ചരിത്ര ജയം: ജപ്പാൻ നോക്കൗട്ട് റൗണ്ടിനരികിൽ

ലോകകപ്പ് ചരിത്രത്തിലെ 1000-ാം മത്സരം: ടുണീഷ്യയെ തകർത്തുതരിപ്പണമാക്കി ജപ്പാൻ
Japan vs Tunisia FIFA world cup 2026

ടുണീഷ്യക്കെതിരേ ഇരട്ട ഗോൾ നേടിയ ജപ്പാൻ താരം അയാസെ ഉവേദ.

Updated on

മൊന്‍റെറെ (മെക്സിക്കോ): ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആ‍യിരം തികച്ച മത്സരത്തിൽ ജയം സ്വന്തം പേരിൽ കുറിച്ച് ഏഷ്യൻ കരുത്തരായ ജപ്പാൻ. മൊന്‍റെറെ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എഫ് പോരാട്ടത്തിൽ, ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് (4-0) തകർത്താണ് ജപ്പാൻ പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 32) പ്രതീക്ഷകൾ സജീവമാക്കിയത്. തകർപ്പൻ ഫോമിൽ കളം നിറഞ്ഞ സ്ട്രൈക്കർ അയാസെ ഉവേദയുടെ ഇരട്ട ഗോൾ മികവിലാണ് ജപ്പാന്‍റെ ചരിത്ര വിജയം.

ഈ തോൽവിയോടെ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടുണീഷ്യ ടൂർണമെന്‍റിൽ നിന്ന് പുറത്തായി. ഗ്രൂപ്പിൽ 4 പോയിന്‍റോടെ നെതർലൻഡ്സിന് ഒപ്പമാണ് നിലവിൽ ജപ്പാൻ. ലോകകപ്പ് ചരിത്രത്തിൽ ജപ്പാൻ നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ടുണീഷ്യൻ പ്രതിരോധത്തെ ഞെട്ടിച്ചുകൊണ്ട് ജപ്പാൻ ലീഡെടുത്തു. വിങ്ങർ കെയ്തോ നകാമുറ ബോക്സിനുള്ളിലേക്ക് വെട്ടിത്തിരിഞ്ഞ് നൽകിയ പാസ്, നീലക്കുപ്പായക്കാർക്കിടയിലൂടെ ഡായ്ച്ചി കമാഡ വലയിലേക്ക് തള്ളിവിട്ടു (1-0).

ലോകകപ്പ് ചരിത്രത്തിൽ ഒരു ജപ്പാൻ താരം നേടുന്ന ഏറ്റവും വേഗമേറിയ ഗോൾ കൂടിയാണിത്. 2018-ൽ കൊളംബിയക്കെതിരെ ആറാം മിനിറ്റിൽ ഷിൻജി കഗാവ നേടിയ റെക്കോർഡാണ് കമാഡ തിരുത്തിക്കുറിച്ചത്.

കളിയുടെ 31-ാം മിനിറ്റിൽ ജപ്പാൻ ലീഡ് രണ്ടാക്കി. ബോക്സിന് പുറത്ത് ലഭിച്ച വലിയ സ്പേസ് മുതലെടുത്ത് മുന്നേറിയ അയാസെ ഉവേദ തൊടുത്ത തകർപ്പൻ ലോങ് റേഞ്ചർ ടുണീഷ്യൻ വല തുളച്ചു (2-0).

കഴിഞ്ഞ ആഴ്ച മാത്രം ടുണീഷ്യയുടെ പരിശീലകനായി ചുമതലയേറ്റ ഹെർവ് റെനാർഡിന് (മുമ്പ് സൗദി അറേബ്യയെ നയിച്ച പ്രശസ്ത പരിശീലകൻ) ജപ്പാന്‍റെ വേഗതയ്ക്ക് മുന്നിൽ തന്ത്രങ്ങൾ മെനയാനായില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്വീഡനോടേറ്റ 1-5 പരാജയത്തെത്തുടർന്ന് കോച്ച് സബ്രി ലമൗച്ചിയെ പുറത്താക്കിയാണ് ടുണീഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ഹെർവ് റെനാർഡിനെ പരിശീലകനാക്കിയത്.

ആദ്യ ഗോളിന് വഴിമരുന്നിട്ട ഉവേദ 69-ാം മിനിറ്റഇൽ അസിസ്റ്റുമായി തിളങ്ങി. ഉവേദ നൽകിയ പാസ് സ്വീകരിച്ച് ജൂനിയ ഇതോ ജപ്പാന്‍റെ മൂന്നാം ഗോൾ നേടി. കളി അവസാനിക്കാൻ ഏഴ് മിനിറ്റ് ബാക്കിനിൽക്കെ ഉവേദ തന്‍റെ രണ്ടാം ഗോളും ടീമിന്‍റെ നാലാം ഗോളും തികച്ച് ജപ്പാന്‍റെ ആധികാരിക വിജയം പൂർത്തിയാക്കി. ഉവേദ തന്നെയാണ് 'പ്ലെയർ ഓഫ് ദി മാച്ച്'.

അവസാന ഗ്രൂപ്പ് മത്സരത്തിൽ കരുത്തരായ നെതർലൻഡ്സിനെയാണ് ജപ്പാൻ നേരിടുക. ആ മത്സരത്തിൽ സമനില നേടിയാൽ പോലും ജപ്പാന് അടുത്ത റൗണ്ടിലേക്ക് സുരക്ഷിതമായി മുന്നേറാം.

logo
Metro Vaartha
www.metrovaartha.com