
യുവാൻ റോമൻ റിക്വൽമ, ലയണൽ മെസി, എൻസോ ഫെർണാണ്ടസ് ടോപ്പോ ഗിജിയോ ആഘോഷങ്ങൾ.
File
വി.കെ. സഞ്ജു
ഇംഗ്ലണ്ട് ജയമുറപ്പിച്ചതു പോലെ കളിച്ചുകൊണ്ടിരുന്ന ലോകകപ്പ് സെമി ഫൈനലിൽ, അർജന്‍റീനയ്ക്കു വേണ്ടി എൻസോ ഫെർണാണ്ടസ് സമനില ഗോൾ കണ്ടെത്തുമ്പോൾ സ്റ്റേഡിയം ആർത്തിരമ്പുകയായിരുന്നു. പന്ത് വലയിലാക്കിയ എൻസോ ടച്ച്‌ലൈനിന് അരികിലേക്ക് ഓടി, കാമറകൾക്ക് മുന്നിൽ തന്‍റെ കൈകൾ ചെവിക്കു പിന്നിൽ വച്ച് അമിതാവേശമില്ലാതെ ആഘോഷിച്ചു. അതൊരു സാധാരണ സന്തോഷപ്രകടനമായിരുന്നില്ല; ഫുട്ബോൾ ചരിത്രത്തിലെ ഐക്കോണിക് ആയൊരു ഗോൾ ആഘോഷമാണ് അയാളവിടെ ആവർത്തിച്ചത്. അർജന്‍റൈൻ ഫുട്ബോളിലെ റിബൽ കൾച്ചറിന്‍റെ ആഘോഷപൂർണമായ പ്രതിഫലനം.
'എൽ ടോപ്പോ ഗിജിയോ' എന്നാണീ ഗോൾ ആഘോഷത്തിന്‍റെ പേര്. ഇതിനു തുടക്കം കുറിച്ചത് അർജന്‍റൈൻ ഫുട്ബോളിൽ ഇതിഹാസതുല്യനായ യുവാൻ റോമൻ റിക്വൽമിയും. 2001 ഏപ്രിൽ 8-നായിരുന്നു അത്. സൂപ്പർക്ലാസിക്കോ മത്സരത്തിൽ റിവർ പ്ലേറ്റിനെതിരേ ഗോളടിച്ച ശേഷം ബൊക്കാ ജൂനിയേഴ്സിലെ സഹതാരങ്ങൾക്കൊപ്പം ആഘോഷിക്കുന്നതിനു പകരം, ക്ലബ് പ്രസിഡന്‍റ് മൗറീഷ്യോ മാക്രി ഇരിക്കുന്ന ബോക്സിന് നേരെയാണ് റിക്വൽമി ഓടിച്ചെന്നത്. അവിടെ നിശ്ചലനായി നിന്ന് കൈകൾ ചെവിക്കു പിന്നിൽ വെച്ചു. ക്ലബ് മാനെജ്മെന്‍റിന്‍റെ തീരുമാനങ്ങളോട് മൗനത്തിന്‍റെ ഭാഷയിൽ നടത്തിയ തീക്ഷ്ണമായ പ്രതിഷേധം.
പിന്നീട് ചോദിച്ചപ്പോൾ, തന്‍റെ മകൾക്ക് ഇഷ്ടപ്പെട്ട ടോപ്പോ ഗിജിയോ എന്ന കാർട്ടൂൺ കഥാപാത്രത്തിന്‍റെ ആംഗ്യമാണ് താൻ അനുകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ, ഫുട്ബോൾ ലോകത്തെ ഐതിഹാസികമായ ഒരു പ്രതിഷേധപ്രകടനം അതിനകം ജനിച്ചുകഴിഞ്ഞിരുന്നു. 2023ൽ ഇതേ മൗറീഷ്യോ മാക്രിയുടെ പാനലിനെ പരാജയപ്പെടുത്തി റിക്വൽമി ബൊക്കാ ജൂനിയേഴ്സിന്‍റെ പ്രസിഡന്‍റുമായി!
