
മഡ്ഗാവ്: ബംഗളൂരു എഫ്സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് പരാജയപ്പെടുത്തിയാണ് എടികെ-ബഗാന് കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയതത്തും അധിക സമയത്തും ഇരുടീമും 2-2 സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഫൈനലില്‍ പിറന്ന നാലില്‍ മൂന്ന് ഗോളുകളും പെനാല്‍റ്റിയില്‍ നിന്നായിരുന്നു. എടികെയ്ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ സുനില്‍ ഛേത്രിയും റോയ് കൃഷ്ണയുമാണ് ബിഎഫ്സിയുടെ സ്കോറര്‍മാര്‍. എടികെയുടെ നാലാം ഐഎസ്എല്‍ കിരീടമാണിത്.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മോഹന്‍ ബഗാന് വേണ്ടി പെട്രറ്റോസ്, ലിസ്റ്റണ്‍ കൊളാസോ, കിയാന്, മന്‍വീര്‍ സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരുവിനായി അലന് കോസ്റ്റ, സുനില്‍ ഛേത്രി, റോയ് കൃഷ്ണ എന്നിവര്‍ വലകുലുക്കി. റമീറെസും പാബ്ലോ പെരെസും കിക്ക് പാഴാക്കിയതോടെ ഒരു കിക്ക് ബാക്കിനില്‍ക്കേ മോഹന്‍ ബഗാന് ചാമ്പ്യന്മാരായി. മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.
14ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ദിമിത്രി പെട്രറ്റോസ് എടികെയെ മുന്നിലെത്തിച്ചു. പെനാല്‍റ്റി ബോക്സില്‍ വച്ച് പന്ത് കൈകൊണ്ട് റോയ് കൃഷ്ണ തടുത്തതിനായിരുന്നു എടികെയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത ദിമിത്രിക്ക് ഒരിഞ്ചുപോലും കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ദിമിത്രിയുടെ മിന്നല്‍ കിക്ക് ഗുര്‍പ്രീതിന് തടുക്കാനാവാതെ വന്നു. മത്സരം ഇടവേളയ്ക്ക് പിരിയുന്നതിന് നിമിഷങ്ങള്‍ മാത്രം മുമ്പ് ഇഞ്ചുറിസമയത്താണ്(45+) ബെംഗളൂരു എഫ്സിയുടെ സമനില ഗോള്‍ വന്നത്. പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തിനിടെ ശുഭാശിഷ്, കൃഷ്ണയെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടുകയായിരുന്നു. ബിഎഫ്സിക്കായി കിക്കെടുത്ത വിശ്വസ്ത താരം സുനില്‍ ഛേത്രി അനായാസം പന്ത് വലയിലെത്തിച്ചതോടെ മത്സരം 1-1ന് ഇടവേളയ്ക്ക് പിരിഞ്ഞു.
78ാം മിനുറ്റില്‍ ഹെഡറിലൂടെ റോയ് കൃഷ്ണ ബെംഗളൂരുവിനെ മുന്നിലെത്തിച്ചു. റോഷന് സിംഗ് എടുത്ത കോര്‍ണര്‍ കിക്കില്‍ ഫാര്‍ പോസ്റ്റില്‍ ഉയര്‍ന്നുചാടിയായിരുന്നു റോയ്യുടെ ഹെഡര്‍. ഇതിന് മറുപടിയായി പെട്രറ്റോസ് 85-ാം മിനുറ്റില്‍ മത്സരത്തിലെ മൂന്നാം പെനാല്‍റ്റി ഗോളാക്കിയതോടെ 2-2 സമനിലയിലായി ടീമുകള്‍. ഇതിന് ശേഷം ടീമുകളുടെ ഫിനിഷിംഗിലെ നേരിയ പിഴവുകള്‍ മത്സരം അധികസമയത്തേക്ക് നീട്ടി.