അറ്റ്ലാന്‍റയിൽ ആഫ്രിക്കൻ വസന്തം; കോംഗോയ്ക്ക് നോക്കൗട്ട് 'വിസ്സ'

പിന്നിൽനിന്നു തിരിച്ചടിച്ച് ഉസ്ബക്കിസ്ഥാനെ തകർത്ത കോംഗോ ചരിത്രത്തിൽ ആദ്യമായി ഫിഫ ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ കടന്നു; യോവാൻ വിസ്സയ്ക്ക് ഇരട്ട ഗോൾ! (3-1)
Congo vs Uzbekistan FIFA world cup 2026

ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെ മത്സരത്തിൽ കോംഗോയുടെ വിജയശിൽപ്പിയായ യോവാൻ വിസ്സ.

Updated on

കളി തുടങ്ങി പത്താം മിനിറ്റിൽ വഴങ്ങിയ ആ ഒരു ഗോളിൽ കോംഗോയുടെ നെഞ്ചൊന്ന് പിടഞ്ഞിട്ടുണ്ടാവും. 52 വർഷത്തെ കാത്തിരിപ്പ് ഇനിയും നീളുമോ എന്ന് അവരുടെ ആരാധകർ ഭയന്നിട്ടുണ്ടാവും. പക്ഷേ, കളി തീരാൻ 22 മിനിറ്റ് ബാക്കിനിൽക്കെ അറ്റ്ലാന്‍റ സ്റ്റേഡിയം സാക്ഷിയായത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രത്യാക്രമണത്തിനായിരുന്നു! ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് (3-1) ഉസ്ബക്കിസ്ഥാനെ തകർത്ത് കോംഗോ തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ നോക്കൗട്ട് (റൗണ്ട് ഓഫ് 32) ഘട്ടത്തിലേക്ക് മാർച്ച് ചെയ്തു.

ഗ്രൂപ്പ് കെ-യിൽ കൊളംബിയക്കും പോർച്ചുഗലിനും പിന്നിലായെങ്കിലും, മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ഇടംപിടിച്ചാണ് കോംഗോ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഉസ്ബക്കിസ്ഥാൻ ടൂർണമെന്‍റിൽ നിന്നു പുറത്തായി.

നോക്കൗട്ടിലെത്താൻ വലിയ മാർജിനിൽ ജയം അനിവാര്യമായിരുന്നു ഉസ്ബക്കിസ്ഥാന്. കളി തുടങ്ങി മുപ്പതാം സെക്കൻഡിൽ തന്നെ നയം വ്യക്തമാക്കിയ അവർ കോംഗോ ബോക്സിനെ വിറപ്പിച്ചു. പത്താം മിനിറ്റിൽ ലീഡും നേടി. അബ്ബോസ്ബെക്ക് ഫയ്സുല്ലായേവിന്‍റെ തകർപ്പൻ പാസ് സ്വീകരിച്ച് ക്യാപ്റ്റൻ എൽദോർ ഷോമുറോദോവ്, കോംഗോ ഗോളി ലയണൽ എംപാസിയുടെ തലയ്ക്ക് മുകളിലൂടെ പന്ത് മനോഹരമായി വലയിലേക്കു ചിപ്പ് ചെയ്തു. ടർക്കിഷ് ലീഗിലെ ടോപ്പ് സ്കോററായ ഷോമുറോദോവിന്‍റെ ദേശീയ ജേഴ്സിയിലെ 45-ാം ഗോളായിരുന്നു ഇത്.

തൊട്ടുപിന്നാലെ കോംഗോയുടെ എംബുകു ബോക്സിന് വെളിയിൽ നിന്നു തൊടുത്ത ബുള്ളറ്റ് ഷോട്ടിലൂടെ സമനില ഉറപ്പിച്ചതാണ്. എന്നാൽ, ബിൽഡ്-അപ്പിനിടെ കോംഗോ ഡിഫൻഡർ ഉസ്ബക്കിസ്ഥാൻ താരത്തിന്‍റെ മുഖത്ത് കൈകൊണ്ടടിച്ചെന്ന് VAR പരിശോധനയിൽ കണ്ടെത്തിയ റഫറി ഗോൾ നിഷേധിച്ചു. ഇതോടെ ആദ്യ പകുതി 1-0 എന്ന നിലയിൽ പൂർത്തിയാക്കാൻ ഉസ്ബക്കിസ്ഥാനു സാധിച്ചു.

