
ലോകത്തിന്‍റെ ആവേശം ഒരു ബോളിലേക്കു ചുരുങ്ങിയ മത്സരമായിരുന്നു കഴിഞ്ഞവർഷത്തെ ഫുട്ബോൾ ലോകകപ്പ് ഫൈനൽ. അനുനിമിഷം ആകാംക്ഷയുടെ നിമിഷങ്ങൾ വാരിവിതറിയാണു ഫൈനലിൽ അർജന്‍റീനയും ഫ്രാൻസും ഏറ്റുമുട്ടിയത്. അർജന്‍റീനയ്ക്കു വിജയം സമ്മാനിച്ച ആ ഫുട്ബോൾ ലേലത്തിനു വരുന്നു. 2022 ലോകകപ്പ് ഫൈനലിൽ ഉപയോഗിച്ച ബോൾ സ്വന്തമാക്കാനുള്ള ഓൺലൈൻ ലേലം ജൂണിൽ ആരംഭിക്കും. ഇപ്പോൾത്തന്നെ നിരവധി പേർ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിക്കഴിഞ്ഞു.
അഡിഡാസ് ഡിസൈൻ ചെയ്ത ബോളിനു പ്രതീക്ഷിക്കുന്ന ലേലത്തുക രണ്ടു കോടിയിലധികം രൂപയാണ്. വേൾഡ് കപ്പ് ട്രോഫി, ഖത്തറിന്‍റെ ദേശീയപതാക, ദോഹയിലെ മരുഭൂമികൾ എന്നിവയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണു ഈ ഫുട്ബോൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കണക്റ്റഡ് ബോൾ ടെക്നോളജി എന്ന സാങ്കേതികവിദ്യയും ഫൈനൽ ഫുട്ബോളിലുണ്ട്.
വിൻ ദ മാച്ച് ബോൾ എന്ന പേരിലൊരു മത്സരം അഡിഡാസ് ലോകകപ്പ് ഫുട്ബോൾ വേളയിൽ സംഘടിപ്പിച്ചിരുന്നു. അതിനുസരിച്ചു ഫൈനലിൽ ഉപയോഗിച്ച ബോൾ ഒരാൾക്കു ലഭിച്ചു. ഇതുവരെ പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത ആ വ്യക്തിയാണ് ഈ ഫുട്ബോൾ, ഗ്രഹാം ബഡ് ഓക്ഷൻസിലൂടെ ലേലത്തിൽ എത്തിക്കുന്നത്.