വരുന്നത് ബ്രസീൽ vs അർജന്‍റീന സൂപ്പർ ക്ലാസിക്കോ?

ഇത്തവണത്തെ ഫിഫ ലോകകപ്പിന്‍റെ ഫൈനലിലും ബ്രസീലും അർജന്‍റീനയും നേർക്കുനേർ വരില്ല. പക്ഷേ, സെമി ഫൈനലിൽ അങ്ങനെയൊരു സാധ്യത നിലനിൽക്കുന്നു
Brazil vs Argentina FIFA world cup 2026 possibility

വിനീഷ്യസും മെസിയും നേർക്കുനേർ വന്നാൽ അതെപ്പോൾ?

Updated on

അർജന്‍റീനയും ബ്രസീലും നേർക്കുനേർ ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനൽ- ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത വിസ്മയം. ലാറ്റിനമെരിക്കൻ ഫുട്ബോളിലെ കരുത്തർ പരസ്പരം മത്സരിക്കുമ്പോൾ ലോകം അതിനെ സൂപ്പർ ക്ലാസിക്കോ എന്നാണ് വിളിക്കുക. 1990-ലായിരുന്നു ലോകകപ്പിലെ അവസാന സൂപ്പർ ക്ലാസിക്കോ. 2022ലെ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോടു തോറ്റില്ലായിരുന്നെങ്കിൽ ബ്രസീൽ ആയിരുന്നേനേ സെമി ഫൈനലിൽ അർജന്‍റീയുടെ എതിരാളികൾ. പക്ഷേ, വിധി മറ്റൊന്നായിരുന്നു!

ഇക്കുറി ഇരു ടീമുകളും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാമതെത്തിയതോടെ, ടൂർണമെന്‍റിന്‍റെ നോക്കൗട്ട് ബ്രാക്കറ്റിൽ ഒരേ വശത്താണ് അർജന്‍റീനയും ബ്രസീലും സ്ഥാനം പിടിച്ചിരിക്കുന്നത്. അതിനാൽ, ഫൈനലിൽ ഇവർ തമ്മിലുള്ള പോരാട്ടം അസാധ്യമാണ്. എന്നാൽ, സെമി ഫൈനലിൽ ഈ ഇതിഹാസ പോരാട്ടം സംഭവിക്കാൻ സാധ്യതയുണ്ട്. ഇതിനായി ഇരു ടീമുകളും തങ്ങളുടെ അടുത്ത റൗണ്ടുകളിലെ കടമ്പകൾ വിജയകരമായി മറികടക്കേണ്ടതുണ്ടെന്നു മാത്രം.

ജൂലൈ മൂന്നിന് കേപ്പ് വെർദെക്കെതിരായ പ്രീ-ക്വാർട്ടർ പോരാട്ടം വിജയിച്ചാൽ അർജന്‍റീന ക്വാർട്ടർ ഫൈനലിലെത്തും. അവിടെ ഓസ്ട്രേലിയയോ ഈജിപ്റ്റോ ആയിരിക്കും എതിരാളികൾ. പ്രീ-ക്വാർട്ടറിൽ ജപ്പാനെ തോൽപ്പിച്ച ബ്രസീൽ ആത്മവിശ്വാസത്തിലാണ്. എന്നാൽ, ക്വാർട്ടറിൽ നേരിടേണ്ടി വരുന്നത് ഇംഗ്ലണ്ട് - മെക്സിക്കോ മത്സരത്തിലെ വിജയികളെ ആയിരിക്കും.

സൂപ്പർ ക്ലാസിക്കോയുടെ ലോകകപ്പ് ചരിത്രം

ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ നാല് തവണയാണ് അർജന്‍റീനയും ബ്രസീലും ഏറ്റുമുട്ടിയത്. അതിൽ ബ്രസീലിന് രണ്ട് വിജയങ്ങളും അർജന്‍റീനയ്ക്ക് ഒരു വിജയവുമുണ്ട്. ഒരു മത്സരം സമനിലയായി. 1990-ൽ കനീഗിയ നേടിയ ഗോളിൽ അർജന്‍റീന ബ്രസീലിനെ തോൽപ്പിച്ചതാണ് ഈ പരമ്പരയിലെ അവസാനത്തെ ലോകകപ്പ് പോരാട്ടം. അന്ന് ഡീഗോ മറഡോണയോട് കരേക്ക ബാക്കി വച്ച കണക്ക്, ഇക്കുറി ലയണൽ മെസിയോടു തീർക്കാൻ വിനീഷ്യസിന് അവസരമുണ്ടാവണമെങ്കിൽ അത് സെമി ഫൈനലിലായിരിക്കും.

1974 ലോകകപ്പ്: രണ്ടാം റൗണ്ട് മത്സരത്തിൽ ബ്രസീൽ 2-1 എന്ന സ്കോറിന് അർജന്‍റീനയെ പരാജയപ്പെടുത്തി. ജെയർസീഞ്ഞോയും റിവെല്ലീനോയുമാണ് ബ്രസീലിനായി സ്കോർ ചെയ്തത്.

1978 ലോകകപ്പ്: രണ്ടാം റൗണ്ട് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. 'ബാറ്റിൽ ഓഫ് റൊസാരിയോ' എന്നറിയപ്പെടുന്ന ഈ മത്സരം അങ്ങേയറ്റം അക്രമാസക്തമായിരുന്നു. തോറ്റില്ലെങ്കിലും സമനിലയോടെ ബ്രസീൽ പുറത്തായി. അർജന്‍റീന ആദ്യമായി ലോകകപ്പ് നേടിയതും അതേ വർഷം.

1982 ലോകകപ്പ്: രണ്ടാം റൗണ്ടിൽ സീക്കോയുടെ ബ്രസീൽ 3-1 എന്ന സ്കോറിന് വിജയിച്ചു. ഡീഗോ മറഡോണ ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരം.

1990 ലോകകപ്പ്: പ്രീ-ക്വാർട്ടർ ഫൈനലിൽ അർജന്‍റീന 1-0 എന്ന സ്കോറിന് ബ്രസീലിനെ പരാജയപ്പെടുത്തി. പരുക്കേറ്റ കാലുമായി മറഡോണ നടത്തിയ മുന്നേറ്റത്തിനൊടുവിൽ ക്ലോഡിയോ കനീജിയ ഗോളടിച്ചു.

നേരിയ മുൻതൂക്കം ബ്രസീലിന്

ഫിഫ അംഗീകരിച്ച 110 മത്സരങ്ങളുടെ ചരിത്രത്തിൽ ബ്രസീൽ 43 തവണയും അർജന്‍റീന 41 തവണയും വിജയിച്ചു; 26 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

ബ്രസീലിനെതിരേ അർജന്‍റീനയുടെ ഏറ്റവും ഒടുവിലത്തെ ടൂർണമെന്‍റ് നേട്ടം 2021-ലെ കോപ്പ അമേരിക്ക ഫൈനലിലായിരുന്നു. ബ്രസീലിലെ വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഞ്ചൽ ഡി മരിയ നേടിയ ഒറ്റ ഗോളിന് അർജന്‍റീന കിരീടം സ്വന്തമാക്കി.

അർജന്‍റീനയും ബ്രസീലും ഇതുവരെ ഒരിക്കലും ലോകകപ്പ് ഫൈനലിലോ സെമി ഫൈനലിലോ നേരിട്ട് ഏറ്റുമുട്ടിയിട്ടില്ല.

logo
Metro Vaartha
www.metrovaartha.com