ഇംഗ്ലണ്ടിനെ പൂട്ടി ഘാന

ബോസ്റ്റണിൽ നടന്ന ഗ്രൂപ്പ് എൽ മത്സരത്തിൽ ഹാരി കെയിൻ, ജൂഡ് ബെല്ലിംഗ്ഹാം എന്നിവരുടെ ശ്രമങ്ങൾക്കിടയിലും ബെഞ്ചമിൻ അസാരെയുടെ പ്രതിരോധം ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ നിർത്തി
England vs Ghana FIFA world cup football 2026

ഇംഗ്ലണ്ടിന്‍റെ സൂപ്പർ സ്ട്രൈക്കർ ഹാരി കെയ്ൻ ഘാനക്കെതിരായ ലോകകപ്പ് മത്സരത്തിനിടെ.

Updated on

ബോസ്റ്റൺ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് എൽ മത്സരത്തിൽ മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിൽ തളച്ച് ആഫ്രിക്കൻ കരുത്തരായ ഘാന. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇംഗ്ലണ്ടിന്‍റെ വമ്പൻ ആക്രമണ നിരയെ ഘാന തങ്ങളുടെ അച്ചടക്കമുള്ള പ്രതിരോധ കോട്ടയിലൂടെയാണ് തടുത്തു നിർത്തിയത്. സൂപ്പർ താരം ഹാരി കെയിനും സംഘത്തിനും ഘാനയുടെ ഗോൾകീപ്പർ ബെഞ്ചമിൻ അസാരെയെ മറികടക്കാൻ സാധിച്ചില്ല.

ഈ സമനിലയോടെ രണ്ട് മത്സരങ്ങളിൽ നിന്നും 4 പോയിന്‍റുമായി ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും അത്രയും തന്നെ പോയിന്‍റുമായി ഘാന രണ്ടാം സ്ഥാനത്തുമാണ്. ജൂൺ 27-ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ട് പനാമയെയും ഘാന ക്രൊയേഷ്യയെയും നേരിടും. നോക്കൗട്ട് ഉറപ്പാക്കാൻ ഇരുടീമുകൾക്കും ഈ മത്സരങ്ങൾ നിർണായകമാണ്.

മത്സരത്തിന്‍റെ തുടക്കം മുതൽ പന്തടക്കത്തിൽ ഇംഗ്ലണ്ടായിരുന്നു മുന്നിൽ. എന്നാൽ ഘാനയുടെ ശക്തമായ പ്രതിരോധ നിരയെ ഭേദിക്കാൻ അവർക്ക് കഴിഞ്ഞില്ല. ആദ്യ പകുതിയിൽ ഇംഗ്ലണ്ടിന് ലഭിച്ച ഒരേയൊരു മികച്ച അവസരം ഡെക്ലാൻ റൈസിന്‍റെ ഒരു ലൂപ്പിങ് ഹെഡർ മാത്രമായിരുന്നു, എന്നാൽ പന്ത് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി.

രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് ആക്രമണം ശക്തമാക്കി. എലിയറ്റ് ആൻഡേഴ്സന്‍റെ ഹെഡർ ഘാന പ്രതിരോധം തടുത്തപ്പോൾ, ആന്‍റണി ഗോർഡൻ തൊടുത്ത തകർപ്പൻ ഷോട്ട് ഘാന കീപ്പർ ബെഞ്ചമിൻ അസാരെ നെഞ്ചോട് ചേർത്തു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ഹാരി കെയിൻ തൊടുത്ത ലോങ് റേഞ്ചറും അസാരെ മനോഹരമായി തട്ടിയകറ്റി.

മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് ബാക്കിനിൽക്കെ കൗണ്ടർ അറ്റാക്കിലൂടെ ഘാന ഇംഗ്ലണ്ടിനെ ഞെട്ടിച്ചതാണ്. ഇംഗ്ലണ്ട് കീപ്പർ ജോർഡൻ പിക്ക്ഫോർഡിനെ മാത്രം മുന്നിൽ നിർത്തി ഘാനയുടെ അബ്ദുൽ ഫതാവു തൊടുത്ത ഷോട്ട് ഇംഗ്ലണ്ട് ഡിഫെൻഡർ എസ്രി കോൺസ തടഞ്ഞു. റീബൗണ്ടിൽ നിന്ന് ഫതാവു എടുത്ത രണ്ടാമത്തെ ഷോട്ട് നിർഭാഗ്യവശാൽ സ്വന്തം സഹതാരം ആന്‍റോയിൻ സെമെന്യോയുടെ ശരീരത്തിൽ തട്ടിയാണ് ലൈനിലെ പ്രതിരോധത്തിൽ നിന്നു പുറത്തേക്ക് പോയത്.

മത്സരത്തിന്‍റെ 87-ാം മിനിറ്റിൽ ഇംഗ്ലണ്ടിന് കളിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചു. റീസ് ജെയിംസ് നൽകിയ മനോഹരമായ ക്രോസിൽ നിന്നും നിക്കോ ഒറെയ്‌ലി ബാക്ക്-പോസ്റ്റിൽ നിന്നു തൊടുത്ത ഹെഡർ പോസ്റ്റിലിടിച്ച് മടങ്ങി. റീബൗണ്ടായി വന്ന പന്ത് ഹാരി കെയിന് ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് ബോസ്റ്റണിന്‍റെ ആകാശത്തേക്ക് ഉയർന്നുപോവുകയായിരുന്നു.

ഇംഗ്ലണ്ടിന്‍റെ ജൂഡ് ബെല്ലിംഗ്ഹാം ആണ് മത്സരത്തിലെ മികച്ച താരം. ഇതിനിടെ, ലോകകപ്പ് ചരിത്രത്തിൽ കഴിഞ്ഞ അഞ്ച് പതിപ്പുകളിൽ നാലിലും തങ്ങളുടെ ഒരു ഗ്രൂപ്പ് മത്സരം എങ്കിലും 0-0 എന്ന സ്കോറിൽ സമനിലയിലാക്കുന്ന ചരിത്രം ഇംഗ്ലണ്ട് ആവർത്തിച്ചു. 2010-ൽ അൾജീരിയക്കെതിരെയും, 2014-ൽ കോസ്റ്റാറിക്കക്കെതിരെയും, 2022-ൽ യുഎസ്എക്കെതിരെയും ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ ഗോൾരഹിത സമനില വഴങ്ങിയിരുന്നു.

logo
Metro Vaartha
www.metrovaartha.com