

ഇറാഖിനെതിരേ രണ്ട് ഗോളടിച്ച ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പെ.
ഫിലാഡൽഫിയ: ഫ്രാൻസ് ദേശീയ കുപ്പായത്തിൽ തന്‍റെ നൂറാം മത്സരം ചരിത്ര മുഹൂർത്തമാക്കി മാറ്റി സൂപ്പർ താരം കിലിയൻ എംബാപ്പെ. ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഐയിലെ രണ്ടാം പോരാട്ടത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) തകർത്ത് ഫ്രാൻസ് ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 (നോക്കൗട്ട്) യോഗ്യത ഉറപ്പാക്കി. എംബാപ്പെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ ഉസ്മാൻ ഡെംബെലെ തന്‍റെ കന്നി ലോകകപ്പ് ഗോളും സ്വന്തമാക്കി.
ഈ ജയത്തോടെ ടൂർണമെന്‍റിൽ എംബാപ്പെയുടെ ഗോൾ നേട്ടം നാലായി ഉയർന്നു. കനത്ത ഇടിമിന്നൽ കാരണം വൈകി ആരംഭിച്ച മത്സരത്തിൽ മുൻ ചാംപ്യന്മാരായ ഫ്രാൻസിന് ഇറാഖ് ഒട്ടും ഭീഷണിയുയർത്തിയില്ല. കഴിഞ്ഞ മത്സരത്തിലെ പോലെ തന്നെ മൈക്കൽ ഒലീസും എംബാപ്പെയും തമ്മിലുള്ള തകർപ്പൻ കെമിസ്ട്രിയാണ് മത്സരത്തിന്‍റെ തുടക്കത്തിൽ കണ്ടത്.
14-ാം മിനിറ്റിൽ ഒലീസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് ബോക്സിന് വെളിയിൽ, 20 യാർഡ് അകലെ നിന്ന് എംബാപ്പെ തൊടുത്ത പവർപാക്ക്ഡ് ഇടങ്കാലൻ ഷോട്ട് ഇറാഖ് വല തുളച്ചു.
രണ്ടാം പകുതിയിൽ ഇറാഖ് പ്രതിരോധ താരം സെയ്ദ് തഹ്സീനും ഗോൾകീപ്പർ അഹമ്മദ് ബാസിലും വരുത്തിയ മണ്ടൻ പിഴവിൽ നിന്നാണ് ഫ്രാൻസിന്‍റെ രണ്ടാം ഗോൾ പിറന്നത്. 54-ാം മിനിറ്റിൽ, ഇറാഖ് കളിക്കാരിൽ നിന്നു പന്ത് തട്ടിയെടുത്ത ഉസ്മാൻ ഡെംബെലെ അത് എംബാപ്പെയ്ക്ക് മറിച്ചുനൽകി. ഒഴിഞ്ഞ വലയിലേക്ക് പന്ത് തട്ടിയിട്ട് എംബാപ്പെ ഇരട്ട ഗോൾ തികച്ചു.
ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിൽ എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ഗോൾവേട്ടക്കാരനായ ജർമനിയുടെ മിറോസ്ലാവ് ക്ലോസെയ്ക്ക് (16 ലോകകപ്പ് ഗോളുകൾ) ഒപ്പമെത്തി എംബാപ്പെ. ഈ മത്സരത്തിനു തൊട്ടു മുൻപ് ഓസ്ട്രിയക്കെതിരേ രണ്ട് ഗോളടിച്ച അർജന്‍റീനയുടെ ലയണൽ മെസിയാണ് പട്ടികയിൽ ഇപ്പോൾ മുന്നിൽ.
66-ാം മിനിറ്റിൽ ഇറാഖിനെതിരേ ഫ്രാൻസ് മൂന്നാം ഗോളും നേടി. രണ്ടാം ഗോളിന് വഴിയൊരുക്കിയ ഡെംബെലെയ്ക്ക് 12 മിനിറ്റുകൾക്കുള്ളിൽ അതിനുള്ള പ്രതിഫലം ലഭിക്കുകയായിരുന്നു. മധ്യനിരയിൽ പന്തുമായി കുതിച്ച മൈക്കൽ ഒലീസിന്‍റെ അളന്നുമുറിച്ച പാസ് സ്വീകരിച്ച് ഡെംബെലെ കൃത്യമായി നിറയൊഴിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും രണ്ട് അസിസ്റ്റുകളുമായി മൈക്കൽ ഒലീസ് ഫ്രഞ്ച് ആക്രമണങ്ങളുടെ നെടുംതൂണായി മാറി. എംബാപ്പെ തന്നെയാണ് മത്സരത്തിലെ മികച്ച താരം.
ലോകകപ്പ് ചരിത്രത്തിൽ ആറ് മത്സരങ്ങളിൽ രണ്ട് അല്ലെങ്കിൽ അതിൽ കൂടുതൽ ഗോളുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം ഈ മത്സരത്തോടെ കിലിയൻ എംബാപ്പെ സ്വന്തം പേരിൽ കുറിച്ചു.
ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിർണയിക്കാൻ നോർവെയ്‌ക്കെതിരായ മൂന്നാമത്തെ മത്സരം നിർണായകമാകും. അടുത്ത മത്സരത്തിൽ സൂപ്പർ താരം ഏർലിങ് ഹാലൻഡിന്‍റെ നോർവെയെയാണ് ഫ്രാൻസ് നേരിടുക. നിലവിൽ ടൂർണമെന്‍റിലെ ഗോൾഡൻ ബൂട്ടിനായും ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോൾ റെക്കോർഡിനായും ലയണൽ മെസിയും കിലിയൻ എംബാപ്പെയും തമ്മിലുള്ള വ്യക്തിഗത പോരാട്ടവും ഇതോടെ കടുക്കുകയാണ്.