ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം
ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം പുറത്ത്; അർജന്‍റീന ആദ്യം ആൾജീരിയക്കെതിരേ ഇറങ്ങും
ന്യൂയോര്‍ക്ക്: 2026ൽ യുഎസിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്‍റെ മത്സരക്രമം പുറത്തുവന്നു. നിലവിലെ ജേതാക്കളായ അർജന്‍റീന ഗ്രൂപ്പ് ജെയിലും അഞ്ച് തവണ ലോക ജേതാക്കളായ ബ്രസീൽ ഗ്രൂപ്പ് സിയിലും മത്സരിക്കും. പ്രത്യക്ഷത്തിൽ മരണഗ്രൂപ്പ് എന്ന് പറയാവുന്ന ഗ്രൂപ്പുകളില്ല.
ഇതാദ്യമായാണ് ലോകകപ്പിൽ 48 ടീമുകൾ അണിനിരക്കുന്നത്. നിലവിലെ ജേതാക്കളായ ലയണൽ മെസിയുടെ അർജന്‍റീന ഗ്രൂപ്പ് ജെയിലാണ്.
ആൾജീരിയക്കെതിരെയാണ് ലോക ചാമ്പ്യൻമാർ ആദ്യം കളത്തിലിറങ്ങുക. ഓസ്ട്രിയ, ജോർദാൻ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. നിലവിലെ റണ്ണറപ്പുകളായ എംബാപ്പെയുടെ ഫ്രാൻസ് ഗ്രൂപ്പ് ഐ ലാണ്. എർലിങ് ഹാളണ്ടിന്‍റെ നോർവെയും സെനഗലുമാണ് ഐ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. സ്പെയിൻ- സൗദി അറേബ്യക്കും ഉറുഗ്വേക്കുമൊപ്പം ഗ്രൂപ്പ് എച്ചിലാണ് മത്സരിക്കുക. ഗ്രൂപ്പ് എച്ചിൽ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ഏഷ്യയിലെയും വമ്പന്മാർ നേർക്കുനേർ മത്സരിക്കും.

