പനാമ കടന്ന് ഘാന

ഇഞ്ചുറി ടൈമിൽ കാലെബ് യെറെൻകിയുടെ ഗോളിലൂടെ പനാമയെ മറികടന്ന് ഘാന ഗ്രൂപ്പ് എൽ പട്ടികയിൽ ഇംഗ്ലണ്ടിനൊപ്പം ഒന്നാം സ്ഥാനത്ത്
Ghana vs Panama FIFA world cup 2026

ഘാനയുടയെ വിജയശിൽപ്പിയായ കാലെബ് യെറെൻകി.

Updated on

ലോകകപ്പിലെ ഗ്രൂപ്പ് എൽ മത്സരത്തിൽ പനാമയ്‌ക്കെതിരെ ഘാനയ്ക്ക് ആവേശകരമായ വിജയം. ടൊറന്‍റോയിലെ ബിഎംഒ ഫീൽഡിൽ നടത്തിയ മത്സരത്തിൽ, ഇഞ്ചുറി ടൈമിൽ പിറന്ന ഏക ഗോളിനാണ് ഘാന വിജയം പിടിച്ചെടുത്തത്. മത്സരത്തിന്‍റെ അന്ത്യനിമിഷം വരെ സമനിലയിലേക്ക് നീങ്ങിയ കളിയാണ് കാലെബ് യെറെൻകിയുടെ ഗോളിലൂടെ ഘാനയ്ക്ക് അനുകൂലമായത്.

രണ്ടാം പകുതിയിലെ അധികസമയത്തിന്‍റെ അഞ്ചാം മിനിറ്റിൽ ബ്രാൻഡൻ തോമസ്-അസാന്‍റെ നൽകിയ മനോഹരമായ ക്രോസ് വലയിലെത്തിച്ച് കാലെബ് യെറെൻകി ഘാനയുടെ വിജയശിൽപ്പിയായി.

നേരത്തെ, ഇരു ടീമുകളും ഗോളുകൾക്കായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾകീപ്പർമാരുടെ മിന്നുന്ന പ്രകടനങ്ങൾ പലപ്പോഴും തടസമായി. മത്സരത്തിന്‍റെ രണ്ടാം മിനിറ്റിൽ പനാമയുടെ സെസീലിയോ വാട്ടർമാൻ തൊടുത്ത ഷോട്ട് ഘാന ഗോൾകീപ്പർ ആറ്റി-സിഗി അദ്ഭുതകരമായി തട്ടിയകറ്റിയിരുന്നു. തുടർന്ന് പരിക്കേറ്റ ആറ്റി-സിഗിക്ക് പകരം ബെഞ്ചമിൻ അസാരെ രണ്ടാം പകുതിയിൽ ഗോൾവല കാത്തു.

ഇതിനിടെ, ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട നിയമനടപടികൾ നടക്കുന്നതിനാൽ കാനഡയിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട സ്റ്റാർ മിഡ്ഫീൽഡർ തോമസ് പാർട്ടിയില്ലാതെയാണ് ഘാന ഇന്ന് കളത്തിലിറങ്ങിയത്.

മഴ പെയ്ത ടൊറന്‍റോയിലെ മൈതാനത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരമായിരുന്നു ഇത്. 65-ാം മിനിറ്റിൽ ജോർദാൻ അയ്യുവിന് ലഭിച്ച സുവർണാവസരം പനാമ പ്രതിരോധതാരം ജിയോവാനി റാമോസ് കൃത്യമായ ടാക്കിളിലൂടെ തടഞ്ഞത് മത്സരത്തിലെ ശ്രദ്ധേയമായ നീക്കമായിരുന്നു.

ഈ വിജയത്തോടെ എൽ ഗ്രൂപ്പിൽ ഇംഗ്ലണ്ടിനൊപ്പം ഘാനയും ഒന്നാം സ്ഥാനത്തെത്തി. നേരത്തെ നടന്ന മത്സരത്തിൽ ക്രോയേഷ്യയെ 4-2ന് പരാജയപ്പെടുത്തി ഇംഗ്ലണ്ട് മികച്ച തുടക്കം കുറിച്ചിരുന്നു. ജൂൺ 23-ന് നടക്കുന്ന അടുത്ത റൗണ്ട് മത്സരങ്ങളിൽ ഘാന ഇംഗ്ലണ്ടിനെയും പനാമ ക്രോയേഷ്യയെയും നേരിടും.

logo
Metro Vaartha
www.metrovaartha.com