കളി മാറ്റി കളിച്ച കോംഗോ

രണ്ടാം പകുതിയിൽ കോംഗോ പരിശീലകൻ സെബാസ്റ്റ്യൻ ഡെസാബ്രെ തന്‍റെ പ്രതിരോധ തന്ത്രങ്ങൾ മാറ്റി കൂടുതൽ അറ്റാക്കർമാരെ കളത്തിലിറക്കി. ഈ നീക്കത്തോടെ കളി പൂർണമായും കോംഗോയുടെ കാലുകളിലായി. യോവാൻ വിസ്സ എന്ന ന്യൂകാസിൽ യുണൈറ്റഡ് ഫോർവേഡിന്‍റെ അതിവേഗത്തിനു മുന്നിൽ ഉസ്ബക് പ്രതിരോധം തകർന്നടിയുന്ന കാഴ്ച.

68-ാം മിനിറ്റിൽ അതിന്‍റെ ഫലവും കണ്ടു. മാഞ്ചസ്റ്റർ സിറ്റിയുടെ ഉസ്ബക് പ്രതിരോധ താരം അബ്ദുകാദിർ ഖുസനോവ് ബോക്സിനുള്ളിൽ വച്ച് വിസ്സയെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത വിസ്സ, ഉസ്ബക് കീപ്പറെ തെറ്റായ ദിശയിലേക്കു തിരിച്ച്, പന്ത് കൃത്യമായി വലയിലെത്തിച്ചു.

സമനില പിടിച്ചതോടെ ഉശിരൻ പ്രത്യാക്രമണം നടത്തിയ കോംഗോ പത്ത് മിനിറ്റിനുള്ളിൽ അടുത്ത ഗോൾ നേടി. മെഷാക്ക് എലിയയുടെ ഷോട്ട് പ്രതിരോധത്തിൽ തട്ടിത്തെറിച്ചപ്പോൾ ഓടിയെത്തിയ ഫിസ്റ്റൺ മായേലെ ഒരു മാജിക്കൽ ഫ്ലിക്കിലൂടെ പന്ത് വലയിലെത്തിച്ച് തന്‍റെ ടീമിനു ലീഡ് സമ്മാനിച്ചു. അറ്റ്ലാന്‍റ സ്റ്റേഡിയം അപ്പാടെ ആവേശക്കടലായി മാറിയ നിമിഷം!

91-ാം മിനിറ്റിലായിരുന്നു ഉസ്ബെക് ശവപ്പെട്ടിയിൽ അവാസനത്തെ ആണിയടിച്ച വിസ്സയുടെ രണ്ടാം ഗോൾ. ഇഞ്ചുറി ടൈമിൽ ബോക്സിന്‍റെ ഇടതുഭാഗത്തു നിന്ന് പന്തുമായി വെട്ടിത്തിരിഞ്ഞ് യോവാൻ വിസ്സ തൊടുത്ത മനോഹരമായ ഒരു കേർവിങ് ഷോട്ട് ഉസ്ബക് വലയുടെ താഴത്തെ മൂലയിൽ ചെന്നുപതിച്ചതോടെ കോംഗോ ചരിത്ര വിജയം പൂർത്തിയാക്കി. വിസ തന്നെയാണ് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടത്.

ലോകകപ്പിൽ ആഫ്രിക്കൻ വസന്തം!

ഗ്രൂപ്പ് ഘട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ 1-1 ന് സമനിലയിൽ തളച്ച പ്രകടനം ഫ്ളൂക്ക് ആയിരുന്നില്ലെന്നു തെളിയിക്കുന്നതായിരുന്നു സമ്മർദ ഘട്ടത്തിലെ കോംഗോയുടെ ഈ പ്രകടനം. ഇതോടെ 2026 ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ എണ്ണം എട്ടായി ഉയർന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ആഫ്രിക്കൻ രാജ്യങ്ങൾ ഒരുമിച്ച് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്.

ചരിത്രത്തിലാദ്യമായി നോക്കൗട്ട് ടിക്കറ്റ് എടുത്ത കോംഗോയ്ക്ക് മുന്നിൽ ഇനി അഗ്നിപരീക്ഷയാണ്. ജൂലൈ 1 ബുധനാഴ്ച ഇതേ അറ്റ്ലാന്‍റ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 32) മത്സരത്തിൽ അവർ മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും.

logo
Metro Vaartha
www.metrovaartha.com