
ശുഭ്മൻ ഗിൽ
ലണ്ടൻ: ലോക ക്രിക്കറ്റിലും ഇന്ത‍്യൻ ക്രിക്കറ്റിലും നിരവധി ബാറ്റർമാരുമായി സ്പോൺസർഷിപ്പ് കരാർ ഉണ്ടാക്കിയിട്ടുണ്ട് എംആർഎഫ് എന്ന കമ്പനി. സച്ചിൻ ടെൻഡുൾക്കർ, ബ്രയൻ ലാറ, വിരാട് കോലി... എന്നിങ്ങനെ പട്ടിക നീളുന്നു.
മുൻനിര ബാറ്റർമാർക്കു മാത്രം ലഭിച്ചിരുന്ന സ്പോൺസർഷിപ്പ് കരാർ ചാംപ‍്യൻസ് ട്രോഫിക്ക് പിന്നാലെയാണ് ഇന്ത‍്യൻ താരം ശുഭ്മൻ ഗില്ലിനെ തേടിയെത്തിയത്. ജൂൺ 20ന് ആരംഭിക്കാനിരിക്കുന്ന ഇംഗ്ലണ്ട് പര‍്യടനത്തിന് എംആർഎഫ് ലോഗോയുള്ള ബാറ്റുമായിട്ടായിരിക്കും ഗിൽ കളത്തിലിറങ്ങുന്നത്.
എന്നാൽ, ഗില്ലിന്‍റെ എംആർഎഫ് ബാറ്റിൽ എഴുതിയിട്ടുള്ള പ്രിൻസ് എന്ന വാചകത്തെകുറിച്ചാണ് സോഷ‍്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ ചർച്ച ചെയ്യുന്നത്. സച്ചിൻ ടെൻഡുൾക്കറെ ക്രിക്കറ്റിന്‍റെ ദൈവമായി കാണുന്ന പോലെയും വിരാട് കോലിയെ കിങ് കോലി എന്ന് വിശേഷിപ്പിക്കുന്ന പോലെയുമാണ് ശുഭ്മൻ ഗില്ലിനെ പ്രിൻസ് എന്ന് ആരാധകർ വിശേഷിപ്പിക്കുന്നത്.
എന്നാൽ, സച്ചിൻ ടെൻഡുൾക്കറോ കോലിയോ ബാറ്റിൽ ഇത്തരത്തിലുള്ള വിശേഷണങ്ങൾ ചേർത്തിട്ടില്ലെന്നും ഗിൽ ചെയ്യുന്നത് ശരിയല്ലെന്നുമാണ് ഒരു വിഭാഗം ക്രിക്കറ്റ് ആരാധകരുടെ വിമർശനം. വിദേശ സാഹചര‍്യങ്ങളിൽ ഒരു സെഞ്ചുറി പോലുമില്ലാത്ത താരം ഇത്തരം വിശേഷണങ്ങൾ അർഹിക്കുന്നില്ലെന്നാണ് ഇവർ പറയുന്നത്.