മെസിക്ക് മറക്കാനും ഒരു ഫൈനൽ...

ഖത്തറിൽ ലോകകപ്പ് ഉയർത്തിയ ലയണൽ മെസിക്ക് ന്യൂജഴ്സിയിലെ തോൽവിയും കണ്ണീരും മറക്കാനാകാത്ത ഓർമ്മയായി
Messi’s heartbreak: Spain beat Argentina in World Cup final

ഫിഫ ലോകകപ്പ് 2026 ഫൈനലിനു ശേഷം അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി.

Updated on

ഇ. രുദ്രൻ

നാലു വർഷം മുൻപ് ഖത്തറിലെ ലൂസെയ്ൽ സ്റ്റേഡിയത്തിൽ നിലവിലുള്ള ചാംപ്യൻമാരായിരുന്ന ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് അർജന്‍റീന ലോക കപ്പ് നേടിയ ഫൈനലിന്‍റെ വാശിയും പിരിമുറുക്കവും ഫുട്ബോൾ ആരാധകർ മറന്നുകാണില്ല. എക്കാലത്തെയും മികച്ച ഫൈനലുകളിലൊന്നായി അതിനെ വിശേഷിപ്പിക്കുന്നവരുണ്ട്. അധിക സമയം കഴിയുമ്പോഴും 3-3 സമനിലയായതിനെത്തുടർന്നായിരുന്നു ഷൂട്ടൗട്ട്. അവിടെ അർജന്‍റീനയുടെ രക്ഷകനായത് ഗോളി എമിലിയാനോ മാർട്ടിനസ്. ഷൂട്ടൗട്ടിലെ 4-2 വിജയം അർജന്‍റീനയ്ക്കു നേടിക്കൊടുത്തത് അവരുടെ മൂന്നാം ലോകകപ്പ്. 2002ൽ ​​ബ്ര​​സീ​​ൽ ചാം​​പ്യ​​ൻ​​മാ​​രാ​​യ ശേ​​ഷം ദ​​ക്ഷി​​ണ അ​​മെ​​രി​​ക്ക​​ൻ ടീ​​മു​​ക​​ൾ​​ക്ക് ഫൈ​​ന​​ൽ വി​​ജ​​യി​​ക്കാ​​നാ​​യി​​ട്ടി​​ല്ല എന്ന ചരിത്രമാണ് മെസിയും കൂട്ടരും അന്നു തകർത്തത്. അർജന്‍റീനയെ സംബന്ധിച്ചിടത്തോളം അന്ത്യമായത് 36 വർഷത്തെ കാത്തിരിപ്പിന്. ഡ്രസിങ് റൂമിൽ ലോകകപ്പ് ട്രോഫിയുമായുള്ള മെസിയുടെ അന്നത്തെ നൃത്തം സോഷ്യൽ മീഡിയയിൽ തരംഗമായതാണ്.

അന്നത്തെ ആ ആഘോഷത്തിനൊപ്പം നാലു വർഷത്തിനിപ്പുറം മനസിൽ തറയ്ക്കുന്നത് അതേ മെസിയുടെ ഒരു കണ്ണീർ ചിത്രം. ന്യൂജഴ്സി സ്റ്റേഡിയത്തിൽ ചെമ്പടയുടെ ആരവങ്ങൾക്കിടെ കണ്ണീരണിഞ്ഞ് നിശബ്‌ദനായി ഒറ്റയ്ക്കു നിൽക്കുന്ന മെസിയെ, തലതാഴ്ത്തി മടങ്ങുന്ന മെസിയെ, ആരാധക ഹൃദയങ്ങൾ എളുപ്പമൊന്നും മറക്കില്ല. ഫുട്ബോളിന്‍റെ മിശിഹയ്ക്ക് ഈ ചിത്രം മായ്ക്കാൻ ഇനിയൊരു ലോകകപ്പ് കളിക്കാനാവുമെന്നും തോന്നുന്നില്ല. സ്പെയ്നോടു തോറ്റു എന്നതിലല്ല, ദയനീയമായി കളിച്ചു എന്നതിലാണ് ആരാധകർ നിരാശപ്പെടുക. തുടക്കം മുതൽ ഒടുക്കം വരെ സ്പാനിഷ് ആധിപത്യത്തിനു വിട്ടുകൊടുക്കുകയായിരുന്നു അർജന്‍റീന. ഗോൾ ലക്ഷ്യമാക്കിയുള്ള ഷോട്ടുകൾ പോലും ഉതിർക്കാനാവാത്ത അവസ്ഥ! കാൽപ്പന്തിന്‍റെ മഹാ മാന്ത്രികൻ ലക്ഷ്യം കിട്ടാതെ അലയുന്ന കാഴ്ച പലർക്കും ഹൃദയഭേദകമായിരുന്നു. തകർപ്പൻ സേവുകൾ പലതു നടത്തിയിട്ടും ഇക്കുറി എമിലിയാനോയ്ക്കും രക്ഷിക്കാനായില്ല അർജന്‍റീനയെ.

