
പാരീസ്: ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങള്‍ തൂത്തുവാരി അര്‍ജന്റീന. മികച്ച ഫുട്ബോള്‍ താരമായി ലയണല്‍ മെസി ഒരിക്കല്‍ക്കൂടി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മികച്ച പരിശീലകന് ലയമല്‍ സ്കലോണിയാണ്. മികച്ച ഗോള്‍ കീപപ്പര് എമിലിയാനോ മാര്‍ട്ടിനെസ് ആയപ്പോള്‍ മികച്ച ഫാന്‍ പടയ്ക്കുള്ള അവാര്‍ഡും അര്‍ജന്റീനയ്ക്കു തന്നെ. ലോകകിരീടത്തിന് പിന്നാലെ ഫിഫയുടെ പ്രധാന പുരസ്കാരങ്ങളും അര്‍ജന്റീന തൂത്തുവാരി. എതിരാളികളെ ബഹുദൂരം പിന്നിലാക്കി സൂപ്പര്‍ താരം ലിയോണല്‍ മെസി ഒരിക്കല്‍ക്കൂടി ലോകതാരമായി. 2016ല്‍ ആരംഭിച്ച ഫിഫ ബെസ്റ്റ് പുരസ്കാരം 2019ന് ശേഷം ആദ്യമായാണ് മെസി നേടുന്നത്.
ഏഴു ബാലണ്‍ ഡി ഓര് പുരസ്കാരം മെസിക്കു സ്വന്തമായുണ്ട്.. ഫ്രഞ്ച് താരങ്ങളായ കരീം ബെന്‍സെമ, കിലിയന്‍ എംബപ്പെ എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം. കഴിഞ്ഞ രണ്ട് വര്‍ഷവും പോളണ്ടിന്റെ റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് മികച്ച താരമായത്. ലോകകപ്പില്‍ അര്‍ജന്റീനയെ മുന്നില്‍ നിന്ന് നയിച്ച മെസി ഫൈനലില്‍ ഇരട്ടഗോളും നേടിയിരുന്നു. ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിക്കായി 27 കളിയില്‍ നിന്ന് 16 ഗോളും 14 അസിസ്റ്റും മെസി നേടി. അര്‍ജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച ലയണല്‍ സ്കലോണിയാണ് മികച്ച പരിശീലകന് ആയപ്പോള്‍ പിന്തള്ളിയത് കാര്‍ലോ ആഞ്ചലോട്ടി, പെപ് ഗ്വാര്‍ഡിയോള എന്നിവരെയാണ്. അര്‍ജന്റീനയുടെ കാവല്ക്കാരന് എമിലിയാനോ മാര്‍ട്ടിനസാണ് മികച്ച ഗോള്‍കീപ്പര്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്കാരം നേടിയതും അര്‍ജന്റൈന്‍ സംഘം.
സ്പെയിനിന്റെ ബാഴ്സലോണ താരം അലക്സിയ പുറ്റിയാസ് മികച്ച വനിതാ താരമായി. ഇംഗ്ലണ്ടിന്റെ സറീന വീഗ്മാന്‍ മികച്ച പരിശീലകയായപ്പോള്‍ മേരി ഏര്‍പ്സ് വനിതാ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം ഇത്തവണ വേറിട്ട കാഴ്ചയായി. ഭിന്നശേഷിക്കാരുടെ ഫുട്ബോളിലെ ഉജ്വല ഗോളിന് പോളണ്ട് താരം മാര്ചിന് ഒലെക്സിയാണ് പുഷ്കാസ് അവാര്‍ഡ് ജേതാവായത്.സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനും ഫ്രഞ്ച് ടീമിനുംവേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബെന്‍സേമയെ അവസാനറൗണ്ടില്‍ എത്തിച്ചത്. കഴിഞ്ഞ സീസണിലെ ബാലണ്‍ ദ്യോര്‍ പുരസ്കാരം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയതടക്കമുള്ള പ്രകടനമാണ് പി.എസ്.ജി. താരം കിലിയന്‍ എംബാപ്പെയ്ക്കുണ്ടായിരുന്നത്.
ഫുട്ബോള്‍ ഇതിഹാസം പെലെയ്ക്ക് ആദര്‍മര്‍പ്പിച്ച ചടങ്ങിന് പെലെയുടെ കുടുംബവും എത്തിയിരുന്നു. പോയവര്‍ഷത്തെ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി ടീം ഓഫ് ദ ഇയറും ഫിഫ പ്രഖ്യാപിച്ചു.
റയല്‍ മാഡ്രിഡിന്റെ ബെല്ജിന് ഗോളി തിബോ കോര്‍ത്വയാണ് ടീമിന്റെ ഗോള്‍ കീപ്പര്‍. അഷ്റഫ് ഹക്കിമി, വിര്‍ജില്‍ വാന്‍ദെയ്ക്, യാവോ കാന്‍സെലോ എന്നിവര്‍ പ്രതിരോധത്തിലുണ്ട്. ലൂക്കാ മോഡ്രിച്ച്, കെവിന് ഡിബ്രുയിന്, കാസിമിറോ എന്നിവരാണ് മധ്യനിരയില്‍. ലിയോണല്‍ മെസി, കരീം ബെന്‍സെമ, എര്‍ളിംഗ് ഹാളണ്ട്, കിലിയന്‍ എംബപ്പെ എന്നിവരാണ് സ്ട്രൈക്കര്‍മാര്‍.