
മുംബൈ: 2022-2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഫൈനല്‍ മാര്‍ച്ച് 18ന് നടക്കും. ഫൈനലിന്റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നോക്കൗട്ട്, സെമി ഫൈനല്‍ മത്സരങ്ങളുടെ തീയതികളും പ്രഖ്യാപിച്ചു. രണ്ട് പാദങ്ങളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്. ആദ്യസെമിയില്‍ ലീഗിലെ ഒന്നാം സ്ഥാനക്കാര്‍ ആദ്യ നോക്കൗട്ടിലെ വിജയിയെ നേരിടും. മാര്‍ച്ച് ഏഴിനാണ് ഈ മത്സരം. മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന രണ്ടാം സെമിയില്‍ ലീഗിലെ രണ്ടാം സ്ഥാനക്കാര്‍ രണ്ടാം നോക്കൗട്ടിലെ വിജയികളെ നേരിടും.
ആദ്യപാദ മത്സരം ലീഗില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീമുകളുടെ ഹോം ഗ്രൗണ്ടില്‍ വെച്ച് നടക്കും.രണ്ടാം പാദ മത്സരം നോക്കൗട്ട് ടീമുകളുടെ ഹോം ഗ്രൗണ്ടില്‍ നടക്കും.
രണ്ടാം പാദ സെമി ഫൈനല്‍ മത്സരങ്ങള്‍ മാര്‍ച്ച് 12 നും 13 നും നടക്കും.ഇത്തവണ പ്ലേ ഓഫ് മത്സരങ്ങളില്‍ കാര്യമായ മാറ്റമുണ്ട്. ആദ്യ ആറുസ്ഥാനങ്ങളിലെത്തുന്ന ടീമിന് ഫൈനലിലെത്താം എന്നതാണ് ഇത്തവണത്തെ ലീഗിനെ വ്യത്യസ്തമാക്കുന്നത്. മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനക്കാര്‍ക്ക് നോക്കൗട്ട് കളിച്ച് സെമി ഫൈനലിലേക്ക് മുന്നേറാം. ലീഗ് മത്സരങ്ങള്‍ കഴിയുമ്പോള്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീം നേരിട്ട് സെമിയിലേക്ക് യോഗ്യത നേടും.ആദ്യ നോക്കൗട്ട് മത്സരം മാര്‍ച്ച് മൂന്നിന് നടക്കും.
ഈ മത്സരത്തില്‍ നാലാം സ്ഥാനക്കാരായ ടീം അഞ്ചാം സ്ഥാനക്കാരെ നേരിടും. തൊട്ടടുത്ത ദിവസം മൂന്നാം സ്ഥാനക്കാര്‍ ആറാം സ്ഥാനക്കാരെ നേരിടും. ഈ മത്സരങ്ങളില്‍ ജയിക്കുന്നവര്‍ക്ക് നേരിട്ട് സെമിയില്‍ കയറാം.