മറുവശത്ത് സ്പെയ്‌ൻ തുടരെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണ മുനയൊടിഞ്ഞ ചാംപ്യൻമാരുടെ നിസഹായാവസ്ഥ. എമിലിയാനോയുടെ തുടർച്ചയായ രക്ഷാപ്രവർത്തനം ഇല്ലായിരുന്നുവെങ്കിൽ ചുരുങ്ങിയത് അര ഡസൻ ഗോളിന് അർജന്‍റീന തകർന്നടിഞ്ഞേനേ. പന്തടക്കത്തിലും പാസുകളിലും റെയ്ഡുകളിലുമെല്ലാം ഒരുപോലെ മുന്നിൽ നിന്നു സ്പെയ്‌ൻ. നാൽപ്പത്തിനാലാം മിനിറ്റിൽ പ്രതിരോധ നിരക്കാരൻ ലിസാൻഡ്രോ മാർട്ടിനസ് പരുക്കേറ്റു പുറത്തുപോകേണ്ടിവന്നത് അർജന്‍റീനയ്ക്കു ക്ഷീണമായെന്നു പറയാം. ടൂർണമെന്‍റിൽ അർജന്‍റീനയുടെ പ്രതിരോധത്തിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട് ഈ മാഞ്ചെസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ. എന്തായാലും നൂറ്റിയാറാം മിനിറ്റിൽ സ്പെയ്നിന്‍റെ പകരക്കാരൻ ഫെറാൻ ടോറസിന്‍റെ ക്ലിനിക്കൽ ഗോൾ വല കുലുക്കും വരെ ഗോളിയുടെ പ്രതിരോധം അർജന്‍റീനയെ തുണച്ചു എന്നതാണു വാസ്തവം. അധിക സമയം മുഴുവൻ പത്തുപേരുമായി കളിക്കേണ്ടിവന്നതും അർജന്‍റീനയ്ക്കു വിനയായി. ഇഞ്ചുറി ടൈമിൽ കുബാർസിയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് രണ്ടാം യെല്ലോ കാർഡും റെഡ് കാർഡും ലഭിച്ചാണ് മിഡ് ഫീൽഡിൽ നിന്ന് എൻസോ ഫെർണാണ്ടസ് പുറത്തുപോകുന്നത്. അപ്പോഴും ഒന്നോർക്കണം. ഏതാണ്ട് 90 മിനിറ്റും പതിനൊന്നു പേരുമായി കളിച്ചിട്ടും നിലവിലുള്ള ചാംപ്യൻമാർക്കു യാതൊരു ചലനവും ഉണ്ടാക്കാനായിരുന്നില്ല.

അവസാന നിമിഷങ്ങളിലെ തിരിച്ചുവരവിലൂടെ ശ്രദ്ധ നേടിയിട്ടുള്ള അർജന്‍റീനയ്ക്ക് കലാശക്കളിയിൽ അതിനും കഴിഞ്ഞില്ല. സ്പാനിഷ് കെട്ട് പൊട്ടിക്കാനുള്ള മെസിയുടെ നീക്കം ഗോൾവരയിലെത്താതെ പൊലിഞ്ഞു. ഒന്നാം പകുതിയിൽ വളരെ കുറച്ചു നീക്കങ്ങളേ ഗോൾ ലക്ഷ്യമാക്കിയുള്ള ഷോട്ടുകളിലേക്ക് എത്തിയുള്ളൂ. അതെല്ലാം സ്പെയ്നിന്‍റെ ഭാഗത്തുനിന്നായിരുന്നു താനും. പിന്നീട് നിരന്തരം ആക്രമിക്കുന്ന സ്പെയ്നു മുന്നിൽ പതറിപ്പോയ അർജന്‍റീന പ്രതിരോധത്തിൽ തളയ്ക്കപ്പെട്ട പോലെയായി. ആർത്തിരമ്പിയ ഫ്രഞ്ച് പടയെ സെമിയിൽ കോട്ട കെട്ടി തടഞ്ഞ സ്പെയിന് അർജന്‍റീന അത്രയും ഭീഷണി ഉയർത്തിയതേയില്ല. നായകനും മിഡ് ഫീൽഡ് ജനറലുമായ റോഡ്രിയുടെ നേതൃത്വത്തിൽ മധ്യനിരയിലെ നിയന്ത്രണം സ്പെയ്‌ൻ ഏറ്റെടുക്കുന്നത് എതിരാളികളെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. ഈ ലോകകപ്പിൽ ഗോളോ അസിസ്റ്റോ ഇല്ലാതിരുന്നിട്ടും മികച്ച കളിക്കാരനായി റോഡ്രി തെരഞ്ഞെടുക്കപ്പെട്ടതിൽ അദ്ഭുതമില്ല. ലോക ചാംപ്യൻമാർ കലാശക്കളിയിൽ കീഴടങ്ങിയ 2022ലെ ചരിത്രമാണ് ഇപ്പോൾ ആവർത്തിച്ചിരിക്കുന്നതെങ്കിൽ രണ്ടാം തവണയും ഗോൾഡൺ ബൂട്ട് നേടി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയും ചരിത്രം കുറിച്ചു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരവും എംബാപ്പെ തന്നെ. അവിടെയും എംബാപ്പെ മറികടന്ന് ലയണൽ മെസിയെ ആയിരുന്നു എന്നത് ചരിത്രത്തിന്‍റെ നിയോഗമാകാം.

logo
Metro Vaartha
www.metrovaartha.com