സ്ഥിതിവിവരക്കണക്കുകൾ നോക്കിയാൽ അർജന്‍റീനയുടെ ഏറ്റവും മികച്ച ഫുട്ബോളർമാരുടെ കൂട്ടത്തിൽ റിക്വൽമിയെ എണ്ണാൻ കഴിഞ്ഞേക്കില്ല. പക്ഷേ, നട്ടുച്ചയ്ക്ക് അസ്തമിച്ചു പോയ പ്രതിഭയുടെ സൂര്യനായി പിൽക്കാലത്ത് അർജന്‍റീനയ്ക്ക് അകത്തും പുറത്തും ഒരുപാട് ഫുട്ബോളർമാർക്ക് വിഗ്രഹമായി മാറുകയായിരുന്നു റിക്വൽമി.
2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്സിനെതിരേ ഗോളടിച്ച ശേഷം അവരുടെ കോച്ച് ലൂയിസ് വാൻ ഗാലിനു മുന്നിൽ ടോപ്പോ ഗിജിയോ ആഘോഷം നടത്തുന്ന ലയണൽ മെസി.
File
2022 ലോകകപ്പ് ക്വാർട്ടറിൽ നെതർലൻഡ്സിനെതിരേ ഗോൾ നേടിയ ശേഷം സാക്ഷാൽ ലയണൽ മെസി നേരേ എതിരാളികളുടെ ബെഞ്ചിനു മുന്നിൽ പോയാണ് ആഘോഷം നടത്തിയത്. ബാഴ്സലോണയിൽ റിക്വൽമിയെ അവഗണിച്ച ലൂയിസ് വാൻ ഗാലാണ് നെതർലൻഡ്സിന്‍റെ പരിശീലകനായി അവിടെയുണ്ടായിരുന്നത്; റിക്വൽമിയുടെ കരിയർ നശിപ്പിച്ച പരിശീലകനോട് പിൻഗാമി പ്രകടിപ്പിച്ച പ്രതിഷേധമായിരുന്നു മെസിയുടെ ടോപ്പോ ഗിജിയോ!
ബോക്ക ജൂനിയേഴ്സിൽ കളിക്കുമ്പോൾ റിക്വൽമിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, കാർലോസ് ടെവസ് തന്‍റെ കരിയറിന്‍റെ പീക്കിൽ ഈ ആഘോഷം പലതവണ ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോൾ എൻസോ ഫെർണാണ്ടസ് ഇംഗ്ലണ്ടിനെതിരേ ഇതേ ആഘോഷം ആവർത്തിക്കുമ്പോൾ അത്, അത്ര നേരം ആർത്തുവിളിച്ച ഇംഗ്ലിഷ് ആരാധകരോടുള്ള പരിഹാസമാകാം, കൂടുതൽ ഉച്ചത്തിൽ കൈയടിക്കാൻ സ്വന്തം ആരാധകരോടു നടത്തിയ ആഹ്വാനമാകാം, അർജന്‍റീനയുടെ തീരത്തുള്ള മാൽവിനാസ് ദ്വീപിന് ഫോക്ക്‌ലാൻഡ്സ് എന്നു പേരിട്ട് കൈവശം വച്ചിരിക്കുന്ന ഇംഗ്ലിഷ് സാമ്രാജ്യത്വത്തോടുള്ള പ്രതിഷേധവുമാകാം.... ഏതായാലും റിക്വൽമി എന്ന റെബൽ ഒരു നിമിഷം അർജന്‍റൈൻ കുപ്പായത്തിൽ പുനർജനിക്കുകയായിരുന്നു അവിടെ.
അർജന്‍റീനക്കാരിൽനിന്നു മാത്രമല്ല, മറ്റു പല രാജ്യങ്ങളിലും ടോപ്പോ ഗിജിയോ ആഘോഷത്തിന് അനുകരണങ്ങളുണ്ടായി. റിക്വൽമിയുടെ കടുത്ത ആരാധകനായി സ്വയം വിശേഷിപ്പിക്കാറുള്ള മുൻ ബെൽജിയൻ സൂപ്പർ താരം ഏഡൻ ഹസാർഡാണ് അതിലൊരാൾ. ഉറുഗ്വെയുടെ വികൃതിക്കാരൻ ലൂയിസ് സുവാരസ് എതിരാളികളുടെ ആരാധകരെ പ്രകോപിപ്പിക്കാനാണ് ഈ ശൈലി ഉപയോഗിച്ചുവന്നത്. ഈജിപ്റ്റിന്‍റെ മുഹമ്മദ് സലായും നോർവേയുടെ എർലിങ് ഹാളണ്ടും പലപ്പോഴായി ഈ രീതിയിൽ ഗോളുകൾ ആഘോഷിച്ചിട്ടുണ്ട്. 'ഒച്ച പോരാ, കേൾക്കാൻ കഴിയുന്നില്ല' എന്ന് എതിരാളികളോട് പറയാൻ ആ കാർട്ടൂൺ എലിയുടെ ആംഗ്യം ഇപ്പോൾ ക്രിക്കറ്റ് മത്സരങ്ങളിൽപ്പോലും ഉപയോഗിച്ചുവരുന്നു.
