ന്യൂസിലൻഡ് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ് ഇന്ത്യൻ പേസർമാർ; ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് 186 റൺസ് വിജ‍യലക്ഷ്യം

അർഷദീപ് സിങ്, ഗുർനൂർ ബ്രാർ, അൻഷുൽ കാംബോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പേസ് നിരയാണ് ന്യൂസിലൻഡ് ബാറ്റിങ് നിരയെ തകർത്തത്
First ODI against New Zealand; India opt to bowl

ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനം

Updated on: 

ഓക്‌ലൻഡ്: ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരേ ഇന്ത്യൻ പേസർമാരുടെ തീപ്പൊരി ബോളിങ്. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ഇന്ത്യ 40.2 ഓവറിൽ ന്യൂസിലൻഡിനെ 185 റൺസിന് ഓൾഔട്ടാക്കി.

അർഷദീപ് സിങ്, ഗുർനൂർ ബ്രാർ, അൻഷുൽ കാംബോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പേസ് നിരയാണ് ന്യൂസിലൻഡ് ബാറ്റിങ് നിരയെ തകർത്തത്. അർഷദീപ് നാലും ഗുർനൂർ മൂന്നും അൻഷുൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മേഘാവൃതമായ കാലാവസ്ഥയും പിച്ചിൽ നിന്നുള്ള സ്വിങ്ങും ഇന്ത്യൻ ബോളർമാർക്ക് തുണയായി.

മഴയെ തുടർന്ന് 20 മിനിട്ട് വൈകിയാണ് മത്സരം ആരംഭിച്ചത്. ഓപ്പണർ ടിം സീഫെർട്ട് 38 റൺസ് എടുത്ത് മികച്ച തുടക്കം നൽകാൻ ശ്രമിച്ചെങ്കിലും ഇടവേളകളില്ലാതെ വിക്കറ്റുകൾ നഷ്ടപ്പെട്ടത് ന്യൂസിലൻഡിന് തിരിച്ചടിയായി. 51 പന്തിൽ 30 റൺസ് എടുത്ത ഗ്ലെൻ ഫിലിപ്സ് ഇന്നിങ്സ് കെട്ടിപ്പടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അവസാന ഘട്ടത്തിൽ ബ്ലെയർ ടിക്നർ നടത്തിയ വെടിക്കെട്ടാണ് ന്യൂസിലൻഡിന് ആശ്വാസമായത്. 23 പന്തിൽ നാല് സിക്സറുകൾ ഉൾപ്പെടെ 34 റൺസാണ് ടിക്നർ നേടിയത്.

മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ ഇല്ല. മുഹമ്മദ് സിറാജിനെയും പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. അൻഷുൽ കാംബോജ്, ആഖിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ് എന്നിവർക്കാണ് പേസ് വിഭാഗത്തിന്‍റെ ചുമതല. ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം സ്പിൻ ബോളിങ് ഓൾറൗണ്ടർ നമൻ ധീറിനെയാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയത്.

ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, അൻഷുൽ കാംബോജ്, ആഖിബ് നബി, ഗുർനൂർ ബ്രാർ, അർഷ്ദീപ് സിങ്.

ന്യൂസിലൻഡ് ടീം: ടിം സെയ്ഫർട്ട്, വിൽ യങ്, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാഥം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്‍റനർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, കെയ്ൽ ജാമിസൺ, ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ.