ഇക്വഡോറിനെ പൂട്ടി എലോയ് റൂം; കുറസാവോയ്ക്ക് ആദ്യ ലോകകപ്പ് പോയിന്‍റ്

ഇക്വഡോറിന്‍റെ മുപ്പതോളം ഗോൾശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയി. കുറസാവോ ഗോളി എലോയ് റൂമിന്‍റെ അദ്ഭുത സേവുകളും ഇക്വഡോറിന്‍റെ ദൗർഭാഗ്യവും കുറസാവോയ്ക്ക് ചരിത്രപരമായ ആദ്യ ലോകകപ്പ് പോയിന്‍റ് സമ്മാനിച്ചു
Ecuador vs Curacavo FIFA world cup 2026

കുറസാവോ ഗോളി എലോയ് റൂം.

Updated on

കാൻസസ് സിറ്റി: ലാറ്റിനമേരിക്കൻ കരുത്തരായ ഇക്വഡോറിന്‍റെ ഗോൾ ശ്രമങ്ങളെല്ലാം ഗോൾകീപ്പർ എലോയ് റൂമിന്‍റെ കരുത്തിൽ തട്ടിയകറ്റിയ കുറസാവോയ്ക്ക് ചരിത്ര വിജയം. കാൻസസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഇ മത്സരത്തിൽ ഇക്വഡോറിനെ ഗോളില്ലാ സമനിലയിൽ (0-0) തളച്ചാണ് ഫുട്ബോൾ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ലോകകപ്പ് പോയിന്‍റ് കന്നിക്കാരായ കുറസാവോ സ്വന്തമാക്കിയത്.

മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും ഇക്വഡോർ വ്യക്തമായ ആധിപത്യം പുലർത്തിയെങ്കിലും, കുറസാവോയുടെ ഗോൾവലയ്ക്ക് മുന്നിൽ വൻമതിലായ എലോയ് റൂമിന്‍റെ അവിശ്വസനീയമായ സേവുകളാണ് കോൺകകാഫ് പ്രതിനിധികളായ കുറസാവോയ്ക്ക് തുണയായത്. മത്സരത്തിലെ 'പ്ലെയർ ഓഫ് ദി മാച്ച്' പുരസ്കാരവും റൂം സ്വന്തമാക്കി.

മത്സരത്തിന്‍റെ തുടക്കം മുതൽ ഇക്വഡോർ കുറസാവോ ബോക്സിലേക്ക് ഇരച്ചുകയറുന്നതാണ് കണ്ടത്. മിഡ്ഫീൽഡർ മോയ്സസ് കൈസെഡോ നൽകിയ തകർപ്പൻ ലോങ് പാസ് സ്വീകരിച്ച് സൂപ്പർ താരം എന്നെർ വലൻസിയ കുറസാവോ ഗോളി എലോയ് റൂമുമായി വൺ-ഓൺ-വൺ അവസ്ഥയിലെത്തിയെങ്കിലും റൂമിനെ മറികടക്കാൻ വലൻസിയയ്ക്കായില്ല. ഈ സേവ് മത്സരത്തിന്‍റെ ഗതി നിർണയിക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

മറുഭാഗത്ത് ഇക്വഡോർ ആക്രമണത്തിനായി മുന്നേറിയപ്പോൾ ലഭിച്ച സ്പേസുകൾ മുതലെടുത്ത് കുറസാവോയുടെ ജുനിഞ്ഞോ ബാക്കുനയും യുർഗൻ ലൊകാഡിയയും കൗണ്ടർ അറ്റാക്കുകളിലൂടെ ഇക്വഡോർ പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും മിഡ്ഫീൽഡർമാർക്ക് അത് ഗോളാക്കി മാറ്റാനായില്ല.

ഭാഗ്യമില്ലാതെ ഇക്വഡോർ

ആദ്യ പകുതിക്ക് ശേഷവും ഇക്വഡോർ ആക്രമണം ശക്തമാക്കിക്കൊണ്ടേയിരുന്നു. കളി അവസാനിക്കാറായ സമയത്ത് ബോക്സിലേക്ക് വന്ന ഒരു മികച്ച ക്രോസ് സ്വീകരിച്ച് വലൻസിയ തൊടുത്ത ശക്തമായ ഹെഡർ വീണ്ടും എലോയ് റൂം അവിശ്വസനീയമായി തട്ടിയകറ്റി.

മത്സരത്തിലുടനീളം മുപ്പതോളം (30) ഗോൾ ശ്രമങ്ങളാണ് ഇക്വഡോർ നടത്തിയത്. ഇതിൽ മൂന്ന് തവണയാണ് അവരുടെ ഷോട്ടുകൾ ഗോൾപോസ്റ്റിന്‍റെ ബാറിലും പോസ്റ്റിലും ഇടിച്ച് തെറിച്ചത്. ഭാഗ്യവും കുറസാവോ ഗോളിയുടെ തകർപ്പൻ ഫോമും ഒത്തുചേർന്നപ്പോൾ ഇക്വഡോറിന് നിരാശയോടെ മടങ്ങേണ്ടി വന്നു.

അപൂർവ റെക്കോർഡ്

ലോകകപ്പ് ചരിത്രത്തിൽ കോൺമെബോൾ (CONMEBOL - തെക്കേ അമേരിക്ക), കോൺകകാഫ് (Concacaf - വടക്കേ അമേരിക്ക) രാജ്യങ്ങൾ തമ്മിൽ നടന്ന 33 മത്സരങ്ങളിൽ വെറും മൂന്നാമത്തെ തവണ മാത്രമാണ് ഒരു മത്സരം ഗോളില്ലാ സമനിലയിൽ അവസാനിക്കുന്നത്. ആദ്യമായി ഇങ്ങനെയുണ്ടായത് 1966ലായിരുന്നു, ഉറുഗ്വെ - മെക്സിക്കോ മത്സരത്തിൽ. അവസാനമായി 2014ലെ ബ്രസീൽ - മെക്സിക്കോ മത്സരത്തിലും.

ഈ മത്സരം സമനിലയിലായതോടെ, രണ്ട് മത്സരങ്ങൾ ജയിച്ച ജർമനി ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 32-ലേക്ക് യോഗ്യത നേടി. എന്നാൽ ഗ്രൂപ്പിലെ ബാക്കി മൂന്ന് ടീമുകൾക്കും ഇപ്പോഴും നോക്കൗട്ട് പ്രതീക്ഷകൾ ബാക്കിയുണ്ട്.

അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ മികച്ച മാർജിനിൽ വിജയിച്ചാൽ ഐവറി കോസ്റ്റിനും ഇക്വഡോറിനും കുറസാവോയ്ക്കും നോക്കൗട്ടിലേക്ക് മുന്നേറാൻ അവസരമുണ്ട്. അതിനാൽ വരാനിരിക്കുന്ന മത്സരങ്ങൾ ഗ്രൂപ്പ് ഇ-യിൽ കടുത്ത പോരാട്ടത്തിന് വഴിവയ്ക്കും.

logo
Metro Vaartha
www.metrovaartha.com