ഗോൾമഴയുമായി ജർമനിയുടെ തുടക്കം

ജർമനിക്കായി യൂറോ കപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫ്ളോറിയൻ വിർട്സ്
ഗോൾമഴയുമായി ജർമനിയുടെ തുടക്കം
ജർമനിക്കായി യൂറോ കപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫ്ളോറിയൻ വിർട്സ്
Updated on

മ്യൂണിച്ച്: ദീർഘകാലമായി ഫോം നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന ജർമൻ ഫുട്ബോൾ ടീമിന് ആശ്വാസവും ആത്മവിശ്വാസവും പകർന്ന് യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഗംഭീര തുടക്കം. യൂറോ 2024 ഉദ്ഘാടന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ കീഴടക്കിയത് ഒന്നിനെതിരേ അഞ്ച് ഗോളിന്.

ഫ്ളോറിയൻ വിർട്സ്, ജമാൽ മുസൈല, കായ് ഹാവെർട്സ് എന്നിവരുടെ ഗോളുകളിലൂടെ ആദ്യ പകുതിയിൽ തന്നെ വ്യക്തമായ ലീഡ് നേടിയ ജർമനിക്കു വേണ്ടി സബ്സ്റ്റിറ്റ്യൂട്ട് താരങ്ങൾ നിക്ലാസ് ഫുൾക്രൂഗും എംറെ കാനുമാണ് രണ്ടാം പകുതിയിൽ പട്ടിക തികച്ചത്.

ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ റിയാൻ പോർട്ട്യൂസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സ്കോട്ടിഷ് സംഘത്തിനു തിരിച്ചടിയായി. ഈ ഫൗളിനു കിട്ടിയ പെനൽറ്റിയിലൂടെയായിരുന്നു ഹാവെർട്സിന്‍റെ ഗോൾ. 87ാം മിനിറ്റിലാണ് സ്കോട്ട്ലൻഡിന്‍റെ ആശ്വാസ ഗോൾ പിറന്നത്. അന്‍റോണിയോ റൂഡിഗറുടെ പേരിൽ സെൽഫ് ഗോളായി ഇതു രേഖപ്പെടുത്തി.

ഇനി എ ഗ്രൂപ്പിൽ നിന്നു മുന്നേറണമെങ്കിൽ ഹംഗറിക്കും സ്വിറ്റ്സർലൻഡിനുമെതിരേ അസാമാന്യ പ്രകടനം തന്നെ സ്കോട്ട്‌ലൻഡ് പുറത്തെടുക്കേണ്ടി വരും.

യൂറോ കപ്പോടെ അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്നു വിരമിക്കുന്ന ടോണി ക്രൂസിന്‍റെ ഗംഭീരമായ മിഡ്‌ഫീൽഡ് പ്രകടനങ്ങൾക്കും മത്സരം വേദിയായി. ജോഷ്വ കിമ്മിച്ചിനു ക്രൂസ് നൽകിയ ക്രോസ്ഫീൽഡ് ലോബിൽനിന്നായിരുന്നു വിർട്സിന്‍റെ ഗോൾ. ഇതോടെ ജർമനിക്കായി യൂറോ കപ്പിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇരുപത്തൊന്നുകാരൻ മാറി. ലീഡ് ഉയർത്തിയ മുസൈലയ്ക്ക് വിർട്സിനെക്കാൾ 67 ദിവസം മാത്രം പ്രായക്കൂടുതൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com