്റൻ റാഷിദ് ലത്തീഫ്. പാക്കിസ്ഥാന്‍റെ ഇംഗ്ലണ്ട് പര‍്യടനത്തിൽ ക‍്യാപ്റ്റൻ ബാബർ അസമിനെ ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ നിന്നും മാറ്റി നിർത്തണമെന്നാണ് റാഷിദ് ലത്തീഫ് പറയുന്നത്.
പകരം മാധ‍്യമങ്ങളെ കൈകാര‍്യം ചെയ്യാൻ ഷാൻ മസൂദിനെ ചുമതലപ്പെടുത്തണമെന്നും റാഷിദ് ലത്തീഫ് ആവശ‍്യപ്പെട്ടു. ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ നിന്നും ബാബർ കടുത്ത വിമർശനങ്ങളും ചോദ‍്യം ചെയ്യലുകളും നേരിടേണ്ടി വരുമെന്ന് റാഷിദ് ലത്തീഫ് കരുതുന്നതിലാണ് അദ്ദേഹം ഇത്തരത്തിലൊരു ആവശ‍്യം മുന്നോട്ടുവച്ചിരിക്കുന്നത്.
ഇംഗ്ലണ്ട് പര‍്യടനം വളരെയധികം പ്രയാസമേറിയ ഒന്നാണ്. കൂടാതെ അവിടത്തെ മാധ‍്യമങ്ങൾ എപ്പോഴും സന്ദർശക ടീമുകളെ വാർത്തകളിൽ കുടുക്കാൻ ശ്രമിക്കും. ബാബർ പരിചയസമ്പന്നനായ താരമാണ് അതിനാൽ പിസിബി മാനേജ്മെന്‍റ് അദ്ദേഹത്തെ ഇംഗീഷ് മാധ‍്യമങ്ങളിൽ നിന്നും മാറ്റി നിർത്തണം.
പകരം ഷാൻ മസൂദിനെ സംസാരിക്കാൻ അയക്കുന്നതാണ് നല്ലത്. ഷാൻ ഇംഗ്ലണ്ടിൽ കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മാധ‍്യമങ്ങളിൽ ഇടപഴകുന്നതിൽ അദ്ദേഹത്തിന് പരിചയമുണ്ട്. റാഷിദ് ലത്തീഫ് പറഞ്ഞു. അതേസമയം, അടുത്തിടെ നടന്ന വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ മികച്ച പ്രകടനമാണ് ബാബർ കാഴ്ചവച്ചത്.
ആദ‍്യ ടെസ്റ്റിൽ 90 റൺസിന് പാക്കിസ്ഥാൻ പരാജയപ്പെട്ടെങ്കിലും ബാബർ ആദ‍്യ ഇന്നിങ്സിൽ 23 റൺസും രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 58 റൺസും അടിച്ചെടുത്തിരുന്നു. രണ്ടാം ടെസ്റ്റിൽ 88, 24 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോർ. ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം വിദേശ മണ്ണിൽ ബാബറിന്‍റെ ആദ‍്യ വിജയമായിരുന്നു ഇത്.
ഇതിനു മുൻപ് തുടർച്ചയായി വിദേശ പിച്ചുകളിൽ പാക്കിസ്ഥാൻ 8 മത്സരങ്ങൾ പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് 19ന് ഹെഡിങ്‌ലിയിലാണ് പാക്കിസ്ഥാനെതിരായ ആദ‍്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് മത്സരം ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ ഓഗസ്റ്റ് 27ന് രണ്ടാം ടെസ്റ്റും സെപ്റ്റംബർ 9ന് എഡ്ജ്‌ബാസ്റ്റണിൽ പരമ്പരയിലെ അവസാന മത്സരവും നടക്കും.