Virat Kohli, Steven Smith, Kane Williamson, Joe Root: The Fab 4 of modern day cricket

വിരാട് കോലി, സ്റ്റീവൻ സ്മിത്ത്, കെയ്ൻ വില്യംസൺ, ജോ റൂട്ട്: ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോർ

ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോർ: നിഴൽ വീശുന്ന സായന്തനം...

ഏതു നട്ടുച്ചയും ഒരു സായന്തനത്തിനു വഴിമാറേണ്ടിവരും. ആധുനിക ക്രിക്കറ്റിലെ നാല് മഹാപ്രതിഭകളുടെ കരിയറുകളിൽ നിഴലുകൾക്ക് നീളം വച്ചു തുടങ്ങിയിരിക്കുന്നു- സ്മിത്തിന്‍റെ ഏകദിന വിരമിക്കൽ അതാണ് ഓർമിപ്പിക്കുന്നത്

വി.കെ. സഞ്ജു

കഴിഞ്ഞ വർഷം ഇന്ത്യ ട്വന്‍റി20 ലോകകപ്പ് നേടിയതിനു പിന്നാലെ ക്രിക്കറ്റിന്‍റെ ഷോർട്ടസ്റ്റ് ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു വിരാട് കോലി. 2019നു ശേഷം ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല ജോ റൂട്ട്. 2024 ജൂണിനു ശേഷം ടി20 കളിച്ചിട്ടില്ല കെയ്ൻ വില്യംസൺ. സ്റ്റീവൻ സ്മിത്ത് ആകട്ടെ, സ്വയം വിരമിച്ചില്ലെങ്കിലും ഓസ്ട്രേലിയയുടെ ടി20 പദ്ധതികളിൽനിന്ന് കഴിഞ്ഞ ലോകകപ്പിനു മുൻപേ പുറത്തായിക്കഴിഞ്ഞു; ഇപ്പോഴിതാ ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കലും പ്രഖ്യാപിച്ചിരിക്കുന്നു.

34-36 പ്രായ വിഭാഗത്തിലാണ് ആധുനിക ക്രിക്കറ്റിലെ ഫാബ് ഫോർ എന്നറിയപ്പെടുന്ന ഈ നാൽവർ സംഘം. നാലു പേരും അന്താരാഷ്ട്ര കരിയറിന്‍റെ അവസാന ഘട്ടത്തോടടുക്കുന്നു. മറ്റു മൂന്നു പേരിൽനിന്ന് വ്യത്യസ്തനായി, പ്രശസ്തിക്കൊപ്പം ആവശ്യത്തിനു കുപ്രസിദ്ധി കൂടി ഇഴചേർന്നു കിടക്കുന്നതാണ് സ്മിത്തിന്‍റെ കരിയർ- ടിപ്പിക്കൽ ഓസ്ട്രേലിയൻ അറഗൻസിന്‍റെ പരിചിത മുഖങ്ങളിൽനിന്ന് വേറിട്ടു നിൽക്കുന്നുണ്ടെങ്കിലും....

തീരാക്കളങ്കവും തിരിച്ചുവരവും

Steven Smith weeps before media persons over ball tampering issue.

പന്തു ചുരണ്ടൽ വിവാദത്തിന്‍റെ പേരിൽ മാധ്യമ പ്രവർത്തകർക്കു മുന്നിൽ കണ്ണീർ വാർക്കുന്ന സ്റ്റീവൻ സ്മിത്ത്.

മൈക്കൽ ക്ലാർക്കിന്‍റെ അസാന്നിധ്യത്തിലാണ് സ്റ്റീവൻ സ്മിത്ത് ആദ്യമായി ഓസ്ട്രേലിയയുടെ പകരക്കാരൻ ക്യാപ്റ്റനാകുന്നത്. എട്ട് ടെസ്റ്റിൽ ആറ് സെഞ്ചുറികളാണ് അന്നാ ഇരുപത്തഞ്ചാം വയസിൽ നേടിയത്. 2015ലെ ആഷസിനു ശേഷം ക്ലാർക്ക് വിരമിച്ചതോടെ ക്യാപ്റ്റൻസി സ്മിത്തിന്‍റെ സ്വന്തവുമായി. പിൽക്കാലത്ത് മൂന്നു ഫോർമാറ്റിലും ഓസ്ട്രേലിയയെ നയിച്ചു, പന്തു ചുരണ്ടാൻ ഡേവിഡ് വാർനറെയും കാമറൂൺ ബാൻക്രോഫ്റ്റിനെയും നിയോഗിച്ച് സ്വയം കുഴി തോണ്ടുന്നതുവരെ!

