കേപ്പ് വെർദെ ക്യാപ്റ്റനെതിരേ ലൈംഗികാരോപണം

അർജന്‍റീനക്കെതിരായ മത്സരത്തിനു മുൻപ് കേപ്പ് വെർദെയ്ക്ക് കനത്ത തിരിച്ചടി; ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരെ പീഡന ആരോപണം
 Cape Verde captain faces sexual assault case

കേപ്പ് വെർദെ ക്യാപ്റ്റൻ റയാൻ മെൻഡിസ്.

Updated on

ബെൽഫാസ്റ്റ്: ഫിഫ ലോകകപ്പിൽ ചരിത്രപരമായ മുന്നേറ്റം നടത്തി ശ്രദ്ധേയരായ കേപ്പ് വെർദെ ഫുട്ബോൾ ടീമിന് കനത്ത തിരിച്ചടി. നിലവിലുള്ള ചാംപ്യന്മാരായ അർജന്‍റീനയുമായുള്ള നിർണായകമായ നോക്കൗട്ട് മത്സരത്തിന് തൊട്ടുമുൻപ്, ടീം നായകൻ റയാൻ മെൻഡസിനെതിരേ ഗുരുതരമായ പീഡനാരോപണവുമായി യുവതി രംഗത്തെത്തി. ഇതോടെ ലോകകപ്പിലെ ഈ കൊച്ച് രാജ്യത്തിന്‍റെ സ്വപ്നയാത്ര പ്രതിസന്ധിയിലായിരിക്കുകയാണ്.

ന്യൂസിലൻഡിൽ നടന്ന ഫിഫ സീരീസ് മത്സരങ്ങൾക്കിടെ, ടീമിനൊപ്പം വിവർത്തകയായി പ്രവർത്തിച്ച ബ്രസീലിയൻ യുവതിയാണ് ക്യാപ്റ്റൻ റയാൻ മെൻഡസിനെതിരേ പൊലീസിൽ പരാതി നൽകിയത്. 2026 മാർച്ച് 27-ന് ഓക്ക്‌ലൻഡിലെ ടീം ഹോട്ടലിൽ വച്ച് മെൻഡസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. മുറിയിൽ അതിക്രമിച്ചു കയറിയ മെൻഡസ് തന്നെ മർദിക്കുകയും കടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന് യുവതി ആരോപിക്കുന്നു. സംഭവത്തിനു ശേഷം യുവതി പ്രാദേശിക പൊലീസിൽ പരാതി നൽകുകയും വൈദ്യപരിശോധനയ്ക്ക് വിധേയയാകുകയും ചെയ്തു. പീഡനത്തിനിരയായപ്പോൾ ശരീരത്തിലേറ്റ മുറിവുകളുടെ ചിത്രങ്ങളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ന്യൂസിലൻഡ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ, ഇതുവരെ മെൻഡസിനെതിരേ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ല. അന്വേഷണം തുടരുകയാണെന്നും കോടതിയിൽ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ഫിഫ പ്രസ്താവനയിലൂടെ അറിയിച്ചു. "എല്ലാവിധ തെറ്റായ പെരുമാറ്റങ്ങളെയും ഗൗരവത്തോടെയാണ് കാണുന്നത്. ന്യൂസിലൻഡ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു," ഫിഫ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ, വിഷയം അറിയിച്ചിട്ടും കേപ്പ് വെർദെ ഫുട്ബോൾ ഫെഡറേഷൻ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പരാതിക്കാരി ആരോപിക്കുന്നു. ഇതുവരെ സംഭവത്തിൽ കേപ്പ് വെർദെ ടീം മാനേജ്‌മെന്‍റോ റയാൻ മെൻഡസോ പരസ്യമായി പ്രതികരിച്ചിട്ടില്ല.

ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിൽ കടക്കുന്ന ഏറ്റവും ചെറിയ രാജ്യമായി കേപ്പ് വെർദെ ചരിത്രം കുറിച്ച സമയത്താണ് ടീമിനെ പിടിച്ചുലയ്ക്കുന്ന ഈ വിവാദം ഉയർന്നിരിക്കുന്നത്. ജൂലൈ 3-ന് അർജന്‍റീനയ്‌ക്കെതിരായ മത്സരം നടക്കാനിരിക്കെ, നായകനെതിരായ ഈ ഗുരുതര ആരോപണം ടീമിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മെൻഡസിനെതിരെ നടപടി ഉണ്ടാകുമോ അതോ അദ്ദേഹം അർജന്‍റീനയ്ക്കെതിരെ കളിക്കുമോ എന്നത് ഫുട്ബോൾ ലോകം ഉറ്റുനോക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com