

ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരത്തിൽ ജോർദാനെതിരേ ഗോളടിച്ച അർജന്‍റീന സൂപ്പർ താരം ലയണൽ മെസി.
ലയണൽ മെസിയില്ല, അലക്സി മാക് അലിസ്റ്ററും റോഡ്രിഗോ ഡിപോളും അടക്കം ആദ്യ ഇലവനിലെ പതിവുകാർ പലരുമില്ല. പക്ഷേ, അർജന്റീന പഴയ അർജന്റീന തന്നെയായിരുന്നു. ഇഴ മുറിയാതെ വല നെയ്യുന്ന പാസുകളുമായി കളം നിറഞ്ഞ ലാ ആൽബിസെലസ്റ്റെയ്ക്കു മുന്നിൽ ജോർദാൻ ഒരു എതിരാളിയേ ആയില്ല. എതിരേ കളിക്കുന്ന ടീമിന്റെ നിലവാരത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന പതിവ് വിട്ട്, ഒന്നിനെതിരെ മൂന്ന് ഗോൾ ജയവുമായി അർജന്റീന തങ്ങളുടെ ഗ്രൂപ്പ് ഘട്ടം ആധികാരികമായി പൂർത്തിയാക്കി.
അവസാന അര മണിക്കൂർ മാത്രം കളത്തിലിറങ്ങിയ ലയണൽ മെസി ഒരു ട്രേഡ് മാർക്ക് ഫ്രീ കിക്ക് ഗോളുമായി ഗോൾഡൻ ബൂട്ട് മത്സരത്തിൽ ലീഡ് ഉയർത്തി. ഈ ലോകകപ്പിൽ ആറാം ഗോൾ സ്വന്തമാക്കിയ അർജന്റൈൻ ഇതിഹാസം, തുടരെ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന സമാനതകളില്ലാത്ത റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ബ്രസീൽ വനിതാ ടീമിലെ ഇതിഹാസ താരം മാർത്തയെയും മറികടന്ന് ലോകകപ്പുകളുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറിയ മെസിക്ക് ഇപ്പോൾ ആകെ 19 ലോകകപ്പ് ഗോളുകളായി.
മെസിയില്ലാത്തതിന്റെ യാതൊരു അങ്കലാപ്പും കാണിക്കാതെ കളി തുടങ്ങിയ അർജന്റീന തുടക്കം മുതൽ ആക്രമിച്ചു. കളിയുടെ തുടക്കത്തിൽ ലോ സെൽസോയുടെ ഒരു ഗോൾ ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങി നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ 19-ാം മിനിറ്റിൽ അർജന്റീന അർഹിച്ച ആദ്യ ഗോൾ പിറന്നു. പെനൽറ്റി ബോക്സിന് തൊട്ടു പുറത്തുവച്ച് കിട്ടിയ ഫ്രീ കിക്ക് വലയിലെത്തിച്ചത് ജിയോവാനി ലോ സെൽസോ (Giovani Lo Celso) തന്നെ. ഇടങ്കാലിന്റെ കൃത്യതയും കരുത്തും ഒരു മാത്ര സാക്ഷാൽ മെസിയെ ഓർമിപ്പിച്ച മുഹൂർത്തത്തിൽ സ്റ്റേഡിയം ആർത്തിരമ്പി. ലോ സെൽസോയുടെ കരിയറിലെ ആദ്യ ലോകകപ്പ് ഗോൾ കൂടിയായിരുന്നു ഇത്.
31-ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിൽ നിന്നായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ. ബോക്സിനുള്ളിലെ ഫൗളിന് വാർ (VAR) പരിശോധനയ്ക്ക് ഒടുവിലാണ് റഫറി പെനൽറ്റി വിധിച്ചത്. കിക്ക് എടുത്തത് ലോട്ടേരോ മാർട്ടിനസ് (Lautaro Martínez). മുൻപ് പാഴാക്കിയ അവസരങ്ങൾക്ക് പ്രായശ്ചിത്തം പോലെ മാർട്ടിനസിന് ഈ ലോകകപ്പിൽ ആദ്യ ഗോൾ. ആദ്യ പകുതിയിൽ അപകടകരമായൊരു മുന്നേറ്റം പോലും സംഘടിപ്പിക്കാൻ സാധിക്കാതിരുന്ന ജോർദാന് രണ്ട് ഗോളുമായി ഇടവേളയ്ക്ക് പോകാൻ സാധിച്ചത് ഭാഗ്യത്തിന്റെ കൂടി സഹായത്തോടെയായിരുന്നു.