റിക്വൽമിയും പാട്രിക് ക്ലൈവർട്ടും ബാഴ്സലോണ കാലത്ത്.
അന്താരാഷ്ട്ര കരിയറിൽ നേട്ടങ്ങൾ അധികം അവകാശപ്പെടാനില്ലെങ്കിലും, ലോകം കണ്ട ഏറ്റവും മികച്ച പ്ലേമേക്കർമാരിൽ ഒരാളായിരുന്നു യുവാൻ റോമൽ റിക്വൽമി. തന്‍റെ കാലത്തെ ഏറ്റവും മികച്ച ടിപ്പിക്കൽ പത്താം നമ്പർ പ്ലെയർ ആയിരുന്നിട്ടുപോലും പല കാരണങ്ങളാൽ ദേശീയ ടീമിൽനിന്നും ക്ലബ് ടീമിൽനിന്നു പോലും ഒഴിവാക്കപ്പെട്ട പ്രതിഭ.
2002-ൽ റിക്വൽമി ബാഴ്സലോണയിൽ എത്തിയപ്പോൾ അവരുടെ കോച്ച് ലൂയിസ് വാൻ ഗാൽ പറഞ്ഞത്, 'നിങ്ങൾ ഒരു രാഷ്ട്രീയ തീരുമാനത്തിന്‍റെ ഭാഗമായി വന്നയാളാണ്. ഞാൻ നിങ്ങളെ ആവശ്യപ്പെട്ടിട്ടില്ല' എന്നായിരുന്നു. പന്ത് കാലിലുള്ളപ്പോൾ നിങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായിരിക്കാം, പക്ഷേ, പന്തില്ലാത്തപ്പോൾ നമ്മൾ പത്ത് പേരെ വെച്ചേ കളിക്കുന്നുള്ളൂ എന്നു കൂടി വാൻ ഗാൽ അന്ന് കൂട്ടിച്ചേർത്തു.
ക്രിയേറ്റിവ് മിഡ്ഫീൽഡറുടെ റോളിൽ ശോഭിച്ചിരുന്ന റിക്വൽമിയുടെ പൊസഷൻ-പാസിങ് ശൈലിയോടുള്ള ഇഷ്ടക്കേടായിരുന്നു വാൻ ഗാലിന്‍റെ വാക്കുകളിൽ പ്രതിഫലിച്ചത്. ഒരു കളിക്കാരനെ ആശ്രയിച്ച് ടീം കെട്ടിപ്പടുക്കാനാവില്ലെന്നു വിശ്വസിച്ച അദ്ദേഹം കടലാസിൽ വരച്ചുകൂട്ടുന്നതു പോലെ ഗ്രൗണ്ടിൽ പന്തു തട്ടുന്ന ടാക്റ്റിക്കൽ ഫുട്ബോളിന്‍റെ ആളായിരുന്നു.
അങ്ങനെ, മധ്യനിരയിൽ കളി മെനയുന്ന റിക്വൽമിയെ വാൻ ഗാൽ നിർബന്ധപൂർവം ലെഫ്റ്റ് വിങ്ങിലേക്കു മാറ്റി. അവിടെ വിങ്ങുകളിലൂടെ ആക്രമിക്കുന്ന ഫോർവേഡ് ആകാനോ എതിർ നീക്കങ്ങൾ വേണ്ടവിധം ബ്ലോക്ക് ചെയ്യാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. സിസ്റ്റമാണ് വ്യക്തിയെക്കാൾ പ്രധാനം എന്ന നിലപാടിൽ വാൻ ഗാൽ ഉറച്ചു നിന്നപ്പോൾ റിക്വൽമിയുടെ കരിയർ തന്നെ അകാലത്തിൽ അസ്തമയത്തോടടുത്തു.
