അന്ന് ഇനിയെസ്റ്റ, ഇന്ന് റോഡ്രി

ആന്ദ്രെ ഇനിയേസ്റ്റയുടെ ടിക്കി-ടാക്ക മായാജാലത്തിന് ശേഷം ആധുനിക ഡയറക്റ്റ് ഫുട്ബോളിൽ റോഡ്രി സ്പെയിനെ വീണ്ടും ലോകകിരീടത്തിലേക്ക് നയിച്ച കഥ
Rodri vs Iniesta: Spain’s World Cup maestros compared

2026 ഫിഫ ലോകകപ്പിലെ ഗോൾഡൻ ബോൾ പുരസ്കാരവുമായി റോഡ്രി | 2010 ഫിഫ ലോകകപ്പ് ട്രോഫിയുമായി ആന്ദ്രെ ഇനിയെസ്റ്റ.

Updated on

ഫ്രാൻസ് ബെക്കൻബോവർ, ഗെർഡ് മുള്ളർ, സിനദിൻ സിദാൻ... സ്പെയിന്‍റെ ലോകകപ്പ് നേട്ടത്തോടെ റോഡ്രി ഉയർത്തപ്പെട്ടിരിക്കുന്നത് ഇതിഹാസങ്ങളുടെ നിരയിലേക്കാണ്. ലോകകപ്പും യൂറോപ്യൻ ചാംപ്യൻഷിപ്പും ചാംപ്യൻസ് ലീഗും ബാലൻ ദി ഓറും സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ഫുട്ബോളർ. പക്ഷേ, സ്പെയിൻ രണ്ടാം വട്ടം ലോക കിരീടം ഉയർത്തുമ്പോൾ റോഡ്രിയെ ഓർക്കാൻ കഴിയുന്നത് ഇനിയെസ്റ്റയുമായി ചേർത്തുവച്ചാണ്. സ്പാനിഷ് മധ്യനിരയുടെ എൻജിനാണെങ്കിലും റോഡ്രി കളിക്കുന്നതു കണ്ടാൽ ഇനിയെസ്റ്റയെ ഓർമ വരുകയൊന്നുമില്ല. എന്നാൽ, 2010 ലോകകപ്പിന്‍റെ ഹീറോ ആയിരുന്ന ഇനിയെസ്റ്റയെ സ്പെയിന്‍റെ രണ്ടാം കിരീടനേട്ടത്തിന്‍റെ സമയത്ത് ഓർക്കാതിരിക്കുന്നതെങ്ങനെ!

ബാഴ്സലോണയിലും സ്പെയ്നിലും 'ടിക്കി-ടാക്ക' മാന്ത്രികതയുടെ മധ്യനിര ചക്രവർത്തിയായിരുന്നു ആന്ദ്രെ ഇനിയേസ്റ്റ. അതേസമയം, ആധുനിക ഫുട്ബോളിൽ റോഡ്രി ഒരു കംപ്യൂട്ടറാണ്. വ്യത്യസ്ത കാലഘട്ടങ്ങളിൽ, വ്യത്യസ്ത ശൈലികളുമായി സ്പെയിനെ ലോകത്തിന്‍റെ നെറുകയിലെത്തിച്ച രണ്ട് മാസ്ട്രോകൾ.

2010-ൽ വിസെന്‍റെ ഡെൽ ബോസ്കിനു കീഴിൽ ഐകർ കസിയസ് സ്പെയിനു വേണ്ടി ലോകകിരീടം ഏറ്റുവാങ്ങുമ്പോൾ, വിങ്ങറും അറ്റാക്കിങ് മിഡ്ഫീൽഡറും ഒക്കെയായിരുന്നു ഇനിയേസ്റ്റ. പന്തിനെ സ്വന്തം കാലിൽ തളച്ചിട്ട് എതിരാളികളെ വട്ടംകറക്കുന്ന 'ലാ പോസ' ശൈലിയായിരുന്നു ഇനിയേസ്റ്റയുടേത്. സാവി ഹെർണാണ്ടസ്, സെർജിയോ ബുസ്കെറ്റ്സ്, സാബി അലോൺസോ എന്നിവരുമായി അയാളുണ്ടാക്കിയ കൂട്ടുകെട്ട് സ്പാനിഷ് മധ്യനിരയെ ലോകോത്തരമാക്കി. നെതർലൻഡ്സിനെതിരായ ഫൈനലിന്‍റെ 116-ാം മിനിറ്റിൽ ഇനിയേസ്റ്റ നേടിയ ആ ചരിത്ര ഗോൾ സ്പെയിനെ ആദ്യമായി ലോകരാജാക്കന്മാരുമാക്കി.