എന്നാൽ, രണ്ടാം പകുതിയിൽ ജോർദാൻ അൽപ്പം ഒന്നുണർന്നു. അതിന്റെ ഫലമായിരുന്നു 55-ാം മിനിറ്റിൽ മൂസ അൽ താമരി നേടിയ ഗോൾ. ഹാഫ് ടൈമിൽ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ അൽ താമരി, ക്യാപ്റ്റൻ ഇഹ്സാൻ ഹദ്ദാദ് നൽകിയ വടിവൊത്ത ക്രോസിൽ നിന്ന് ഒരു ഷാർപ്പ് ഷോട്ടുതിർത്തു. അർജന്റീനയുടെ വിഖ്യാത ഗോളി ഈ മത്സരത്തിൽ പരീക്ഷിക്കപ്പെട്ട ഒരേയൊരു മൊമെന്റ് അതായിരുന്നു. എമി മാർട്ടിനസിന്റെ കൈപ്പത്തിയിൽ തട്ടി പന്ത് വലയിൽ കയറുമ്പോൾ ജോർദാൻ താരങ്ങൾക്ക് ലോകകപ്പ് ജയിച്ച സന്തോഷം. ഈ ഗോളോടെ, ഈ വർഷത്തെ ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ പ്രതിരോധക്കോട്ട ആദ്യമായി ഭേദിക്കുന്ന ടീമെന്ന ബഹുമതി ജോർദാൻ സ്വന്തമാക്കി.
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരത്തിൽ ജോർദാനെതിരേ ആദ്യ ഗോൾ നേടിയ അർജന്‍റീന താരം ജിയോവാനി ലോ സെൽസോ.
അവസാന മിനിറ്റുകളിൽ മാത്രമാണ് അർജന്റീനയുടെ യഥാർഥ പ്ലെയിങ് ഇലവനെ കളത്തിൽ കാണാനായത്. ഏറെക്കുറെ മെസിക്ക് പകരമെന്നോണം വലതു വിങ്ങിൽ കളിച്ച യുവതാരം നിക്കോ പാസ് നിരാശപ്പെടുത്തിയിരുന്നു. 60-ാം മിനിറ്റിൽ ലോ സെൽസോയ്ക്ക് പകരം മെസി കളത്തിലിറങ്ങി, നിക്കോ പാസിന് പകരം മാക് അലിസ്റ്ററും വന്നതോടെ അർജന്റീനയുടെ മുന്നേറ്റങ്ങൾക്ക് വേഗം കൂടി. ലോട്ടേരോ നൽകിയ പാസിൽ നിന്നും ലോ സെൽസോ വീണ്ടും വലകുലുക്കിയെങ്കിലും അതും ഓഫ്‌സൈഡ് വിധിയിൽ റദ്ദാക്കപ്പെട്ടു.
80-ാം മിനിറ്റിലായിരുന്നു മെസി മാജിക് മുദ്ര ചാർത്തിയ ഫ്രീ കിക്ക് ഗോൾ. ബോക്സിന് തൊട്ടുമുകളിൽ നിന്നും ഇടതുകാലിൽ നിന്ന് പുറപ്പെട്ട കിക്ക്, അധികമൊന്നും ഉയരത്തിലേക്ക് പോകാതെ, ഗ്രൗണ്ടിന് സമാന്തരമായി, സഹതാരങ്ങൾക്കും എതിർ ഡിഫൻഡർമാർക്കും ഇടയിലൂടെ അതിന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഒരു ഗൈഡഡ് മിസൈൽ പോലെ ചെന്നു തറയ്ക്കുമ്പോൾ, ഏരിയൽ ഷോട്ട് പ്രതീക്ഷിച്ച ജോർദാൻ ഗോളി യസീദ് അബുലൈല ഒരു ശ്രമം നടത്താൻ പോലുമാകാതെ അന്തം വിട്ടു നിന്നു.
ജോർദാനെതിരേ ലയണൽ മെസിയുടെ ഫ്രീ കിക്ക് ഗോൾ പോയ വഴി.
ആദ്യ രണ്ട് ജയങ്ങളോടെ തന്നെ അർജന്‍റീന ജെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനം ഉറപ്പാക്കിയിരുന്നു. മൂന്നാം വിജയത്തോടെ 9 പോയിന്റുമായി രാജകീയമായി തന്നെയാണ് നിലവിലുള്ള ചാംപ്യൻമാർ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നത്. റൗണ്ട് ഓഫ് 32-ൽ കേപ്പ് വെർദെയാണ് എതിരാളികൾ. ഒരു പോയിന്റ് പോലുമില്ലാതെ ജോർദാൻ അവസാനക്കാരായി പുറത്തായി.
ഇതേസമയം നടന്ന മറ്റൊരു മത്സരത്തിൽ ഓസ്ട്രിയയും അൾജീരിയയും കടുത്ത പോരാട്ടത്തിനൊടുവിൽ 3-3 സമനിലയിൽ പിരിഞ്ഞു. ഇതോടെ 4 പോയിന്റ് വീതം നേടിയ ഓസ്ട്രിയ ഗ്രൂപ്പിൽ രണ്ടാമതായും അൾജീരിയ മൂന്നാമതായും നോക്കൗട്ട് (റൗണ്ട് ഓഫ് 32) യോഗ്യത ഉറപ്പിച്ചു.