

ഫിഫ ലോകകപ്പ് 2026 നോക്കൗട്ട് പ്രവേശനം ഉറപ്പിച്ച കേപ്പ് വെർദെ താരങ്ങളുടെ ആഘോഷവേള.
ഫിഫ ലോകകപ്പ് 2026-ന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടങ്ങൾ അവസാനിച്ചപ്പോൾ വമ്പന്മാർ കരുത്തുകാട്ടി നോക്കൗട്ടിലേക്ക് മുന്നേറി. ഗ്രൂപ്പ് ഐയിൽ നിന്നു ഫ്രാൻസും, ഗ്രൂപ്പ് എച്ചിൽ നിന്നു സ്പെയിനും, ഗ്രൂപ്പ് ജിയിൽ നിന്നും ബെൽജിയവും തങ്ങളുടെ ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32-ലേക്ക് മാർച്ച് ചെയ്തു.
കായികലോകത്തെ അത്ഭുതപ്പെടുത്തി ചെറിയ ദ്വീപ് രാഷ്ട്രമായ കേപ്പ് വെർദെയും, വമ്പൻ ജയത്തോടെ സെനഗലും നോക്കൗട്ട് ടിക്കറ്റ് എടുത്തപ്പോൾ, ന്യൂസിലൻഡ്, സൗദി അറേബ്യ, രണ്ട് തവണ ലോക ചാംപ്യന്മാരായ യുറുഗ്വായ് എന്നിവർ ആദ്യ ഘട്ടത്തിൽ തന്നെ പുറത്തായി കണ്ണീരോടെ മടങ്ങി.
ഗ്രൂപ്പ് ഐ: ഡെംബെലെ കൊടുങ്കാറ്റിൽ നോർവേ തകർന്നു; ഇറാഖിനെ ഗോളിൽ മുക്കി സെനഗൽ
ഫ്രാൻസും നോർവേയും തമ്മിലുള്ള പോരാട്ടം കിലിയൻ എംബാപ്പെയും എർലിങ് ഹാലണ്ടും തമ്മിലുള്ള മാറ്റുരയ്ക്കലായിട്ടാണ് വിലയിരുത്തപ്പെട്ടത്. എന്നാൽ, ഹാലൻഡിനെ ബെഞ്ചിലിരുത്തി ഇറങ്ങിയ നോർവേയെ ഉസ്മാൻ ഡെംബെലെയുടെ ചരിത്ര ഹാട്രിക്കിന്‍റെ കരുത്തിൽ ഫ്രാൻസ് ഒന്നിനെതിരെ നാല് ഗോളുകൾക്ക് (4-1) തകർത്തുവിട്ടു. മത്സരത്തിന്‍റെ ആദ്യ 32 മിനിറ്റിൽ തന്നെ ഡെംബെലെ ഹാട്രിക് തികച്ചിരുന്നു. ഇഞ്ചുറി ടൈമിൽ ഡെസിറെ ദൂവേ കൂടി വലകുലുക്കിയതോടെ ഫ്രാൻസ് ഗ്രൂപ്പ് ചാംപ്യന്മാരായി.
മറ്റൊരു മത്സരത്തിൽ വൻ മാർജിനിൽ വിജയിച്ചാൽ മാത്രം പ്രതീക്ഷയുണ്ടായിരുന്ന സെനഗൽ ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് (5-0) തകർത്തു. പകരക്കാരനായി ഇറങ്ങി ഇരട്ട ഗോൾ നേടിയ പപെ ഗായെയാണ് സെനഗലിന്‍റെ ഹീറോ. ഈ വമ്പൻ ജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ച് സെനഗൽ നോക്കൗട്ട് ഉറപ്പിച്ചു.
ഗ്രൂപ്പ് എച്ച്: സ്പെയിൻ ഒന്നാമത്; ചരിത്രമെഴുതി കേപ്പ് വെർദെ; ഉറുഗ്വെ പുറത്ത്!
ഗ്രൂപ്പിൽ നിലനിൽപ്പിനായി പോരാടിയ ഉറുഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് (1-0) വീഴ്ത്തി സ്പെയിൻ ഗ്രൂപ്പ് ചാംപ്യന്മാരായി. അലക്സ് ബായേനയാണ് സ്പെയിന്‍റെ വിജയഗോൾ നേടിയത്. ഈ തോൽവിയോടെ ലാറ്റിനമേരിക്കൻ കരുത്തരായ ഉറുഗ്വെ ഒരു ജയം പോലുമില്ലാതെ ടൂർണമെന്‍റിൽ നിന്നു പുറത്തായി.
മറുഭാഗത്ത് സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ (0-0) തളച്ച് കേപ്പ് വെർദെ ലോകകപ്പിൽ പുതിയൊരു വീരകഥ എഴുതിച്ചേർത്തു. വെറും 5.3 ലക്ഷം മാത്രം ജനസംഖ്യയുള്ള ഈ കൊച്ചു ദ്വീപ് രാജ്യം ഗ്രൂപ്പിൽ തോൽവിയറിയാതെ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. റൗണ്ട് ഓഫ് 32-ൽ നിലവിലെ ചാംപ്യന്മാരായ അർജന്‍റീനയാണ് കേപ്പ് വെർദെയുടെ എതിരാളികൾ.
ഗ്രൂപ്പ് ജി: ബെൽജിയത്തിന്‍റെ ഗോൾവേട്ട; ഇറാനെ തളച്ച് ഈജിപ്റ്റ് ചരിത്രത്തിലേക്ക്
ന്യൂസിലൻഡിനെ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക് (5-1) തകർത്താണ് ബെൽജിയം ഗ്രൂപ്പ് ജിയിലെ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ലിയാൻഡ്രോ ട്രൊസാർഡ് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ കെവിൻ ഡി ബ്രൂയ്നെ, റൊമേലു ലുക്കാക്കു, അലക്സിസ് സാലെമേക്കേഴ്സ് എന്നിവരും ലക്ഷ്യം കണ്ടു. കളം മാറി ഇറങ്ങി വെറും 56 സെക്കന്‍റുകൾക്കുള്ളിലാണ് ലുക്കാക്കു ഗോൾ നേടിയത്.
മറ്റൊരു ആവേശപ്പോരാട്ടത്തിൽ ഇറാനെ 1-1 ന് സമനിലയിൽ തളച്ച് ഈജിപ്റ്റ് തങ്ങളുടെ ലോകകപ്പ് ചരിത്രത്തിലാദ്യമായി നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു. മഹ്മൂദ് സാബെറിലൂടെ ഈജിപ്റ്റ് മുന്നിലെത്തിയെങ്കിലും റാമിൻ റെസായെയനിലൂടെ ഇറാൻ സമനില പിടിച്ചു. മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ ഒരു ഗോൾ വാർ (VAR) ഓഫ്‌സൈഡ് വിധിച്ചതും രണ്ട് ഷോട്ടുകൾ പോസ്റ്റിൽ തട്ടി തെറിച്ചതും ഇറാന് നിർഭാഗ്യമായി. 3 പോയിന്‍റുള്ള ഇറാന് ഇനി അടുത്ത റൗണ്ടിലേക്ക് കടക്കാൻ മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിക്കണം. നോക്കൗട്ടിൽ ഈജിപ്റ്റ് ഓസ്ട്രേലിയയെ നേരിടും.