
ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്സിനെതിരേ നടപടിയെടുക്കുമെന്നു സൂചന. ഇതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സിന്റെ പരാതി തള്ളിയതിന്റെ പിന്നാലെ മറ്റൊരു അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്. മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ് വാക്കൌട്ട് നടത്തിയതുമായി ബന്ധപ്പെട്ടാണ് പുതിയൊരു കമ്മറ്റി അന്വേഷണം ആരംഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ എന്ത് അച്ചടക്കനടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ഇവര്‍ തീരുമാനിക്കും.
ലീഗ് നിയമങ്ങള്‍ അനുസരിച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ കളിക്കാര്‍ക്ക് അനുവാദമില്ല. വാക്കൗട്ട് നടത്തിയ ബ്ലാസ്റ്റേഴ്സിനെതിരെ അച്ചടക്കനടപടി തന്നെ ഉണ്ടാകുമെന്നാണ് സൂചന.
കേരള ബ്ലാസ്റ്റേഴ്സിനെതിരെ എന്ത് അച്ചടക്കനടപടിയാണ് വേണ്ടതെന്ന കാര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാവും. ടീമിന്റെ പ്രതിഷേധം അനുവദനീയമാണോ എന്നാണ് പരിശോധിക്കുന്നത്. മത്സരത്തില്‍ നിന്ന് പിന്മാറുന്നതുപോലുള്ള പ്രതിഷേധങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ തന്നെ എഐഎഫ്എഫ് വ്യക്തമാക്കിയിട്ടുണ്ട്. അച്ചടക്ക നിയമത്തിലെ ആര്‍ട്ടിക്കിള്‍ 58.1 പ്രകാരമാണ് നടപടി ഉണ്ടാവുക. കേരള ബ്ലാസ്റ്റേഴ്സ് ആറ് ലക്ഷം രൂപ വരെ പിഴ അടയ്ക്കേണ്ടതായും അല്ലെങ്കില്‍ ലീഗില്‍ നിന്ന് ഒരു സീസണില്‍ വിലക്ക് ലഭിക്കുകയും വരെ ചെയ്തേക്കാം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതോ ഇനി നടക്കാന്‍ ഉള്ളതോ ആയ ടൂര്‍ണമെന്റില്‍ നിന്ന് വിലക്കാന്‍ മതിയായ കുറ്റമാണ് കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. പ്രതിഷേധത്തിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്തായിരിക്കും പുതിയ കമ്മിറ്റി നടപടി പ്രഖ്യാപിക്കുക.
ഗുരുതരമായ അച്ചടക്കലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 58.2 പ്രകാരമാണ് നടപടി വരിക. മത്സരത്തില്‍ നിന്ന് വിലക്കും 6 ലക്ഷം രൂപ വരെ പിഴയും ഈ നിയമത്തിലും പറയുന്നുണ്ട്. ടൂര്‍ണമെന്റില്‍ നിന്ന് ടീമിനെ വിലക്കാന്‍ മതിയായ കുറ്റമാണ് ഇതെന്നും ആര്‍ട്ടിക്കിള്‍ 58.2 വ്യക്തമാക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണില്‍ വിലക്ക് ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് നേരത്തെ പുറത്തുവന്നിരുന്നത്.
പിഴ ചുമത്തുകയും പോയിന്റ് വെട്ടിക്കുറുക്കുകയും ചെയ്യും എന്നാണ് സൂചനകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ എഐഎഫ്എഫ് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സമിതി എന്ത് തീരുമാനം എടുക്കും എന്നതിനെ ആശ്രയിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി. ടീം പരിശീലകന് ഇവാന് വുകോമനോവിച്ചിനെതിരെ നടപടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.