ഹിറ്റ്ലറുടെ ഒളിംപിക്സ്, ട്രംപിന്‍റെ ലോകകപ്പ്

അഡോൾഫ് ഹിറ്റ്ലർ ബർലിൻ ഒളിംപിക്സിൽ ചെയ്തതുപോലെ ഡോണൾഡ് ട്രംപ് ഫുട്ബോൾ ലോകകപ്പിനെ രാഷ്ട്രീയ പ്രചാരണത്തിനും ഫിഫയെ സമ്മർദത്തിലാക്കാനും ഉപയോഗിക്കുന്നു
Hitler Olympics, Trump World Cup: FIFA’s political game

അഡോൾഫ് ഹിറ്റ്ലർ | ഡോണൾഡ് ട്രംപ്

Updated on

കാലം 1936- അഡോൾഫ് ഹിറ്റ്ലറുടെ ജർമനി ഒളിംപിക്സിന് ആതിഥ്യം വഹിച്ച വർഷം. ആര്യൻമാരുടെ വംശമഹിമാ സിദ്ധാന്തത്തിന് നാല് സ്വർണ മെഡലുകളുമായി ജെസി ഓവൻസ് എന്ന കറുത്ത വർഗക്കാരൻ ഐതിഹാസിക മറുപടി നൽകിയ ബർലിൻ ഒളിംപിക്സ്.

90 വർഷത്തിനിപ്പുറം, 2026ൽ ജർമൻ നാസിസത്തിന്‍റെ സ്ഥാനത്ത് അമെരിക്കൻ സാമ്രാജ്യത്വം; അഡോൾഫ് ഹിറ്റ്ലറുടെ സ്ഥാനത്ത് ഡോണൾഡ് ട്രംപ്, കോമാളിത്തരത്തിന്‍റെ മുഖംമൂടിക്കു പിന്നിൽ ക്രൂരതകൾ ഒളിപ്പിക്കാൻ ശ്രമിച്ച രണ്ടു ഭരണാധികാരികൾ. ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര കായിക സംഘടന എന്നവകാശപ്പെടുന്ന ഫിഫയെപ്പോലും ചൊൽപ്പടിക്കു നിർത്തിയ ട്രംപിനെ ഇവിടെ ബെൽജിയത്തിന്‍റെ ചുണക്കുട്ടികൾ മുട്ടുകുത്തിച്ചു.

അമെരിക്കൻ സ്ട്രൈക്കർ ഫോലാറിൻ ബലോഗുന് കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തിൽ ലഭിച്ച ചുവപ്പ് കാർഡിനെത്തുടർന്ന് ബെൽജിയത്തിനെതിരായ മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫിഫ തലവൻ ജിയാനി ഇൻഫാന്‍റിനോയെ ഫോണിൽ വിളിച്ചതാണ് വിവാദങ്ങൾക്ക് തിരിതെളിച്ചത്. തുടർന്ന് ഫിഫ ബലോഗുന്‍റെ സസ്പെൻഷൻ ഒരു വർഷത്തേക്ക് മരവിപ്പിച്ച്, പകരം പിഴ ചുമത്തി കളിക്കാൻ അനുമതി നൽകി.

ബെൽജിയൻ ഫുട്ബോൾ അസോസിയേഷൻ ബലോഗുന് കളിക്കാനുള്ള യോഗ്യതയെ ഔദ്യോഗികമായി തന്നെ ചോദ്യം ചെയ്തിരുന്നെങ്കിലും, കിക്കോഫിന് എട്ട് മണിക്കൂർ മുൻപ് ഫിഫയുടെ അപ്പീൽ കമ്മിറ്റി ഈ പരാതി തള്ളിക്കളഞ്ഞു.

1962-നു ശേഷം ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു അച്ചടക്ക നടപടി ഇത്തരത്തിൽ റദ്ദാക്കപ്പെടുന്നത്. എങ്കിലും, എല്ലാത്തിനും ചെറിയൊരു തിരിച്ചടിയെങ്കിലും കൊടുക്കാനായി ബെൽജിയത്തിന്- ട്രംപിന്‍റെ നോമിനി ബലോഗുൻ കൂടി ഉൾപ്പെട്ട യുഎസ് ടീമിന്‍റെ വലയിലേക്ക് നാല് ഗോളുകളുടെ നാണക്കേടുകൾ അടിച്ചുകയറ്റിക്കൊണ്ട്.

അതിനു മുൻപ് ഇറാൻ താരങ്ങൾ മത്സരമില്ലാത്ത ദിവസങ്ങളിൽ യുഎസിൽ തങ്ങരുതെന്ന് ഉത്തരവിറക്കിയിട്ടും, അവരുടെ ക്യാപ്റ്റനെ പലവട്ടം എയർപോർട്ടിൽ തടഞ്ഞുവച്ചിട്ടും ഫിഫ ട്രംപിനെ എതിർത്തില്ല. സ്പോർട്സിൽ രാഷ്ട്രീയം കലർത്താതിരിക്കാനുള്ള സാമാന്യ മര്യാദയാണവിടെ നഗ്നമായി ലംഘിക്കപ്പെട്ടത്.

ഹിറ്റ്‌ലർ എങ്ങനെ ഒളിമ്പിക്സിനെ തന്‍റെ പ്രചാരണായുധമാക്കിയോ, അതുപോലെ തന്നെ ട്രംപ് ഫിഫയെ സ്വന്തം താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതിന്‍റെ നേർക്കാഴ്ചയായിക്കഴിഞ്ഞിരിക്കുന്നു ഈ ലോകകപ്പ്. ട്രംപിനോട് വിധേയത്വം കാണിക്കുന്ന ഫിഫ നിലപാട് ഫുട്ബോളിന്‍റെ അന്തസിനെ തന്നെ ബാധിക്കുന്നുവെന്ന് യുവേഫ ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. പോർച്ചുഗലിന്‍റെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ഇക്വഡോറിന്‍റെ മോയ്സസ് കൈസെഡോയ്ക്കും ഇളവുകൾ നൽകിക്കൊണ്ട് ഫിഫ തുടങ്ങിവച്ച പ്രവണത എവിടെ വരെ ചെന്നെത്തുമെന്നറിയാൻ ഫൈനൽ വരെ കാക്കണം!

logo
Metro Vaartha
www.metrovaartha.com