ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്തേക്ക് ആശിഷ് നെഹ്റയെ പരിഗണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു; വെളിപ്പെടുത്തി മുൻ താരം

തന്‍റെ യൂട‍്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര‍്യം തുറന്നു പറഞ്ഞത്
Ashish Nehra was considered for the Chennai Super Kings coaching role but declined the offer; former player reveals.

ആശിഷ് നെഹ്റ

Updated on

ചെന്നൈ: കഴിഞ്ഞ ദിവസമാണ് ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്‍റെ മുഖ‍്യ പരിശീലകനായി മുൻ ഇന്ത‍്യൻ താരം സഹീർ ഖാനെ തെരഞ്ഞെടുത്തത്. മുൻ കോച്ച് സ്റ്റീഫൻ ഫ്ലെമിങ്ങിന്‍റെ ഒഴിവിലേക്കാണ് സഹീർ ഖാനെത്തിയത്.

എന്നാലിപ്പോഴിതാ സഹീർ ഖാന് മുൻപ് പരിശീലക സ്ഥാനത്തേക്ക് മുൻ പേസർ ആശിഷ് നെഹ്റയെ സമീപിച്ചിരുന്നുവെന്ന് വ‍്യക്തമാക്കിയിരിക്കുകയാണ് ആർ. അശ്വിൻ. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര‍്യം പറഞ്ഞത്. എന്നാൽ ആ ഓഫർ നെഹ്റ നിരസിക്കുകയായിരുന്നുവെന്നും അശ്വിൻ വെളിപ്പെടുത്തി.

നിരവധി പരിശീലകരുമായി ചർച്ചകൾ നടന്നിരുന്നു. ആശിഷ് നെഹ്റയുടെ പേരും പരിഗണനയിലുണ്ടായിരുന്നുവെന്ന് തോന്നുന്നു. നെഹ്റയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് വിടേണ്ട കാര‍്യമില്ല. അദ്ദേഹം വളരെ മികച്ച രീതിയിലാണ് ഗുജറാത്ത് ടൈറ്റൻസിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. അശ്വിൻ യൂട‍്യൂബ് ചാനലിൽ പറഞ്ഞു.

മറ്റു 2 ഇന്ത‍്യൻ കോച്ചിന്‍റെയും ഒരു വിദേശ കോച്ചിന്‍റെയും കരാറുകൾ നടന്നിരുന്നുവെന്നും എന്നാൽ പല കാരണങ്ങളാൽ അത് യഥാർഥ‍്യമായില്ലെന്നും അശ്വിൻ പറഞ്ഞു. ചില സന്ദർഭങ്ങളിൽ ഒരു വർഷത്തെ കരാർ ഏറ്റെടുക്കാൻ അവർ തയാറായിരുന്നില്ല. എനിക്ക് നന്നായി അറിയാവുന്ന ഒരു കാര‍്യത്തിൽ കരാർ ഏതാണ്ട് ഉറപ്പിച്ചതാണ്. എന്നാൽ മറ്റു അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ പ്രവൃത്തിക്കാൻ പറ്റില്ലെന്നതായിരുന്നു പ്രശ്നം. അതിലൂടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് അദ്ദേഹം കരുതി. അശ്വിൻ പറഞ്ഞു.

അതേസമയം, സഹീർ ഖാനെ കോച്ചായി തെരഞ്ഞെടുത്ത തീരുമാനത്തെ പറ്റിയും അശ്വിൻ പ്രതികരിച്ചു. സഹീർ ഖാനെ കോച്ചായി തെരഞ്ഞെടുത്തത് മികച്ച തീരുമാനമായി തനിക്ക് തോന്നുന്നുവെന്നും അതിൽ തനിക്ക് സംശയമില്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു. മിടുക്കനായ വ‍്യക്തി, ക്രിക്കറ്റ് അറിയാം, ബൗളിങ് തന്ത്രങ്ങൾ നന്നായി അറിയാം, എം.എസ്. ധോണിയുമായുള്ള അദ്ദേഹത്തിന്‍റെ ബന്ധം മികച്ചതാണ്. യുവതാരങ്ങളുമായി ചേർന്ന് പ്രവൃത്തിക്കാൻ സാധിക്കുന്ന ഇതിഹാസ താരമാണ് സഹീർ. അശ്വിൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com