
കൊച്ചി: കൊച്ചിയില്‍ പുതിയ സ്റ്റേഡിയം വരുന്നു. പുതിയ സ്റ്റേഡിയം നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) ഭാരവാഹികള്‍ അറിയിച്ചു. ഇതിനായി എറണാകുളം ജില്ലയില്‍ ഭൂമി വാങ്ങുന്നതിന് കെസിഎ പത്രപ്പരസ്യം നല്‍കിയിരിക്കുകയാണ്. 20 മുതല്‍ 30 ഏക്കര്‍ വരെ സ്ഥലം ഏറ്റെടുക്കാനാണ് കെസിഎയുടെ തീരുമാനം. ഭൂമി വിട്ടുനല്‍കാന്‍ താല്പര്യമുള്ളവര് ഇന്ന് വൈകിട്ട് അഞ്ചിനു മുന്‍പ് തിരുവനന്തപുരത്തെ കെസിഎ ഓഫീസുമായി ബന്ധപ്പെടണമെന്നാണ് പരസ്യത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. കൊച്ചിയില്‍നിന്ന് ക്രിക്കറ്റ് കാര്യവട്ടത്തേക്ക് പറിച്ചു നട്ടതിനെത്തുടര്ന്ന് നിലവില്‍ കേരളത്തില്‍, തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മാത്രമാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തുന്നത്.
എന്നാല്‍ ഇതു കേരള സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ്. സ്റ്റേഡിയം പാട്ടത്തിനെടുത്താണ് കെസിഎ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈ മാസം ഇവിടെ നടന്ന ഇന്ത്യ-ശ്രീലങ്ക മത്സരത്തിനു പിന്നാലെ കെസിഎയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പരസ്യ ഏറ്റുമുട്ടലിലേക്ക് പോയിരുന്നു. ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള വിവാദങ്ങളെ തുടര്‍ന്നായിരുന്നു ഭിന്നത. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ മുന്‍പ് മത്സരങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതു പൂര്‍ണമായും ഫുട്ബോള്‍ സ്റ്റേഡിയമാക്കി മാറ്റിയിരിക്കുകയാണ്. ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കലൂര്‍ സ്റ്റേഡിയം.
വയനാട് കൃഷ്ണഗിരിയില്‍ ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം കെഎസിഎയ്ക്ക് സ്വന്തമായി ഉണ്ടെങ്കിലും യാത്രാസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പരിമിതി മൂലം രാജ്യാന്തര മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തടസ്സമുണ്ട്. ഇതേത്തുടര്‍ന്നാണ് കെസിഎ കൊച്ചിയില്‍ സ്റ്റേഡിയം നിര്‍മിക്കാനൊരുങ്ങുന്നത്. മുമ്പ് ഇടക്കൊച്ചിയില്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ കെസിഎ ശ്രമിച്ചിരുന്നെങ്കിലും വിവിദങ്ങളെ തുടര്‍ന്ന് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ നെടുമ്പാശേരിയിലും വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിനു സമീപമുള്ള ഭൂമിയുമാണ് കെഎസിഎയുടെ പരിഗണനയിലുള്ളത്. നെടുമ്പാശേരിയിലെ ഭൂമി ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉള്‍പ്പെടെ എത്തി പരിശോധിച്ചിരുന്നു.
ഭൂമി ഏറ്റെടുക്കലിന്റെ നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോള്‍ പത്രപ്പരസ്യം നല്‍കിയതെന്നു സൂചനയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ക്ലിയറന്‍സ് കൂടി സ്ഥലം ലഭിക്കേണ്ടതുണ്ട്.