മോഡ്രിച്ചിന്‍റെ ഇരുന്നൂറാം മത്സരത്തിൽ ക്രൊയേഷ്യക്ക് ജയം; പനാമ പുറത്ത്

ലൂക്കാ മോഡ്രിച്ച് 200-ാം അന്താരാഷ്ട്ര മത്സരത്തിൽ ഇറങ്ങിയ രാത്രിയിൽ ആന്‍റെ ബുഡിമിറിന്റെ ഗോളിലൂടെ ക്രൊയേഷ്യയ്ക്ക് ആദ്യ ലോകകപ്പ് ജയം, രണ്ട് തോൽവിയോടെ പനാമ പുറത്തേക്ക്
Croatia vs Panama FIFA world cup 2026

ക്രൊയേഷ്യയുടെ ഇതിഹാസ താരം ലൂക്ക മോഡ്രിച്ച് രാജ്യത്തിനു വേണ്ടി 200 അന്താരാഷ്ട്ര മത്സരങ്ങൾ പൂർത്തിയാക്കി.

Updated on

ടൊറന്‍റോ: ഫുട്ബോൾ ചരിത്രത്തിൽ സുവർണ നേട്ടവുമായി ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച്. ക്രൊയേഷ്യൻ ദേശീയ കുപ്പായത്തിൽ മോഡ്രിച്ച് തന്‍റെ ഇരുന്നൂറാം അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങിയ ചരിത്രരാത്രിയിൽ എതിരില്ലാത്ത ഒരു ഗോളിന് പനാമയെ തകർത്ത് ക്രൊയേഷ്യ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി.

കൂടാതെ, ലോകകപ്പിൽ ക്രൊയേഷ്യ കളിച്ച അവസാന 21 മത്സരങ്ങളിലും മോഡ്രിച്ച് തുടർച്ചയായി ബൂട്ട് കെട്ടിയിട്ടുണ്ട്. 2006 ലോകകപ്പിൽ ജപ്പാനെതിരായ ഗ്രൂപ്പ് മത്സരം മുതലുള്ള കുതിപ്പാണിത്.

പനാമക്കെതിരേ ടൊറന്‍റോ സ്റ്റേഡിയത്തിൽ നടന്ന കടുത്ത പോരാട്ടത്തിൽ രണ്ടാം പകുതിയിൽ പകരക്കാരൻ താരം ആന്‍റെ ബുഡിമിർ നേടിയ ഗോളാണ് ക്രൊയേഷ്യക്ക് നിർണായക വിജയം സമ്മാനിച്ചത്. ഈ തോൽവിയോടെ തുടർച്ചയായ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട പനാമ ഒരു മത്സരം ബാക്കിനിൽക്കെ ടൂർണമെന്‍റിൽ നിന്നു പുറത്തായി. ഗ്രൂപ്പ് എൽ പോയിന്‍റ് പട്ടികയിൽ മൂന്ന് പോയിന്‍റുമായി ക്രൊയേഷ്യ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്.

രക്ഷകനായി ലിവാകോവിച്ച്

ആദ്യ പകുതിയിൽ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോയിന്‍റ് ലക്ഷ്യമിട്ടിറങ്ങിയ പനാമയാണ് മികച്ച കളി പുറത്തെടുത്തത്. ക്രൊയേഷ്യൻ പ്രതിരോധത്തെ ഞെട്ടിച്ച് അവർ നിരവധി മുന്നേറ്റങ്ങൾ നടത്തി. മത്സരത്തിലെ ഏറ്റവും മികച്ച അവസരം പനാമയ്ക്കായിരുന്നു ലഭിച്ചത്. 23-ാം മിനിറ്റിൽ ജോസ് ലൂയിസ് റോഡ്രിഗസ് തൊടുത്ത തകർപ്പൻ ഹെഡർ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവാകോവിച്ച് അതിസാഹസികമായി തട്ടിയകറ്റിയ പന്ത് പോസ്റ്റിലിടിച്ച് മടങ്ങുകയായിരുന്നു. ലിവാകോവിച്ചിന്‍റെ ഈ തകർപ്പൻ സേവാണ് ക്രൊയേഷ്യയെ മത്സരത്തിൽ നിലനിർത്തിയത്.

രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ ക്രൊയേഷ്യ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. അതിന്‍റെ ഫലമായി 54-ാം മിനിറ്റിൽ അവർ വിജയഗോൾ കണ്ടെത്തി. വലത് വിങ്ങിൽ നിന്നും ജോസിപ് സ്റ്റാനിസിച്ച് നൽകിയ മനോഹരമായ ലോ ക്രോസ് പനാമ പ്രതിരോധത്തെ മറികടന്ന് ബാക്ക്-പോസ്റ്റിൽ ഒഴിഞ്ഞുനിന്ന പകരക്കാരൻ ആന്‍റെ ബുഡിമിർ അനായാസം വലയിലെത്തിച്ചു.

മൂന്ന് മിനിറ്റിനു ശേഷം മാർക്കോ പസാലിച്ചിന് ക്രൊയേഷ്യയുടെ ലീഡ് ഉയർത്താൻ സുവർണാവസരം ലഭിച്ചെങ്കിലും പനാമ കീപ്പർ ഒർലാൻഡോ മോസ്ക്വേര ആദ്യ ശ്രമം തടുത്തു, റീബൗണ്ടിൽ പസാലിച്ച് തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. പനാമയുടെ ക്രിസ്റ്റ്യൻ മാർട്ടിനെസ് ആണ് മത്സരത്തിലെ മികച്ച താരം.

അവസാന മത്സരം നിർണായകം

എൽ ഗ്രൂപ്പിൽ, ഇംഗ്ലണ്ടും ഘാനയും നാല് പോയിന്‍റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ തുടരുമ്പോൾ ക്രൊയേഷ്യ 3 പോയിന്‍റുമായി തൊട്ടുപിന്നിലുണ്ട്. ജൂൺ 27-ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ക്രൊയേഷ്യക്ക് ഘാനയാണ് എതിരാളികൾ. നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടാൻ ക്രൊയേഷ്യക്ക് അടുത്ത മത്സരത്തിൽ വിജയം അനിവാര്യമാണ്.

logo
Metro Vaartha
www.metrovaartha.com