
കേരള ബ്ലാസ്റ്റേഴ്സിന് (kerala blasters) 4 കോടി രൂപ പിഴ വിധിച്ച് ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ (എഐഎഫ്എഫ്). കോച്ച് ഇവാന് വുകോമാനോവിച്ചിന് (Ivan Vukomanovic) പത്തു കളികളിൽ നിന്ന് വിലക്കും, 5 ലക്ഷം രൂപ പിഴശിക്ഷയും ഫെഡറേഷൻ അച്ചടക്കസമിതി വിധിച്ചിട്ടുണ്ട്. ഐഎസ്എൽ പ്ലേ ഓഫ് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ട് വിട്ടു പോയതിനാണു നടപടി. സംഭവത്തിൽ ബ്ലാസ്റ്റേഴ്സ് മാപ്പ് പറയണമെന്നും, ഇല്ലെങ്കിൽ പിഴത്തുക ആറു കോടിയായി ഉയരുമെന്നും ഫുട്ബോൾ ഫെഡറേഷൻ വ്യക്തമാക്കുന്നു. വുകോമാനോവിച്ചിനോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇല്ലെങ്കിൽ പിഴത്തുക പത്തു ലക്ഷമായി ഉയരും. ടീമിനും കോച്ചിനും ഈ വിധിയിൽ അപ്പീലിനു പോകാനുള്ള അവകാശമുണ്ട്
മാർച്ച് 3-ന് ഐഎസ്എല്‍ പ്ലേ ഓഫില്‍ ബെംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ വിവാദഗോളിനെ തുടര്‍ന്ന് ബ്ലാസ്റ്റേഴ്സ് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. കളിയുടെ എക്സ്ട്രാ ടൈമില്‍ 15 മിനിറ്റോളം ശേഷിക്കെ ടീമിനെ വുകോമാനോവിച്ച് തിരിച്ചുവിളിച്ച സംഭവം വിവാദമായിരുന്നു.
ഐഎസ്എല്ലില്‍ ആദ്യമായാണ് ഒരു ടീം ബഹിഷ്കരണം നടത്തി ഇറങ്ങിപ്പോകുന്നത്. സംഭവത്തിൽ എഐഎഫ്എഫ് ഇവാന് വുകമാനോവിച്ചിന് പ്രത്യേകം നോട്ടീസ് അയച്ചിരുന്നു. നോട്ടീസിന് അദ്ദേഹം മറുപടിയും നല്കി. ''താരങ്ങളെ തിരിച്ചുവിളിച്ചത് പെട്ടെന്നെടുത്ത തീരുമാനമായിരുന്നു. പല റഫറീയിംഗ് തീരുമാനങ്ങളും ടീമിന് എതിരായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിലും റഫറി പിഴവ് വരുത്തി. അതേ റഫറി വീണ്ടും പിഴവ് വരുത്തിയത് സഹിക്കാനായില്ല, വുകമാനോവിച്ച് വിശദീകരിച്ചു.