92-ാം മിനിറ്റിൽ ഗോൾ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ക്യാനഡ പ്രീ-ക്വാർട്ടറിൽ

സ്റ്റീഫൻ എസ്തക്യോയുടെ ഇഞ്ചുറി ടൈം വോളി ഗോളിലൂടെ ലോകകപ്പ് നോക്കൗട്ടിൽ ആദ്യ ജയം നേടി ക്യാനഡ പ്രീ-ക്വാർട്ടറിൽ
Canada vs South Africa FIFA world cup 2026 round of 32

സ്റ്റീഫൻ എസ്തക്യോ - ക്യാനഡയുടെ വിജയശിൽപ്പി.

Updated on

കളി ഇഞ്ചുറി ടൈമിലേക്ക് കടക്കുമ്പോഴും ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ കനത്ത നിശബ്ദതയായിരുന്നു. ആതിഥേയരായ ക്യാനഡയെ സൗത്ത് ആഫ്രിക്കയുടെ പ്രതിരോധം അത്രമേൽ വരിഞ്ഞുമുറുക്കിയിരുന്നു. കളി അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരുന്ന നിമിഷം. പക്ഷേ, 92-ാം മിനിറ്റിൽ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആ ചരിത്ര ഗോൾ പിറന്നു!

ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ഒരു ഗോളിന് (1-0) തകർത്ത് ക്യാനഡ ലോകകപ്പ് ചരിത്രത്തിലാദ്യമായി ഒരു നോക്കൗട്ട് മത്സരം വിജയിച്ച് പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 16) യോഗ്യത നേടി. മിഡ്ഫീൽഡർ സ്റ്റീഫൻ എസ്തക്യോ ആണ് ക്യാനഡയുടെ ചരിത്രവിജയത്തിന്‍റെ ശിൽപ്പി.

ഈ ലോകകപ്പിന്‍റെ സഹആതിഥേയരായ ക്യാനഡ, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് തോറ്റ് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായതോടെയാണ് കളം മാറി അമെരിക്കയിലെ ലോസ് ആഞ്ചലസിൽ കളിക്കാൻ ഇറങ്ങേണ്ടി വന്നത്.

മത്സരത്തിൽ വ്യക്തമായ ആധിപത്യം ക്യാനഡയ്ക്കായിരുന്നെങ്കിലും ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവെൻ വില്യംസിന്‍റെ തകർപ്പൻ ഫോം അവർക്ക് വലിയ വിഘാതമായി. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിൽ മോയിസ് ബോംബിറ്റോയുടെ ഹെഡ്ഡർ സൗത്ത് ആഫ്രിക്കൻ താരം ഓബ്രി മോഡിബ ഗോൾ ലൈനിൽ നിന്ന് ഹെഡ്ഡ് ചെയ്ത് രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ താജോൺ ബുക്കാനന്‍റെ ഉറപ്പായ ഒരു ഗോളവസരം വില്യംസ് പറന്നുതടഞ്ഞു.

രണ്ടാം പകുതിയിലും കനേഡിയൻ സ്ട്രൈക്കർ താനി ഒലുവസേയിയുടെ ഉഗ്രനൊരു ഷോട്ട് വില്യംസ് തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് ഒലുവസേയി വലയിലാക്കാൻ ശ്രമിച്ചെങ്കിലും ദക്ഷിണാഫ്രിക്കൻ ഡിഫെൻഡർ എംബെകെസെലി എംബൊകാസി അത് സ്ലൈഡ് ചെയ്ത് കോർണറാക്കി മാറ്റി. കളിയിൽ ക്യാനഡ ഏഴ് ഓൺ-ടാർഗറ്റ് ഷോട്ടുകൾ ഉതിർത്തപ്പോൾ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നേ കണ്ടെത്താനായുള്ളൂ.

75-ാം മിനിറ്റിൽ ക്യാനഡയുടെ സൂപ്പർ താരം അൽഫോൺസോ ഡേവിസ് പകരക്കാരനായി ഇറങ്ങിയതോടെ സ്റ്റേഡിയം ഇളകിമറിഞ്ഞു. ഡേവിസിന്‍റെ വേഗം ക്യാനഡയുടെ മുന്നേറ്റങ്ങൾക്ക് മൂർച്ച കൂട്ടി.

വജ്രായുധം: സ്റ്റീഫൻ എസ്തക്യോ!

മത്സരത്തിന്‍റെ കളിസമയം കഴിഞ്ഞ് ഇഞ്ചുറി ടൈമിന്‍റെ രണ്ടാം മിനിറ്റിലാണ് (90+2') ക്യാനഡ കാത്തിരുന്ന ആ സുവർണ നിമിഷം എത്തിയത്. ബോക്സിലേക്ക് ഉയർന്നുവന്ന ഒരു കനേഡിയൻ ക്രോസ് ദക്ഷിണാഫ്രിക്കൻ ഡിഫെൻഡറുടെ തലയിൽ തട്ടി ബോക്സിന്‍റെ അരികിൽ നിന്നിരുന്ന സ്റ്റീഫൻ എസ്തക്യോയുടെ നെഞ്ചിലേക്ക് പാഞ്ഞെത്തി. എസ്തക്യോ പന്ത് അതിമനോഹരമായി നെഞ്ചിൽ നിയന്ത്രിച്ച്, നിലംതൊടും മുൻപ് വലതുകാലുകൊണ്ട് തൊടുത്ത തകർപ്പൻ വോളി ഷോട്ട് സൗത്ത് ആഫ്രിക്കൻ ഗോളി വില്യംസിനെ പൂർണമായും നിഷ്പ്രഭനാക്കി വലയുടെ താഴത്തെ ഇടത് മൂലയിൽ ചെന്നു തറച്ചു! എസ്തക്യോ തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച്.

ക്വാർട്ടറിലേക്കുള്ള ടിക്കറ്റിനായി ക്യാനഡ ജൂലൈ 4-ന് ഹൂസ്റ്റണിൽ വെച്ച് നടക്കുന്ന പ്രീ-ക്വാർട്ടർ മത്സരത്തിൽ നെതർലൻഡ്സ് - മൊറോക്കോ മത്സരത്തിലെ വിജയികളെ നേരിടും.

തോറ്റെങ്കിലും, തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിച്ചതിന്‍റെ തലപ്പൊക്കത്തോടെയാണ് ഹ്യൂഗോ ബ്രൂസിന്‍റെ പരിശീലനത്തിലിറങ്ങിയ ദക്ഷിണാഫ്രിക്ക മടങ്ങുന്നത്.

ബ്രൂസ് ഈ മത്സരത്തിന് ടീമിനെ ഇറക്കുമ്പോൾ പ്രായം 74 വയസും 79 ദിവസവുമായിരുന്നു. ഇതോടെ ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിൽ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന ഏറ്റവും പ്രായം കൂടിയ കോച്ച് എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കി. 2018 ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ ഉറുഗ്വെയെ പരിശീലിപ്പിക്കുമ്പോൾ 71 വയസുണ്ടായിരുന്ന ഓസ്കാർ ടബാരസിന്‍റെ റെക്കോർഡാണ് ബ്രൂസ് തകർത്തത്.

logo
Metro Vaartha
www.metrovaartha.com