
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 2022 -23 സീസണിലെ അവസാന പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആർത്ത് വിളിക്കുന്ന സ്വന്തം ആരാധകർക്ക് മുന്നിൽ ഇറങ്ങും. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്സിയാണ് എതിരാളികൾ. ഹൈദരാബാദ് എഫ്സി സെമിഫൈനലും, ആദ്യ ആറ് സ്ഥാനങ്ങളിലെത്തി ബ്ലാസ്റ്റേഴ്സ് പ്ലേഓഫും ഉറപ്പാക്കിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ പോരാട്ടം ഏറെ നിര്‍ണായകമാണ്. നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 10 ജയവുമായി 31 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരം വന്‍ മാര്‍ജിനില്‍ ജയിക്കണം. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്സിന് അവസാന രണ്ട് മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം. ഹോം ഗ്രൗണ്ടില്‍ കഴിഞ്ഞ ആറ് മത്സരങ്ങളിലും തോല്‍വി അറിയാത്ത ബ്ലാസ്റ്റേഴ്സ്, ഇന്ന് ഒഴുകിയെത്തുന്ന കാണികള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായ ഏഴാം ജയത്തോടെ ലീഗ് റൗണ്ട് അവസാനിപ്പിക്കാനാകും ശ്രമം. വൈകിട്ട് ഏഴിനാണ് കിക്കോഫ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിരയിലെ ഏറ്റവും അപകടകാരി അഡ്രിയാന്‍ ലൂണയാണ്. കൂടാതെ പുതിയ സൈനിങ്ങായ ദിമിത്രിയോസ് ഡയമാന്റകോസ് ഗോളുകള്‍ നേടുന്നതില്‍ മിടുക്കനായ സെന്റര്‍ സ്ട്രൈക്കര്‍ ആണ്. മാര്‍ക്കൊ ലെസ്കോവിച്ചിന്റെ പോരാട്ട മികവും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് നിര്‍ണായകം. മലയാളിതാരം കെ.പി. രാഹുല്‍ അടക്കം ഉള്ള മറ്റ് കളിക്കാരും മികച്ച കഴിവുള്ളവര്‍ ആണ്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് എതിരേ ഹൈദരബാദില്‍ നടന്ന ആദ്യ പാദ പോരാട്ടത്തില്‍ 18 -ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമാന്റകോസ് നേടിയ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി 1 - 0 ന്റെ ജയം സ്വന്തമാക്കി. ഇന്ന് തന്റെ ഏറ്റവും മികച്ച ടീമിനെ തന്നെ കളത്തിൽ ഇറക്കുമെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു. "" ഏറ്റവും മികച്ച സ്ക്വാഡുമായിട്ട് ഇറങ്ങി ഏറ്റവും മികച്ച മത്സരം തന്നെ തന്റെ കുട്ടികൾ പുറത്തെടുക്കുമെന്നും പ്രത്യാശ വെച്ചു. കൊച്ചിയിൽ കളിക്കുന്നത് എന്നും തങ്ങൾക്ക് ആവേശം ആണെന്നും തന്റെ കുട്ടികൾ എല്ലാവരും ഫിറ്റ് ആണെന്നും ഏറ്റവും മികച്ച മത്സരം കാണാൻ സാധിക്കും''- അദ്ദേഹം പറഞ്ഞു.
ആദ്യ രണ്ട് സ്ഥാനക്കാരായ മുംബൈ എഫ്സിയും ഹൈദരാബാദും സെമിഫൈനലില്‍ പ്രവേശിച്ചു കഴിഞ്ഞു. രണ്ട് പ്ലേഓഫ് മത്സരങ്ങളിലെ വിജയികളാണ് ഇനി സെമിയില്‍ പ്രവേശിക്കുക. ടേബിളിലെ മൂന്നും നാലും സ്ഥാനക്കാര്‍ക്ക് ഹോം ഗ്രൗണ്ടില്‍ പ്ലേഓഫ് കളിക്കാനാവും. മൂന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്സിക്ക് 34 പോയിന്റുണ്ട്. ശനിയാഴ്ച എടികെ മോഹന്‍ ബഗാനും ഇന്ന് ബ്ലാസ്റ്റേഴ്സും ജയിച്ചാല്‍ മൂന്ന് ടീമുകള്‍ക്കും തുല്യ പോയിന്റാവും. അങ്ങനെ വന്നാല്‍ പരസ്പരം കളിച്ചതിന്റെ മുന്‍തൂക്കത്തില്‍ ബഗാന് മൂന്നാം സ്ഥാനക്കാരാവും. പരസ്പരം മത്സരിച്ച കണക്കുകളില്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂവും തുല്യമായതിനാല്‍ ഗോള്‍ വ്യത്യാസം കണക്കാക്കിയാവും നാലാം സ്ഥാനക്കാരെ നിര്‍ണയിക്കുക. എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ ബെംഗളൂരുവിന് ബ്ലാസ്റ്റേഴ്സിനേക്കാള്‍ മൂന്ന് അധിക ഗോള്‍ മുന്‍തൂക്കമുണ്ട്. നാല് ഗോള്‍ വ്യത്യാസത്തില്‍ ഹൈദരാബാദിനെ തോല്പിച്ചാല് ബാസ്റ്റേഴ്സിന് നാലാം സ്ഥാനക്കാരാവാം. അങ്ങനെ വന്നാല്‍ ബ്ലാസ്റ്റേഴ്സും ബെംഗളൂരുവും തമ്മിലായിരിക്കും ആദ്യ പ്ലേഓഫ് പോരാട്ടം. എടികെ ബഗാനും ഒഡീഷ എഫ്സിയും തമ്മിലാവും രണ്ടാം പ്ലേഓഫ്. മാര്‍ച്ച് 3,4 തീയതികളിലാണ് പ്ലേഓഫ്. 7ന് മുംബൈ എഫ്സിയും ആദ്യ പ്ലേഓഫിലെ ജേതാക്കളും ആദ്യ സെമിഫൈനല്‍ കളിക്കും. 9ന് രണ്ടാം സെമിയില്‍ ഹൈദരാബാദ് എഫ്സി രണ്ടാം പ്ലേഓഫിലെ വിജയികളെ നേരിടും. മാര്‍ച്ച് 18ന് ഗോവയിലാണ് കലാശക്കളി.