റിക്വൽമിയും ലയണൽ മെസിയും 2006 ലോകകപ്പിൽ.
2015ൽ റിക്വൽമി ക്ലബ് കരിയർ അവസാനിപ്പിച്ചെങ്കിലും 2023ൽ ബൊക്കാ ജൂനിയേഴ്സ് അദ്ദേഹത്തിനു വേണ്ടി ഒരു വിടവാങ്ങൽ മത്സരം ഒരുക്കി. അർജന്‍റീന ഇലവനായിരുന്നു എതിരാളികൾ. ആദ്യ പകുതിയിൽ അർജന്‍റീനയ്ക്കും വേണ്ടിയും രണ്ടാം പകുതിയിൽ ബൊക്കാ ജൂനിയേഴ്സിനു വേണ്ടിയും റിക്വൽമി പന്തുതട്ടി. പിറന്നാൾ ആഘോഷത്തിനിടെ ലയണൽ മെസിയുമെത്തി ആ കളി കാണാൻ. പക്ഷേ, ഗ്യാലറിയിലന്ന് ഏറ്റവും കൂടുതൽ മുഴങ്ങിക്കേട്ട പേര് 'റോമൻ' എന്നായിരുന്നു! ''മെസി ഞങ്ങളോടു ക്ഷമിക്കുക, ലാ ബൊംബനേരയിൽ (ബൊക്ക ജൂനിയേഴ്സിന്‍റെ ഹോം ഗ്രൗണ്ട്) റോമനാണ് ഏറ്റവും വലുത്''- റോമന്‍റെ ആരാധകർ പാടിയപ്പോൾ മെസിയും കൈയടിച്ചു.
അർജന്‍റീനയുടെ ആരാധകർക്കും കളിക്കാർക്കും അത്രയും പ്രിയപ്പെട്ടവനായിരിക്കുമ്പോഴും, അധികാരസ്ഥാനങ്ങളുമായി കലഹം തുടരുന്നതായിരുന്നു റിക്വൽമിയുടെ രീതി. ദേശീയ ടീമിനായി 51 മത്സരങ്ങൾ മാത്രം, അതിൽ 17 ഗോൾ, 20 അസിസ്റ്റ്. എന്നാൽ, ടീം മാനേജ്‌മെന്‍റുമായുള്ള അഭിപ്രായവ്യത്യാസങ്ങളും വ്യക്തിപരമായ കാരണങ്ങളും കൊണ്ട് രണ്ട് തവണയാണ് അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
2006-ലെ ലോകകപ്പിൽ അർജന്‍റീന ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായതോടെ റിക്വൽമിക്കെതിരേ കടുത്ത വിമർശനങ്ങളുയർന്നു. ഇതിനിടെ അദ്ദേഹത്തിന്‍റെ അമ്മയുടെ ആരോഗ്യസ്ഥിതി വഷളായി. ''എനിക്ക് ഫുട്ബോളിനെക്കാൾ വലുത് കുടുംബമാണ്, അമ്മയുടെ ആരോഗ്യം നോക്കാതെ എനിക്ക് ദേശീയ ജെഴ്സി വേണ്ട'', എന്ന പ്രഖ്യാപനവുമായി വെറും 28 വയസുള്ളപ്പോൾ അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചു.
എന്നാൽ, ഒരു വർഷത്തിന് ശേഷം, 2007-ലെ കോപ്പ അമെരിക്ക ടൂർണമെന്‍റിനായി അദ്ദേഹം ടീമിൽ തിരിച്ചെത്തി, അർജന്‍റീനയെ ഫൈനലിലെത്തിക്കുകയും ചെയ്തു. 2008-ലെ ബീജിങ് ഒളിംപിക്സിൽ അർജന്‍റീന സ്വർണ മെഡൽ നേടുമ്പോൾ റിക്വൽമി ആയിരുന്നു ക്യാപ്റ്റൻ.