ടെസ്റ്റ് ക്രിക്കറ്റിൽ 36 സെഞ്ചുറി നേടിക്കഴിഞ്ഞ സ്മിത്തിനെ സാക്ഷാൽ ഡോൺ ബ്രാഡ്മാന്‍റെ പിൻഗാമി എന്നു വിളിക്കാൻ എന്തെങ്കിലും തടസമുണ്ടെങ്കിൽ, അത് 2018ലെ ആ പന്ത് ചുരണ്ടൽ വിവാദമാണ്. ക്യാപ്റ്റൻസി കളഞ്ഞുകുളിച്ച, 12 മാസത്തെ വിലക്ക് ഏറ്റുവാങ്ങിയ, കരിയറിലെ തീരാക്കളങ്കം. പക്ഷേ, അതിൽനിന്നുള്ള തിരിച്ചുവരവും അതിശയകരമായിരുന്നു. 2019ലെ ആഷസ് പരമ്പരയിൽ ട്രോൾ വലയിട്ടതുപോലെ വാരിക്കൂട്ടിയത് 774 റൺസാണ്. ദക്ഷിണാഫ്രിക്കയിൽ നിന്ന് വിവാദത്തിന്‍റെ ചീത്തപ്പേരുമായി സിഡ്നി വിമാനത്താവളത്തിൽ വന്നിറങ്ങി കണ്ണീരണിഞ്ഞു നിന്ന സ്മിത്തിനെ തിരിച്ചുവരവിൽ ക്രിക്കറ്റ് ലോകം കാണുന്നത്, ഒരു ഉന്മാദിയെപ്പോലെ സെഞ്ചുറികൾ ആഘോഷിക്കുന്ന ആഷസ് ഹീറോയായാണ്.

രണ്ട് വർഷത്തേക്ക് നേതൃപരമായ റോളുകളൊന്നും കൊടുക്കില്ലെന്നൊരു ശിക്ഷ കൂടി സ്മിത്തിനു വിധിച്ചിരുന്നു ക്രിക്കറ്റ് ഓസ്ട്രേലിയ. ആ ശിക്ഷയുടെ കാലയളവ് കഴിഞ്ഞതിനു പിന്നാലെ പാറ്റ് കമ്മിൻസിനു കീഴിൽ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു.

ബ്രാഡ്മാനെ പിന്നിലാക്കിയ ലെഗ് സ്പിന്നർ

Steven Smith as a leg spinner in Test cricket

സ്റ്റീവൻ സ്മിത്തിന്‍റെ ലെഗ് സ്പിൻ ബൗളിങ്.

ആഷസിലെ റൺ മഴക്കാലത്തിനു പിന്നാലെ, നീൽ വാഗ്നറെപ്പോലുള്ള ബൗളർമാർ സ്മിത്തിന്‍റെ സ്കോറിങ് ഏരിയകൾ സീൽ ചെയ്ത് ആ കുത്തൊഴുക്കിനു കുറുകെ തടയണ കെട്ടി. എന്നിട്ടും 2022-23 സീസണിൽ 13 ഇന്നിങ്സിനിടെ അഞ്ച് ടെസ്റ്റ് സെഞ്ചുറികൾ വന്നു. ഇതോടെ ശതകക്കണക്കിൽ ബ്രാഡ്മാൻ വരെ പിന്നിലായി. ടെസ്റ്റ് ക്രിക്കറ്റിൽ തുടരുമെന്ന സ്മിത്തിന്‍റെ പ്രഖ്യാപനം 41 ടെസ്റ്റ് സെഞ്ചുറി എന്ന റിക്കി പോണ്ടിങ്ങിന്‍റെ ഓസ്ട്രേലിയൻ റെക്കോഡിനു ഭീഷണിയായി നിലകൊള്ളുകയും ചെയ്യുന്നു.

ബ്രാഡ്മാനു ശേഷം ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ ക്രിക്കറ്റ് ഇതിഹാസങ്ങളിലൊരാൾ എന്നു നിസംശയം വിളിക്കാം സ്റ്റീവൻ സ്മിത്തിനെ. എന്നാൽ, 2010ൽ അദ്ദേഹത്തിന്‍റെ ടെസ്റ്റ് കരിയർ തുടങ്ങുന്നതോ, ഷെയ്ൻ വോണിനെപ്പോലെ, എട്ടാം നമ്പറിൽ ബാറ്റ് ചെയ്യുന്ന സ്പെഷ്യലിസ്റ്റ് ലെഗ് സ്പിന്നർ എന്ന റോളിലായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ ലോകത്തെ ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററും ദേശീയ ടീമിന്‍റെ ക്യാപ്റ്റനുമായി.

