
കൊച്ചി: ആരാധകരുടെ ആശാൻ ബംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നോക്കൗട്ടില്‍ ബെംഗളൂരു എഫ്സിയോടു തോറ്റ കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണു പരിശീലകന് ഇവാന് വുക്കുമാനോവിച്ചും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. പരിശീലകനെയും താരങ്ങളെയും സ്വീകരിക്കാന്‍ നൂറു കണക്കിന് ആരാധകരും വിമാനത്താവളത്തിലെത്തിയിരുന്നു. ആശാനെ വിളികളുമായി അവര്‍ വിമാനത്താവളം സജീവമാക്കി.
കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ സ്വീകരിക്കാന്‍ ആരാധകര്‍ വിമാനത്താവളത്തിലെത്തണം എന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വലിയ ആഹ്വാനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മ മഞ്ഞപ്പട നടത്തിയത്. സുനില്‍ ഛേത്രിക്കെതിരേ കടുത്ത ആരോപണവും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഉയര്‍ത്തി. കളിക്കളത്തിലെ മാന്യത നിലനിര്‍ത്താന്‍ ഛേത്രി ശ്രമിച്ചില്ലെന്നാണ് ആരാധകരുടെ വാദം. മഞ്ഞ റോസാപൂക്കള്‍ നല്‍കിയാണ് ആരാധകര്‍ ഇവാന് വുക്കൊമാനോവിച്ചിനെ സ്വീകരിച്ചത്.
ബെംഗളൂരു എഫ്സിയുടെ വിവാദ ഗോളിനെക്കുറിച്ച് ഇവാന് മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റേതെന്നും വീണ്ടും കാണാമെന്നും വുക്കൊമാനോവിച്ച് പറഞ്ഞു.ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ തന്റെ താരങ്ങളുമായി കളംവിട്ട ബ്ലാസ്റ്റേഴ്സ് പരിശീലകന് ഇവാന് വുകോമനോവിച്ചിന് പിന്നില്‍ അണിനിരന്ന് മഞ്ഞപ്പട ആരാധക കൂട്ടം. ഇന്നും എപ്പോഴും കേരളം ഒറ്റക്കെട്ടായി നിങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവാന് മഞ്ഞപ്പയുടെ സന്ദേശം. ആശാനെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും ഇവാനെതിരെ അച്ചടക്ക നടപടി എടുത്താല്‍ പ്രതികരിക്കുമെന്നും ആരാധകര്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കമന്റുകളില്‍ മുന്നറിയിപ്പ് നല്കുന്നു. അഭിമാനത്തോടെ പുറത്തായ ഫീല്‍, കപ്പ് അടിച്ചാല്‍ പോലും ഇത്ര ഫീല്‍ കിട്ടില്ല എന്ന് ആരാധകര്‍ പ്രതികരിച്ചു. മത്സരം പൂര്‍ത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങിയതോടെ ബെംഗളൂരുവിനെ 1-0ന് വിജയികളായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിഎഫ്സി ഐഎസ്എല്‍ 9-ാം സീസണിന്റെ സെമിഫൈനലിലെത്തി. കേരള ബ്ലാസ്റ്റേഴ്സ് പുറത്തും.
നോക്കൗട്ട് മത്സരത്തില്‍ 90 മിനിറ്റ് ഇരുടീമിനും ഗോളടിക്കാന്‍ കഴിയാതെ വന്നതോടെ എക്സ്ട്രാ ടൈമിലാണ് റഫറിയുടെ തീരുമാനവും അതില്‍ പ്രതിഷേധിച്ചുള്ള ബ്ലാസ്റ്റേഴ്സിന്റെ ഇറങ്ങിപ്പോക്കും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ബെംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലുണ്ടായത്. ഇരുടീമും ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിന്റെ എക്സ്ട്രാ ടൈമിന്റെ 6ാം മിനിറ്റിലായിരുന്നു ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഗോള്‍. തങ്ങള്‍ ഒരുങ്ങുന്നതിനു മുന്‍പേയാണ് ഛേത്രി ഫ്രീകിക്കെടുത്തതെന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ക്രിസ്റ്റല്‍ ജോണ്‍ ഗോള്‍ അനുവദിക്കുകയാണു ചെയ്തത്.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങള്‍ക്കാണ് ഫുട്ബോള്‍ പ്രേമികള്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. റഫറിയുടെ നിലപാടില്‍ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഗ്രൗണ്ട് വിട്ടു. പരിശീലകന് ഇവാന് വുകൊമാനോവിച്ച് താരങ്ങളോടു മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ടീം തിരികെ വരാന്‍ തയാറാകാതിരുന്നതോടെ പിന്നീട് ബെംഗളൂരുവിനെ ജേതാക്കളായി പ്രഖ്യാപിച്ചു.