ബൊക്കാ ജൂനിയേഴ്സ് ഇലവനും അർജന്‍റീന ഇലവനുമായി നടത്തിയ പ്രദർശന മത്സരത്തിന് മറഡോണയുടെ ജെഴ്സിയണിഞ്ഞെത്തിയ റിക്വൽമി.
ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അർജന്‍റീനയുടെ പരിശീലകനായി ചുമതലയേറ്റതോടെയാണ് റിക്വൽമിയുടെ അന്താരാഷ്ട്ര കരിയർ യഥാർഥത്തിൽ അവസാനിക്കുന്നത്. റിക്വൽമിയുടെ കളിയെയും ശൈലിയെയും മറഡോണ മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ചു. മറഡോണയുടെ തന്ത്രങ്ങളോടും പെരുമാറ്റച്ചട്ടങ്ങളോടും പൊരുത്തപ്പെടാൻ റിക്വൽമിക്കും കഴിഞ്ഞില്ല. തന്‍റെയും ഡീഗോയുടെയും എത്തിക്സ് വ്യത്യസ്തമാണെന്നു തുറന്നടിക്കാനും റിക്വൽമി മടിച്ചില്ല. 2009 മാർച്ചിൽ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തു. "മറഡോണ പരിശീലകനായിരിക്കുന്നിടത്തോളം എനിക്ക് ഈ ടീമിൽ കളിക്കാൻ കഴിയില്ല" എന്നായിരുന്നു അതിനു പറഞ്ഞ കാരണം.
31 വയസ് മാത്രമുള്ളപ്പോൾ ദേശീയ ടീമിന്‍റെ വാതിലുകൾ റിക്വൽമിക്കു മുന്നിൽ എന്നെന്നേക്കുമായി അടയുകയായിരുന്നു. റിക്വൽമിയുടെ ഐക്കോണിക് നമ്പർ 10 ജെഴ്സി ഊരി വാങ്ങിയ മറഡോണ അതു കൈമാറിയത് ഒരു 22 വയസുകാരന്- അവന്‍റെ പേര് ലയണൽ മെസി എന്നായിരുന്നു! പക്ഷേ, പിൽക്കാലത്ത് തന്നെ ആദരിക്കാൻ ബൊക്കാ ജൂനിയേഴ്സ് ഇലവനും അർജന്‍റീന ഇലവനുമായി നടത്തിയ പ്രദർശന മത്സരത്തിനു റിക്വൽമി എത്തിയത് മറഡോണയുടെ ജെഴ്സയണിഞ്ഞായിരുന്നു.
റിക്വൽമിയുടെ സാന്നിധ്യം കാരണം പലപ്പോഴും ദേശീയ ടീമിൽ അവഗണിക്കപ്പെട്ട യുവാൻ സെബാസ്റ്റ്യൻ വെറോണിനെയാണ് 2010 ലോകകപ്പിൽ മധ്യനിരയിൽ കളി മെനയാൻ മറഡോണ നിയോഗിച്ചത്. മെസിയും ടെവസും ഹിഗ്വെയ്നും ഉൾപ്പെട്ട സ്വപ്നതുല്യമായ ആക്രമണനിര ഉണ്ടായിരുന്നിട്ടും ക്വാർട്ടർ ഫൈനൽ വരെ മാത്രമായിരുന്നു അർജന്‍റീനയുടെ മുന്നേറ്റം. ആരാധകരുടെ ദീർഘനിശ്വാസങ്ങളിൽ റിക്വൽമി എന്ന പേര് തപിച്ചുനിന്നു. അർജന്‍റീനയ്ക്കു വേണ്ടി കളിച്ച 51 മത്സരങ്ങളെക്കാൾ, കളിക്കാതിരുന്ന ഒരു ലോകകപ്പിന്‍റെ പേരിൽ അയാൾ ഓർമിക്കപ്പെടുന്നു. ഒപ്പം, ആധുനിക ഫുട്ബോളിലെ അവസാനത്തെ എൻഗാഞ്ചെയെ (ക്ലാസിക്കൽ നമ്പർ 10) ഓർക്കാൻ അയാളുടെ പിൻമുറക്കാർ അനശ്വരമായ ആ ഗോൾ ആഘോഷവുംആവർത്തിച്ചുകൊണ്ടേയിരിക്കും....