അതേസമയം, ലൂയിസ് ഡി ലാ ഫ്യുന്‍റെയുടെ കീഴിൽ സ്പെയിൻ കളം നിറഞ്ഞപ്പോൾ റോഡ്രി ആ ടീമിന്‍റെ തലച്ചോറായിരുന്നു. ഒറ്റ ഡിഫൻസിവ് മിഡ്ഫീൽഡറായി കളി നിയന്ത്രിച്ച ക്യാപ്റ്റൻ. എതിരാളികളുടെ കൗണ്ടർ അറ്റാക്കുകളെ തടയുക, പന്തുകൾ പരമാവധി കൈകാര്യം ചെയ്യുക, പാസുകളിൽ കൃത്യത നിലനിർത്തുക എന്നിവയായിരുന്നു പ്രധാന ചുമതലകൾ. നടുവിൽ ഒസാർബയാലിന്‍റെയും വിങ്ങുകളിൽ ലാമിൻ യമാലിന്‍റെയും അലക്സ് ബയേനയുടെയുമൊക്കെ കാലുകളിലേക്ക് അയാളിൽ നിന്ന് അളന്നു കുറിച്ച പാസുകൾ പുറപ്പെട്ടു.

ഇനിയേസ്റ്റ ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയ പടവാളായിരുന്നെങ്കിൽ, റോഡ്രി ടീമിനെ കാത്ത പരിചയായിരുന്നു. ഇനിയേസ്റ്റ ചെറിയ പാസുകളിലൂടെ എതിരാളികളെ തളർത്തുന്ന ടിക്കി-ടാക്കയുടെ ഭാഗമായിരുന്നെങ്കിൽ, റോഡ്രി മോഡേൺ ഡയറക്റ്റ് ഫുട്ബോളിന്‍റെ നട്ടെല്ലാണ്. ഇനിയേസ്റ്റ ഇടതു വിങ്ങിലൂടെ ആക്രമിച്ചു കയറിയപ്പോൾ, റോഡ്രി മധ്യനിരയ്ക്കു പിന്നിൽ കളി മെനഞ്ഞു. ഇനിയേസ്റ്റ പന്തുകളിയുടെ വശ്യതകൊണ്ട് ലോകം കീഴടക്കിയപ്പോൾ, റോഡ്രി കായികക്ഷമതയും കൃത്യതയും കൊണ്ട് ലോകം പിടിച്ചടക്കി.

ഇനിയേസ്റ്റയുടെ ഫുട്ബോൾ കാവ്യാത്മകമായിരുന്നെങ്കിൽ, റോഡ്രിയുടെ കളി കണക്കുകൾക്ക് വഴങ്ങുന്നതാണ്. ടൂർണമെന്‍റിലുടനീളം 753 പാസുകൾ, മറ്റാരെക്കാളും മുന്നിൽ. 94 ശതമാനം എന്ന അവിശ്വസനീയമായ പാസിങ് കൃത്യത. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ നീക്കങ്ങളിൽ (1,803 പ്ലേ) പങ്കാളി. അങ്ങനെയാണ് ഒരു ഗോളോ ഒരു അസിസ്റ്റോ പോലുമില്ലാതെ, സാക്ഷാൽ ലയണൽ മെസിയെ പോലും മറികടന്ന് റോഡ്രി ഈ ടൂർണമെന്‍റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് അർഹനായത്.

കാൽമുട്ട് ശസ്ത്രക്രിയയെത്തുടർന്ന് എട്ടു മാസം നീണ്ട ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയാണ് റോഡ്രി ഈ ലോകകപ്പിൽ ടീമിന്‍റെ നട്ടെല്ലായി മാറിയത്. കുബാർസി - പോറോ - ലാപോർട്ടെ - കുക്കുറെയ സഖ്യം തീർത്ത അഭേദ്യമായ പ്രതിരോധക്കോട്ടയെ റൂയിസും ഓൾമോയും അടങ്ങുന്ന സപ്ലൈ ലൈനുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു അയാൾ. ലയണൽ മെസിയെ മറികടന്ന് ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരത്തിന് റോഡ്രി അർഹനാകുമ്പോൾ, ആധുനിക ഫുട്ബോളിൽ ഡിഫൻസിവ് മിഡ്ഫീൽഡറുടെ നിർണായക റോൾ ഒരിക്കൽക്കൂടി തെളിയിക്കപ്പെടുകയാണ്.

logo
Metro Vaartha
www.metrovaartha.com