ഇതോടെ ബെംഗളൂരു സെമിയില്‍ കടന്നു. കരുത്തരായ മുംബൈ സിറ്റിയാണ് സെമി ഫൈനലില്‍ ബെംഗളൂരു എഫ്സിയുടെ എതിരാളികള്‍. അതേസമയം, മത്സരത്തെക്കുറിച്ച് ഐഎസ്എല്‍ കമ്മീഷണര്‍ ഇന്നലെ റിപ്പോര്‍ട്ട് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാകും ബ്ലാസ്റ്റേഴ്സിനെതിരായ നടപടി. മത്സരം കളിക്കാന്‍ വിസമ്മതിക്കുകയോ, പൂര്‍ത്തിയാക്കാതെ ഗ്രൗണ്ട് വിടുകയോ ചെയ്താല്‍ ആ ടീമിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള അധികാരം ലീഗിനുണ്ട്. പോയിന്റ് വെട്ടിക്കുറക്കലും, സസ്പെന്‍ഷനും പോലുള്ള നടപടികളാവും ഇങ്ങനെ വരുന്ന സാഹചര്യത്തില്‍ ക്ലബ്ബിന് നേരിടേണ്ടി വരുക.സാഹചര്യത്തിന്റെ ഗൗരവം കൂടി പരിശോധിച്ചതിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ നടപടിയെടുക്കുക.
അതേസമയം, റഫറിയുടെ പക്ഷപാതപരമായ നടപടിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ ഫിഫയ്ക്കും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും പരാതി നല്‍കിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ ആവേശവും പിന്തുണയും അതിഗംഭീരമാണെന്ന് മുഖ്യ പരിശീലകന് ഇവാന് വുകമാനോവിച്ച്. ഇന്ത്യയില്‍ എവിടെയും കാണാത്ത തരത്തിലുള്ള ആരാധകരാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. അവരാണ് ഈ ടീമിന്റെ ശക്തി. മൈതാനത്തിറങ്ങുമ്പോള്‍ സ്പെഷ്യലാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നത് ആരാധകരുടെ ശക്തികൊണ്ടാണ്. അവരുടെ പ്രാധാന്യമറിയാന്‍ ബ്ലാസ്റ്റേഴ്സിന്റെ ഹോം മാച്ചുകളിലെ ഫലം മാത്രം നോക്കിയാല്‍ മതി. നിങ്ങള്‍ ഈ പിന്തുണ തുടരുക. നമുക്കൊന്നിച്ച് കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാനാകും. ഈ ടീമിനെയും എന്നെയും പിന്തുണയ്ക്കുന്ന എല്ലാവര്ക്കും ഹൃദയപൂര്‍വം നന്ദി.- വുകമാനോവിച്ച് പറഞ്ഞു.
ഫ്രീ കിക്ക് ന്യായീകരിച്ച് ഛേത്രി
വിവാദ ഗോളില്‍ പ്രതികരിച്ച് സുനില്‍ ഛേത്രി. ഐഎസ്എല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഛേത്രിയുടെ പ്രതികരണമുള്ളത്. 'ഞങ്ങള്‍ക്ക് ഫ്രീ കിക്ക് ലഭിച്ചു. ഓപ്പണിങ് കണ്ടു. അതിലൂടെ ഗോളടിച്ചു. കിക്ക് എടുക്കാന്‍ വിസിലോ പ്രതിരോധ കോട്ടയോ ആവശ്യമില്ലെന്ന് ഞാന്‍ റഫറി ക്രിസ്റ്റല്‍ ജോണിനോട് പറഞ്ഞു. 'ഉറപ്പാണോ' എന്ന് റഫറി വീണ്ടും എന്നോട് ചോദിച്ചു. 'അതെ' എന്ന് ഞാന്‍ മറുപടി നല്കി. അദ്ദേഹം വീണ്ടും ഒരു തവണ കൂടി ഇക്കാര്യം ചോദിച്ച് ഉറപ്പുവരുത്തി. ഇത് ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണ കേട്ടതാണ്. അതുകൊണ്ടാണ് അദ്ദേഹം ആ കിക്ക് ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചത്.
ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ട വിവാദത്തില്‍ പ്രതികരിക്കാനില്ല. അത് അവരുടെ കാര്യമാണ്.' ഛേത്രി പറയുന്നു. അതേസമയം സുനില്‍ ഛേത്രിക്കെതിരേ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഫുട്ബോളിന്റെ മാന്യതയ്ക്ക് നിരക്കാത്ത കാര്യമാണ് ഛേത്രി ചെയ്തതെന്നും ഒരു ഇതിഹാസ താരത്തില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും ബ്ലാസ്റ്റേഴ്സ് ആരാധകര്‍ പറയുന്നു. ആ സമയത്ത് വീണ്ടും ഫ്രീ കിക്ക് എടുത്ത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കാണിക്കുകയാണ് ഛേത്രി ചെയ്യേണ്ടിയിരുന്നതെന്നും ആരാധകര്‍ പ്രതികരിക്കുന്നു.