
മുംബൈ: 2022-23 സീസണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനല്‍ മത്സരത്തിന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയം വേദിയാകും. ഗോവയെ വേദിയായി തെരഞ്ഞെടുത്തു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം സംഘാടകരായ എഫ്എസ്ഡിഎല്‍ ഇന്നലെയാണ് നടത്തിയത്. പരിശീലന മൈതാനങ്ങളുടെ ലഭ്യതയും, മറ്റ് അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്താണ് ഗോവയെ ഫൈനല്‍ വേദിയായി തെരഞ്ഞെടുത്തതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഗോവയ്ക്ക് ഒപ്പം കൊച്ചി, മുംബൈ എന്നിവിടങ്ങളേയും ഐ എസ് എല്ലിന്റെ ഫൈനല്‍ വേദിയായി പരിഗണിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വേദിയാകാനുള്ള നറുക്ക് അവസാനം ഗോവക്ക് വീഴുകയായിരുന്നു.
മാര്‍ച്ച് അഞ്ച് മുതല്‍ ഫൈനല്‍ മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും. ബുക്ക് മൈ ഷോയിലൂടെ ഫുട്ബോള്‍ പ്രേമികള്‍ക്ക് ഫൈനലിനായുള്ള ടിക്കറ്റുകള്‍ വാങ്ങാം. അതേ സമയം ഗോവ ആതിഥേയത്വം വഹിക്കാന്‍ പോകുന്ന അഞ്ചാമത്തെ ഐ എസ് എല്‍ ഫൈനലാണ് ഈ വര്‍ഷത്തേത്. നേരത്തെ 2015, 2019-20, 2020-21, 2021-22 സീസണുകളിലും കലാശപ്പോരാട്ടത്തിന് വേദിയായത് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയമായിരുന്നു. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സും, ഹൈദരാബാദ് എഫ് സിയും തമ്മിലായിരുന്നു ഐ എസ് എല്ലില്‍ കലാശപ്പോരാട്ടം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്സ് അന്ന് പരാജയപ്പെടുകയായിരുന്നു.
ഇക്കുറി ഒരിക്കല്‍ക്കൂടി ഗോവ ഫൈനലിന് അതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുമ്പോള്‍ ഫൈനലില്‍ എത്താനുള്ള അവസരം ബ്ലാസ്റ്റേഴ്സിന് മുന്നിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ അഞ്ച് ടീമുകളാണ് ഇതു വരെ പ്ലേ ഓഫിനായി യോഗ്യത നേടിയിട്ടുള്ളത്. മുംബൈ സിറ്റി എഫ് സി, ഹൈദരാബാദ് എഫ് സി, എടികെ മോഹന്‍ ബഗാന്,ബെംഗളൂരു എഫ് സി എന്നിവരാണ് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞ മറ്റ് ടീമുകള്‍. ശേഷിക്കുന്ന ഒരു പ്ലേ ഓഫ് സ്ഥാനത്തിനായി ചെന്നൈയിന് എഫ് സിയും, എഫ് സി ഗോവയും തമ്മിലാണ് പോരാട്ടം.