

തിലക് വർമ, ശിവം ദുബെ
ന‍്യൂഡൽഹി: 6 മാസത്തിനുള്ളിൽ തിലക് വർമ, ഓൾറൗണ്ടർ ശിവം ദുബെ എന്നിവരിലൊരാൾ ഇന്ത‍്യൻ ടീമിൽ നിന്നും പുറത്താകുമെന്ന് മുൻ താരം മുഹമ്മദ് കൈഫ്. തന്‍റെ യൂട‍്യൂബ് ചാനലിലൂടെയായിരുന്നു കൈഫിന്‍റെ പരാമർശം. 'തിലക് വൈസ് ക‍്യാപ്റ്റനാണെന്ന് എനിക്കറിയാം.
എന്നാൽ മുൻപും വൈസ് ക‍്യാപ്റ്റൻമാരെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ശിവം ദുബെ എല്ലാ മത്സരത്തിലും റൺസ് കണ്ടെത്തുന്നില്ല. മാത്രവുമല്ല കഴിവ് തെളിയിക്കേണ്ടതുമുണ്ട്.
ഫീൽഡിങ്ങിലെ പോരായ്മയും അദ്ദേഹത്തിന്‍റെ കുറവാണ്. ഇതുകൂടാതെ ദുബെ മികച്ചൊരു ബൗളിങ് ഓൾറൗണ്ടറല്ല. ബാറ്ററെന്ന നിലയിലാണ് കളിക്കുന്നത്. ആറുമാസത്തിനകം ദുബെയോ തിലകോ പുറത്താകും. ഒരാളെ ഒഴിവാക്കേണ്ടി വരും. അപ്പോൾ വൈഭവ് സൂര‍്യവംശി കളിക്കും. ഇക്കാര‍്യം ഞാൻ ഇപ്പോൾ തന്നെ പറയുകയാണ്'. കൈഫ് യൂട‍്യൂബ് ചാനലിൽ പറഞ്ഞു.
വൈഭവ് ദുലീപ് ട്രോഫിയിൽ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെന്നും പന്തെറിയുകയും ചെയ്തെന്നും അതിനാൽ കൂടുതൽ ഓവറുകൾ എറിയാൻ സാധിച്ചാൽ അത് നേട്ടമാകുമെന്ന് വൈഭവ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് കൈഫ് പറയുന്നത്. അടുത്ത ആറുമാസത്തിനുള്ളിൽ ഇന്ത‍്യൻ ടീം പ്ലെയിങ് ഇലവനിൽ ആദ‍്യം പരിഗണിക്കപ്പെടുന്ന താരമായി വൈഭവ് മാറുമെന്നാണ് കൈഫ് കരുതുന്നത്.