ഓസ്ട്രേലിയൻ ക്രിക്കറ്റിലെ ഓർക്കസ്ട്ര കണ്ടക്റ്റർ

Uncommon batting techniques made Steven Smith stand apart

അസാധാരണമായ ഫുട്ട് വർക്കും ബാറ്റിങ് സ്റ്റാൻസും സ്റ്റീവൻ സ്മിത്തിനെ കരിയറിന്‍റെ തുടക്കം മുതൽ വ്യത്യസ്തനാക്കി.

കോംപാക്റ്റ് ടെക്നിക്ക് എന്നതിലുപരി, ഒരു ഓർക്കസ്ട്ര കണ്ടക്റ്ററെപ്പോലെ ആഡംബരപൂർണമായ അവയവ ചലനങ്ങളാൽ ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നും സ്മിത്തിന്‍റെ ബാറ്റിങ്. രണ്ടു വർഷത്തെ പരിശ്രമം കൊണ്ടാണ് ഇതെല്ലാം നിയന്ത്രിച്ച് ടെസ്റ്റ് ബാറ്റിങ്ങിന്‍റെ മൂലമന്ത്രം പഠിച്ചെടുക്കുന്നത്. തുടർന്നിങ്ങോട്ടും ക്രീസിന്‍റെ ആഴവും പരപ്പും പരമാവധി ചൂഷണം ചെയ്ത് ബൗളർമാരെ ആശയക്കുഴപ്പത്തിലാക്കുന്ന ശൈലിയിൽ തന്നെ തുടർന്നു, ഒപ്പം കോപ്പിബുക്കിലെ ഏതു ഷോട്ടും കളിക്കാനാവുമെന്നും തെളിയിച്ചു. ഓസ്ട്രേലിയൻ ബാറ്റർമാർക്ക് അത്ര പഥ്യമല്ലാത്ത സ്പിൻ ബൗളിങ്ങിനെ നിസാരമായി നേരിടാൻ അനായാസ പദചലനങ്ങൾ ഏറെ സഹായകമായി.

കരിയറിന്‍റെ സായന്തനം

Virat Kohli and Steven Smith

വിരാട് കോലിയും സ്റ്റീവൻ സ്മിത്തും

File photo

ടെസ്റ്റ് മത്സരങ്ങൾ തന്നെയാണ് ഏതൊരു ബാറ്ററുടെയും മികവിന്‍റെ അളവുകോൽ. 36 വീതം സെഞ്ചുറികളുമായി സ്മിത്തും റൂട്ടും, 33 സെഞ്ചുറിയുമായി വില്യംസണും, 30 സെഞ്ചുറിയുമായി വിരാട് കോലിയും അതിന് അടിവരയിടുന്നു. എന്നാൽ, സ്മിത്തിന്‍റെ മേഖല ടെസ്റ്റ് ക്രിക്കറ്റ് മാത്രമായിരുന്നില്ല. ഓസ്ട്രേലിയയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ നടുനായകത്വം വഹിച്ച പ്രകടനങ്ങൾ അദ്ദേഹത്തിന്‍റെ കരിയറിൽ മായാമുദ്ര പതിപ്പിച്ചിട്ടുണ്ട്- 2015ലും 2023ലും. 2015 ലോകകപ്പിൽ ഓസ്ട്രേലിയയുടെ ടോപ് സ്കോററായിരുന്നു. സെമി ഫൈനലിൽ ഇന്ത്യക്കെതിരേ നേടിയ സെഞ്ചുറിയും ഫൈനലിൽ ന്യൂസിലൻഡിനെതിരായ അപരാജിത അർധ സെഞ്ചുറിയുമടക്കം തുടരെ അഞ്ച് മത്സരങ്ങളിലാണ് അന്ന് അമ്പതിനു മേലുള്ള സ്കോറുകൾ പിറന്നത്.

എങ്കിലും ഏതു നട്ടുച്ചയും ഒരു സായന്തനത്തിനു വഴിമാറേണ്ടിവരും. ആധുനിക ക്രിക്കറ്റിലെ നാല് മഹാപ്രതിഭകളുടെ കരിയറുകളിൽ നിഴലുകൾക്ക് നീളം വച്ചു തുടങ്ങിയിരിക്കുന്നു- സ്മിത്തിന്‍റെ ഏകദിന വിരമിക്കൽ അതാണ് ഓർമിപ്പിക്കുന്നത്. ഇനിയൊരു തിരിച്ചുവരവില്ല, ഓർമകൾക്ക് മരണവുമില്ല....

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com